തിരുവനന്തപുരം: തിരു.കോർപ്പറേഷനിൽ ആര്യ രാജേന്ദ്രന് നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനമായിരുന്നെന്നും കോര്‍പ്പറേഷനിലെ തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവയ്ക്കേണ്ടെന്നും മന്ത്രി വി. ശിവന്‍കുട്ടി.
അവരുടെ പരിമിതിക്കുള്ളില്‍ അവരുടെ ആരോഗ്യസ്ഥിതി പരിഗണിച്ചുകൊണ്ട് അവര്‍ പരമാവധി പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. തോറ്റപ്പോള്‍ എല്ലാ കുറ്റവും മേയറുടെ തലയില്‍ ചാരാം, ജയിച്ചിരുന്നെങ്കില്‍ നല്ല മേയര്‍ എന്നുമുള്ള നിലയില്‍ കാണാനാകില്ല.
ആര്യ പാര്‍ട്ടിക്ക് വിധേയയായിതന്നെയാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. ഗായത്രി ബാബുവിന്റേത് വ്യക്തിപരമായ പ്രസ്താവനയാണ്. അത് പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം, വിവാദ പ്രസ്താവന നടത്തിയ എം.എം.മണിയെയും അദ്ദേഹം തിരുത്തി. എം.എം. മണി അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. എം.എം. മണിയുടെ ശൈലിയില്‍ അദ്ദേഹം പറഞ്ഞതാണ്. എം.എം. മണി തൊഴിലാളി വര്‍ഗ നേതാവും പാര്‍ട്ടിയുടെ സമുന്നതനായ നേതാവും വളരെ താഴെക്കിടയില്‍നിന്ന് സമരപോരാട്ടങ്ങളിലൂടെ കടന്നുവന്ന വ്യക്തിയുമാണ്.
അങ്ങനെയുള്ള നേതാവ്, ചെറിയ പരാജയമുണ്ടായി എന്നതുകൊണ്ട് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനില്‍ക്കുന്ന ഒരുജനവിഭാഗങ്ങളെയും ഒരുരൂപത്തിലും ആക്ഷേപിക്കാന്‍ പാടില്ല. അത് സിപിഎമ്മിന്റെ നയമാണെന്ന് തോന്നുന്നില്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.