മുരിക്കാശേരി: പ്രത്യാശയുടെ പ്രവാചകരാകാൻ വിളിക്കപ്പെട്ടവരാണ് പാലിയേറ്റീവ് ശുശ്രൂഷകരെന്ന് ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ. മുരിക്കാശേരി അൽഫോൻസ പാലിയേറ്റീവ് സെന്ററിൽ നടന്ന ഇടുക്കി രൂപത ഗുഡ്സമരിറ്റൻ പെയിൻ ആൻഡ് പാലിയേറ്റീവ് വോളണ്ടിയേഴ്സ് സംഗമമായ ഗാർഡിയൻ എയ്ഞ്ചൽസ് മീറ്റിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബിഷപ്.
നമ്മുടെ ജീവിതസാക്ഷ്യംവഴി ബലിയായിത്തീരാൻ വിളിക്കപ്പെട്ടവരാണ് ഓരോ ക്രൈസ്തവനും. നാമോരോരുത്തരും മുറിഞ്ഞ് കുർബാനയായി മാറുമ്പോഴാണ് വിശുദ്ധ കുർബാന അർഥപൂർണമാകുന്നത്. രോഗീശുശ്രൂഷ ഈശോയുടെ ആഹ്വാനമനുസരിച്ചുള്ള ഏറ്റവും മഹനീയമായ പ്രവർത്തിയാണെന്നും ബിഷപ് പറഞ്ഞു. രൂപത ഡയറക്ടർ റവ. ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുക്കപ്പെട്ട ഇരുനൂറിലധികം വോളണ്ടിയേഴ്സ് സമ്മേളനത്തിൽ പങ്കെടുത്തു.
വിവിധ ഇടവകകളിൽ കുടുംബാംഗങ്ങൾക്ക് മാതൃകാപരമായ രോഗീശ്രൂഷ ചെയ്യുന്ന പ്രീതി ബാബു വേഴപ്പറമ്പിൽ, ഹിത റെജി പണൂർ, ബെന്നി - ആലീസ് മഞ്ഞക്കാലായിൽ, ജ്യോതി സന്തോഷ് ഇടപ്പറമ്പിൽ, സരിത സന്തോഷ് ചമ്മരപ്പിള്ളിൽ, ലിന്റ ജിയോ കണ്ണംമ്പുഴ, ഡോളി ഡൊമിനിക് ഓലിയപ്പുറം, തോമസ് ജോസ് ഇലവുങ്കൽ എന്നിവരെ ബിഷപ് ആദരിച്ചു.
പാലിയേറ്റീവ് വോളണ്ടിയേഴ്സിനു ഫാ.സെബാസ്റ്റ്യൻ മനക്കലേട്ട് ക്ലാസെടുത്തു. ഗുഡ്സമരിറ്റൻ പാലിയേറ്റീവ് രൂപത സെക്രട്ടറി സിസ്റ്റർ റോസിൻ എഫ്സിസി, അസി. ഡയക്ടർ ഫാ. ജോൺസൺ ചെറുകുന്നേൽ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ ഫാ. ആനന്ദ് പള്ളിവാതുക്കൽ, ഡോ. സിസ്റ്റർ സുഗുണ എഫ് സി സി, ജോസ് പൂതക്കുഴി, റോബർട്ട് കണ്ണൻചിറ, ടോമി വെളിഞ്ഞാലിൽ, സിസ്റ്റർ അൽബീന സി എസ് എൻ, സാബു ചൂരത്തൊട്ടി, മുരിക്കാശേരി പള്ളി വികാരി ഫാ. ജിജി വടക്കേൽ എന്നിവർ പ്രസംഗിച്ചു.