പുതിയ നൂറ്റാണ്ടിന്റെ ആദ്യ കാല്‍നൂറ്റാണ്ട് അവസാനിക്കുന്നവേളയില് സമൂഹത്തിലും മനസുകളിലുമുണ്ടായ ശ്രദ്ധേയമായ 25 മാറ്റങ്ങളെ എണ്ണിനോക്കുകയാണിവിടെ... ആദ്യഭാഗം ഈയാഴ്ച വായിക്കാം...
ഇക്കാലത്ത് 25 വര്‍ഷമല്ല 25 ദിവസം പോലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ഇന്റര്‍നെറ്റ്, വിമാനയാത്ര, ഷിപ്പിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ പൂര്‍വാധികം വികസിച്ചതുകൊണ്ട് പണ്ടെന്നത്തേക്കാളും വേഗത്തില്‍, പലപ്പോഴും തത്സമയംതന്നെ, അവ ലോകമെങ്ങും പടര്ന്നുപിടിക്കയും ചെയ്യും.
അപ്പോള്‍പ്പിന്നെ 25 വര്‍ഷംകൊണ്ടുണ്ടായ മാറ്റങ്ങള്‍ പറയാനുണ്ടോ? പുതിയ നൂറ്റാണ്ടിന്റെ ആദ്യ കാല്‍നൂറ്റാണ്ട് അവസാനിക്കുന്ന വേളയില്‍ അവയില്‍ പ്രധാനപ്പെട്ടവയെന്നു തോന്നിയ 25 മാറ്റങ്ങളെ എണ്ണിനോക്കുകയാണിവിടെ. ഇത്തരം ലിസ്റ്റുകളില്‍ ആര്‍ക്കും പൂര്‍ണതൃപ്തി ഉണ്ടാവുകയില്ലെന്നകാര്യം പറയേണ്ടതില്ല. മിക്കവാറുംപേര്‍ക്ക് ചിലത് ഒഴിവാക്കാന്‍ തോന്നും, വിട്ടുപോയെന്നു തോന്നുന്ന ചിലത് ചേര്‍ക്കാനും തോന്നും.
ബഹുജനം പലവിധം എന്നാണല്ലോ. ഇക്കൂട്ടത്തിലെ പല പുതിയ മാറ്റങ്ങളും ആഗോളതലത്തിലും, ചിലതെങ്കിലും ഇന്ത്യയൊട്ടാകെയും സംഭവിച്ചതാണ്. എന്നാല്‍ കേരളത്തിന്റെ തനതായ ചില മാറ്റങ്ങളും കൂട്ടത്തിലുണ്ട്.
1. മൊബൈല്‍ ഫോണ്‍
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളില്‍ത്തന്നെ മൊബൈല്‍ ഫോണ്‍ കേരളത്തിലെത്തിയെങ്കിലും അത് വ്യാപകമായത് ഈ നൂറ്റാണ്ട് പിറന്നതിനു ശേഷമാണ്. അതുകൊണ്ടുതന്നെ മൊബൈല്‍ ഫോണ്‍ നമ്മുടെ ജീവിതങ്ങളെ വന്‍തോതില്‍ മാറ്റിമറിച്ചതും ഈ 25 വര്ഷത്തിനിടയ്ക്കുതന്നെ. സാധാരണ ടെലിഫോണിനെ ലാന്‍ഡ് ഫോണ്‍ എന്നു വിളിച്ചുകേട്ടതും ഈ കാലത്താണ്. ലാന്‍ഡ് ഫോണ്‍ പക്ഷേ അതിന്റെ സുവര്‍ണകാലത്തും ഒരു ചെറിയ ആഡംബരമായിരുന്നു. അഥവാ എല്ലാ വീടുകളിലും അത് എത്തിപ്പെട്ടില്ല.
എന്നാല്‍ മൊബൈല്‍ ഫോണ്‍ ഇന്ന് ശരീരത്തിന്റെ ഒരു അവയവംപോലെയും മനസിന്റെ ഒരു ഭാഗംപോലെയും ഏതാണ്ടെല്ലാവര്‍ക്കും അനിവാര്യമായിരിക്കുന്നു. ഇന്ത്യയിലെ മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തിലെ മൊബൈല്‍ വ്യാപനം വളരെയേറെ ഉയര്‍ന്ന നിലയിലാണ്. വലിയ ശതമാനം പേർക്ക് ആളാംപ്രതി രണ്ടു ഫോണും നമ്പറുമുണ്ടെന്ന അവസ്ഥ. വ്യക്തിബന്ധങ്ങള്‍ വര്‍ധിച്ചതാണ് മൊബൈല്‍ ഫോണുകളോടെ പെരുപ്പത്തിന്റെ ഒരു ഫലം.
കുറ്റകൃത്യങ്ങളുടേയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടേയും വിദ്ഗധമായ നടത്തിപ്പിനും മൊബൈല്‍ ഫോണുകള്‍ സഹായകരമായി. ഒപ്പം മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിനുള്ള വലിയ ചൂണ്ടുപലകകളും ആയി.
2. ഇന്റര്‍നെറ്റ്
മൊബൈല്‍ ഫോണിനെപ്പോലെ ഇന്റര്‍നെറ്റും കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തിലെത്തിയെങ്കിലും ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പു സംഭവിച്ച ആകര്‍ഷക ഡാറ്റാ പ്ലാനുകളുടെ വരവോടെ സ്മാര്‍ട്ട്ഫോണുകളുടെ എണ്ണം സ്ഫോടനാത്മകായി വളര്‍ന്നു. ഇന്റര്‍നെറ്റും സ്മാര്‍ട്ട്ഫോണും ആപ്പുകള്‍ എന്നു വിളിക്കപ്പെടുന്ന ആപ്ലിക്കേഷനുകളും ചേര്‍ന്ന് നമ്മുടെ ജീവിതമിപ്പോള്‍ വലിയൊരളവില്‍ ഡിജിറ്റല്‍ ജീവിതമായെന്നു പറയാം.
വിവരാന്വേഷണം, വാര്‍ത്തകള്‍, ഇമെയില്‍, ഇന്‍സ്റ്റന്റ് മെസേജിംഗ്, സമൂഹമാധ്യമങ്ങള്‍, ജിപേ തുടങ്ങിയ യുപിഐ സേവനങ്ങള്‍, ബാങ്കിംഗ്, ഇകോമേഴ്സ്, ക്യുകോമേഴ്സ്, വാര്‍ത്തകള്‍, ഒടിടി മുതല്‍ മ്യൂസിക് ആപ്പുകള്‍ വരെയുള്ള വിനോദോപാധികള്‍, ടാക്സി മുതല്‍ സിനിമകള്ക്കുവരെയുള്ള ബുക്കിംഗ് സേവനങ്ങള്‍, ഓഹരി നിക്ഷേപം, എഐ സേവനങ്ങള്‍, ഗൂഗിള്‍ മാപ് നോക്കിയുള്ള യാത്രകള്‍, നെറ്റ് മീറ്റിംഗ്...
എല്ലാം തീര്‍ത്തും സ്വാഭാവികമായ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. സോഷ്യല്‍ മീഡിയയുടെ പ്രചാരം വര്‍ധിച്ചതോടെ ഇന്‍ഫ്ളുവന്‍സര്‍മാര്‍, വ്ളോഗര്‍മാര്‍ എന്നിങ്ങനെ ആര്‍ക്കും പ്രശസ്തമാകാവുന്ന, വന്വരുമാനമുണ്ടാക്കാവുന്ന അവസരങ്ങളും തുറന്നുവന്നിരിക്കുന്നു.
3. ഇതരസംസ്ഥാന തൊഴിലാളികള്‍
ആസാമായിരുന്നു ഇന്ത്യയിലെ പ്ലൈവുഡ് വ്യവസായത്തിന്റെ തലസ്ഥാനം. കാട്ടുമരങ്ങളായിരുന്നു അതിന്റെ ഭക്ഷണം. 1996ല്‍ ടി.വി. ഗോദവര്‍മന്‍ തിരുമുല്‍പ്പാട് കൊടുത്ത കേസില്‍ കാട്ടുമരങ്ങള്‍ വെട്ടി പ്ലൈവുഡ് ഉണ്ടാക്കുന്നത് സുപ്രീം കോടതി രാജ്യമൊട്ടാകെ നിരോധിച്ചു. ആസാമിലെ പ്ലൈവുഡ് വ്യവസായം തകര്‍ന്നു.
അതു പക്ഷേ കേരളത്തിന് ഗുണമായി. കടുംവെട്ടു വെട്ടിക്കിട്ടുന്ന റബര്‍ തടിയുടെ ലഭ്യതയും ആസാമില്‍നിന്ന് വന്‍തോതില്‍ സെക്കന്‍ഡ് ഹാന്‍ഡ് പ്ലൈവുഡ് മെഷീനറി വന്നതുമെല്ലാം ചേര്‍ന്ന് പെരുമ്പാവൂര്‍ ദക്ഷിണേഷ്യയില്‍ത്തന്നെ ഏറ്റവും കുറഞ്ഞവിലയില്‍ നല്ല പ്ലൈവുഡ് ഉല്‍പ്പാദിപ്പിക്കുന്ന കേന്ദ്രമായി മാറി. വന്‍തോതില്‍ എന്തുണ്ടായാലും അത് ഒറ്റയ്ക്കായിരിക്കില്ലല്ലോ.
ആസാമില്‍നിന്നു വന്ന സെക്കന്‍ഡ് ഹാന്‍ഡ് മെഷീനറിക്കൊപ്പം വന്‍തോതില്‍ ഫസ്റ്റ് ഹാന്‍ഡ് മനുഷ്യരും വന്നുതുടങ്ങി. പിന്നീടുള്ളത് ചരിത്രം. അത് കേരളത്തിന്റെ ഉള്നാടുകളിലേക്കുവരെ പടര്‍ന്നു. വിദ്യാഭ്യാസനിലവാരം വര്‍ധിച്ചത്, വിദേശ കുടിയേറ്റം തുടങ്ങിയ കാരണങ്ങളാല്‍ ബുദ്ധി ഉപയോഗിച്ചുള്ള തൊഴിലുകളിലേക്ക് കാലക്രമേണ മലയാളികള്‍ മാറിയതും കണ്‍സ്ട്രക്ഷന്‍ ബൂം മൂലം കായികത്തൊഴിലാളികള്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതുമെല്ലാം ചേര്‍ന്നപ്പോൾ അതിന് വേഗംകൂടി.
ഇന്ന് നഴ്സിംഗ്, ഡ്രൈവിംഗ്, സെക്യൂരിറ്റി തുടങ്ങിയ അപൂര്‍വം ജോലികളൊഴിച്ചാല് കേരളത്തിലെ ബ്ലൂ കോളര്‍ ജോലികളില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം ഏതാണ്ട് സമ്പൂര്ണമായിക്കൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ കണക്കുകളനുസരിച്ച് സംസ്ഥാനത്ത് 35 മുതല്‍ 40 ലക്ഷം വരെ ഇതരസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ജനസംഖ്യയുടെ ഏഴു മുതല്‍ 10 ശതമാനം വരെ. ഇതിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കും? നടന്നു പോയിരുന്ന നമ്മള് നടക്കാന്‍ പോകേണ്ടി വരുന്നു എന്നതാണ് അതിലൊന്ന്.
4. സ്ത്രീ മുന്നേറ്റം
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളില്‍വരെ വനിതാ മുഖ്യമന്ത്രിമാര്വന്നിട്ടും കേരളത്തില്‍ ഒരു വനിതാ മുഖ്യമന്ത്രി വന്നിട്ടില്ലെന്നത് ശരി. എന്നാല്‍ ലിംഗാനുപാതത്തിലെ താരതമ്യ മികവ്, പണ്ടുമുതല്‍തന്നെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് തുല്യപ്രധാന്യം നല്‍കുന്നത്, വാഷിംഗ് മെഷീനുകള്‍ മുതല്‍ ഗിയറില്ലാത്ത വാഹനങ്ങള്‍വരെ പ്രചാരത്തിലായ സാങ്കേതികവിദ്യകളുടെ മുന്നേറ്റം,
കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണം തുടങ്ങി നിരവധി കാരണങ്ങളാല്‍ കേരളത്തിലെ സ്ത്രീമുന്നേറ്റം എല്ലാ മേഖലകളിലും പ്രകടമാണ്. ആഗോളതലത്തിലെ മീടൂ പ്രസ്ഥാനത്തിന്റെ കേരളീയ പ്രതിഫലനങ്ങളും ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും നടിയെ ആക്രമിച്ച കേസിലെ നടപടികളും ഉദ്ദേശിച്ച ഫലങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെങ്കിലും കാലക്രമേണ ഉണ്ടായിവരുന്ന മനോഭാവ മാറ്റങ്ങള്‍ക്ക് അവയും വലിയ പ്രേരകശക്തികളാകുന്നു.
5. ജനസംഖ്യാ വളര്‍ച്ചാ നിരക്കില്‍ ഇടിവ്
രാജ്യത്തെ 2021 വര്‍ഷത്തെ ജനന, മരണ കണക്കുകള്‍ ഈയിടെ പുറത്തു വന്നപ്പോള്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയിലെ 49 ജില്ലകളില്‍ ജനനങ്ങള്‍ നടന്നതിനേക്കാള്‍ കൂടുതൽ മരണങ്ങള് നടന്നുവെന്നു വെളിവായി. അതിലേറെയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായിരുന്നു (ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നേരേമറിച്ചാണ് സ്ഥിതി എന്ന വസ്തുതയും പറയണം).
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശതമാനക്കണക്കെടുത്താല്‍ അത് സംഭവിച്ചതാകട്ടെ കൂടുതല്‍ കേരളത്തിലും. വിശേഷിച്ചും കേരളത്തിന്റെ തെക്കന്‍ ജില്ലകള്‍ മുഴുവന്‍. നേതാക്കളില്ലാതാകുന്ന തെക്കന്‍ കേരളം എന്നൊരു ലേഖനം ഈ ലേഖകന്‍ എഴുതിയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ മൂന്ന് മുന്നണി സ്ഥാനാര്‍ഥികളും വടക്കന്‍ കേരളത്തില്‍ നിന്നുള്ളവരായിരുന്നു എന്നാണ് അതിന്റെ ഒരു തെളിവായി ഹാജരാക്കിയത്.
ഇപ്പോഴിതാ അതിനുപിന്നിലെ മറ്റൊരു പ്രധാന കാരണം പുറത്തുവന്നിരിക്കുന്നു. തെക്കന്‍ കേരളത്തില്‍ നേതാക്കള്‍ മാത്രമല്ല ആളും കുറയുന്നു. ആളുണ്ടെങ്കിലേ നേതാവുള്ളു! 2021ലെ കണക്കുകള്‍ വന്നതോടെ തെക്കന്‍ കേരളം മൊത്തം ഈ ട്രെന്‍ഡിന് അടിപ്പെട്ടു. തെക്കന്‍ കേരളത്തിലെ ആറു ജില്ലകളിലാണ് ഈ പ്രവണത കാണായിരിക്കുന്നത്.
6. വിദ്യാഭ്യാസ കുടിയേറ്റം
2024-25 വര്‍ഷം ഇന്ത്യയില്‍നിന്ന് 13 ലക്ഷത്തിലേറെ കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കു പോയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നമ്മുടെ സംസ്ഥാനത്തിന്റെ ദീര്‍ഘകാല കുടിയേറ്റ പാരമ്പര്യവും മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങളും മൂലം ഈ രംഗത്തും ഇന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളേയും അപേക്ഷിച്ച് കേരളം ബഹുദൂരം മുന്നിലാണ്.
ഉദാഹരണത്തിന് 2023ല്‍ത്തന്നെ 2.5 ലക്ഷത്തോളം കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിനായി കേരളം വിട്ടെന്നാണ് കണക്ക്. വിദേശരാജ്യങ്ങളിലെ അവസരങ്ങള്‍ എന്നതുപോലെത്തന്നെ കേരളത്തില്‍ നിലവിലുള്ള സദാചാര പോലീസിംഗ് ഉള്‍പ്പെടെയുള്ള കാരണങ്ങളും ഈ കുടിയേറ്റങ്ങള്‍ക്ക് പ്രേരണയാണ്. കേരളത്തിനകത്തായാലും പരമ്പരാഗത കോഴ്സുകളില്നിന്നുമാറി നൂതനവിദ്യകള്‍ അഭ്യസിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു.
7. ഇടത്തരക്കാരുടെ വളര്‍ച്ച
1990കളിൽ നരസിംഹറാവുവും മന്‍മോഹന്‍സിംഗും തുടക്കമിട്ട സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്റെ ഫലമായി സമ്പദ്വ്യവസ്ഥയില് പൊതുവിലും സ്വകാര്യ ബിസിനസ് സംരഭങ്ങളുടെ വളര്‍ച്ചയില്‍ വിശേഷിച്ചുമുണ്ടായ ഉണര്‍വും മൂന്നാംഘട്ട ഗള്‍ഫ്, കുടിയേറ്റവുംമൂലം കേരത്തിലെ ഇടത്തരം കുടുംബങ്ങള്‍ സാമ്പത്തികമായി കുതിച്ചുവളര്ന്ന കാലം കൂടിയാണ് ഇക്കഴിയുന്ന കാല്‍നൂറ്റാണ്ട്. മിക്കവാറും എല്ലാ ഇടത്തരക്കാരുടെ വീടുകളിലും കാറുകളും വിലകൂടിയ ഉപകരണങ്ങളും സാധാരണമായി. വീടുകള്‍ വലുതാവുകയും പെരുകുകയും ചെയ്തു. സൗകര്യങ്ങള്‍ കൂടി.
8. ഏക"പക്ഷീ'യം, ചിക്കൻ
ഇറച്ചിക്കോഴി കേരളത്തിലും (ലോകമെങ്ങും) വ്യാപകമായതും ഇക്കഴിഞ്ഞ 25 വര്‍ഷത്തിനിടെയാണ്. വീട്ടിലായാലും ഈറ്റിംഗ് ഔട്ടായാലും വലിയ വിരുന്നുകളിലായാലും ചിക്കന്റെ ആധിപത്യം ഇന്ന് ഏക"പക്ഷീ’യമാണ്. വീട്ടില്‍ വളര്‍ത്തിയിരുന്ന നാടന്‍കോഴികളെ വല്ലപ്പോഴും ഏത്തക്കായയോ ഉരുളക്കിഴങ്ങോചേര്ത്ത് നീട്ടി കറിവച്ചിരുന്ന കാലം എന്നെന്നേക്കുമായി ഇല്ലാതായി.
കേരളം മാത്രം ഒരു ദിവസം 10 ലക്ഷത്തോളം കോഴികളെ ശാപ്പിടുന്നുവെന്നു കണക്ക്. ഒരുകാലത്ത് ആഡംബരമായിരുന്ന ചിക്കന്‍ മുതല്‍ പാലട വരെയുള്ള വിഭവങ്ങള്‍ അമിതലഭ്യതമൂലം മടുത്തു തുടങ്ങിയതും (ഹാ!) കടയപ്പം തീറ്റി (ഈറ്റിംഗ് ഔട്ട്) വര്‍ധിച്ചതുമാണ് ഭക്ഷ്യരംഗത്തെ മറ്റു പ്രവണതകള്‍.
9. ഷോപ്പിംഗ് മാളുകള്‍, മള്‍ട്ടിപ്ലെക്സുകള്‍
കേരളത്തിലെ രണ്ടാംതട്ട് പട്ടണങ്ങളില്‍പ്പോലും ഈ 25 വര്‍ഷത്തിനിടെ ചെറുതും വലുതുമായ ഷോപ്പിംഗ് മാളുകള്‍ ഇടംപിടിച്ചു. പഴയ വലിയ സിനിമാതിയറ്ററുകളുടെ സ്ഥാനത്ത് സീറ്റെണ്ണം കുറവുള്ളതും കൂടുതല്‍ സ്ക്രീനുകളുള്ളതുമായ മള്‍ട്ടിപ്ലെക്സുകളും വന്നു. ഷോപ്പിംഗ് എന്നാല്‍ സാധനങ്ങള്‍ വാങ്ങിക്കുക മാത്രമല്ല വിനോദങ്ങളും ഈറ്റിംഗ് ഔട്ടും ചേര്‍ന്ന അനുഭവമാണെന്നും വന്നു.
10. കൊച്ചി മെട്രോ
കേരളത്തിലാദ്യമായി മെട്രോ വന്നതും ഈ 25 വര്‍ഷത്തിനിടയിലെ പ്രധാന സംഭവമാണ്. സ്ഥലദൗര്‍ലഭ്യവും ഉയര്‍ന്ന സ്ഥലവിലയും ജനസാന്ദ്രതയും വികസനം പൊതുവില്‍ വരുന്ന വേഗതക്കുറവും പരിഗണിക്കുമ്പോള്‍ അവിശ്വസനീയമായ ഒരു മുന്നേറ്റം.
11. 18ലെ പ്രളയം
1924ലെ വെള്ളപ്പൊക്കത്തെ 99ലെ വെള്ളപ്പൊക്കമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു തലമുറ ഏതാണ്ട് തീര്‍ത്തും ഇല്ലാതായിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ അതിനു ശേഷമുള്ള തലമുറകള്‍ക്ക് ഓര്‍ക്കാന്‍ മറ്റൊരു വലിയ വെള്ളപ്പൊക്കമുണ്ടായതും ഈ കാല്‍നൂറ്റാണ്ടിനിടയിലാണ്. അണക്കെട്ടുകള്‍ വന്നാല്‍ വെള്ളപ്പൊക്കമുണ്ടാവില്ലെന്ന വിശ്വാസത്തെ തകര്‍ത്ത വലിയ പേമാരി കൊണ്ടുവന്ന മിന്നല്‍പ്രളയവും വര്‍ധിച്ചുവരുന്ന തീരദേശ വേലിയേറ്റങ്ങളും അങ്ങനെ കാലാവസ്ഥാമാറ്റത്തെ നമ്മുടെ വീട്ടുവളപ്പിലും എത്തിച്ചു.
12. ബിഗ് ഫാറ്റ് ഇന്ത്യന്‍ വെഡിംഗ്
90കളിലെ ഉദാരവത്ക്കരണത്തെ തുടര്‍ന്നാണ് ഇന്ത്യയിലെ വിവാഹങ്ങളും ബിഗ് ഫാറ്റി ഇന്ത്യന്‍ വെഡിംഗുകളായിത്. സമീപകാലത്തായി കേരളത്തിലെ വിവാഹങ്ങളും ബിഗ് ആന്‍ഡ് ഫാറ്റി ആയിട്ടുണ്ട്. പണ്ട് ഒരു ദിവസംകൊണ്ട് തീര്‍ന്നിരുന്ന ചടങ്ങുകള്‍ ജാതിമതഭേദമെന്യേ ഹല്‍ദി, മെഹന്ദി, സംഗീത് എന്നിങ്ങനെ വികസിച്ച് ലക്ഷങ്ങളുടെ (കോടികളുടെയല്ലെങ്കില്) ഇടപാടായി.
കേരളീയ സമൂഹത്തില്‍ പൊതുവില്‍ ഉണ്ടായിരിക്കുന്ന സാമ്പത്തികാഭിവൃദ്ധിയുടെ പ്രതിഫലനം മാത്രമാണ് ആഡംബര വിവാഹങ്ങളിലുമുള്ളതെന്നതാണ് സത്യം. എന്നുമാത്രമല്ല സാമ്പത്തികമായി ഉയര്‍ന്നതട്ടില്‍ നില്ക്കുന്ന കുടുംബങ്ങളെക്കൊണ്ട് വിവാഹങ്ങള്‍ അത്യാഡംബരമായി നടത്തിച്ച് അവര്‍ ചെലവഴിക്കാതെ കൂട്ടിവച്ചിരിക്കുന്ന പണം സമൂഹത്തിലേക്ക് ഇറക്കുന്നു എന്നൊരു സത്കര്മംകൂടി ഇത്തരം വിവാഹങ്ങള്‍ അനുഷ്ടിക്കുന്നു.
അതെ, പന്തലുപണിക്കാര്‍, ട്രാഫിക് നിയന്ത്രിക്കുന്ന സെക്യൂരിറ്റിക്കാര്‍, പാചകക്കാര്‍, വിളമ്പുകാര്‍, കാമറാമാന്മാര്... ഒരു ആഡംബര വിവാഹം എത്രപേര്‍ക്കാണ് തൊഴില്‍ കൊടുക്കുന്നത്! അവനവന് സാധിക്കുന്നതും അവനവന് ആസ്വദിക്കുന്നതുമൊഴികെ മറ്റെല്ലാം ധൂര്‍ത്തും ആഡംബരവുമായി വിചാരിക്കുമ്പോള്‍ കാണാതെപോകുന്നത് സമൂഹത്തെ ചലിപ്പിക്കുന്ന ഈ ക്രയവിക്രയങ്ങളാണ്.
വിവാഹത്തിന്റെ ചുവടുപിടിച്ച് മരണവും പാര്‍ട്ടി സമ്മേളനങ്ങളും തെരഞ്ഞെടുപ്പും സാഹിത്യോത്സവങ്ങളുമെല്ലാം ഇങ്ങനെ ഇവന്റുകളായി, അവ നടത്താന്‍ ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ വേണമെന്നായി, അവരുടെ ആള്ക്കാര് വാക്കി ടോക്കികളുമായി ഇടംവലം നടക്കണമെന്നുമായി.
13. നിശാജീവിതം
പണ്ട് കോഴിക്കോട്ടും ഒരു പരിധിവരെ തിരുവനന്തപുരത്തും മാത്രമുണ്ടായിരുന്ന നൈറ്റ് ലൈഫ് നമ്മുടെ ഉള്നാടുകളില്വരെ ട്രെന്‍ഡായി. കോവിഡും സോഷ്യല്‍ മീഡിയയും അതിനു ചൂട്ടുകത്തിച്ചു. എന്നാല്‍ നൈറ്റ് ലൈഫ് ഇന്ന് പുറത്തുമാത്രമല്ല, അകത്തുമുണ്ട്. രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കുന്ന ജെന്‍ സീ, മുറിയില്‍ അടച്ചിരിക്കുന്ന ജെന്‍ സീ, പകലുറങ്ങുന്ന ജെന്‍ സീ... അങ്ങനെ ജൈവശാസ്ത്രപരമായിവരെ മനുഷ്യജന്തുവിന് പരിണാമം സംഭവിക്കുകയാണോയെന്ന് ശങ്ക തോന്നുംവിധം നമ്മള് മാറിത്തുടങ്ങുന്നു.
14. ലഹരികള്‍
മൂക്കിപ്പൊടി വലി എന്നൊരു സംഗതി തീര്‍ത്തും ഇല്ലാതായി. (വെറ്റില) മുറുക്കലും നന്നായി ശോഷിച്ചു. എന്നാല്‍ പണ്ട് അനുമതിയോടെ വാങ്ങി നടത്തിയിരുന്ന കറപ്പുതീറ്റിയുടെ അതിലേറെ അപകടകാരികളായ പുതിയ അവതാരങ്ങള്വന്നു- രാസലഹരികള്‍. ഒപ്പം ചില വീഡിയോ ഗെയിമുകളും ഇതേ ജോലിചെയ്യുന്നു.
15. വസ്ത്രധാരണം
ക്രിക്കറ്റ്, വീഡിയോകൾ എന്നിവയെപ്പോലെ വേഷവിതാനങ്ങളും ഷോര്‍ട്ടായി. വിശേഷിച്ചും പുതിയ തലമുറയുടൈ കാര്യത്തില്‍. ജോലിചെയ്യുന്ന സ്ത്രീകള്‍ സാരിയുടുക്കുന്നത് വിശേഷത്തിനു മാത്രമായി. മധ്യവയസ്കരും പരസ്യമായി ഷോര്‍ട്സിട്ടു തുടങ്ങി. പണ്ടധികം സ്ത്രീകള്‍ ഇട്ടു കണ്ടിട്ടില്ലാത്ത പര്‍ദയും ഇക്കാലത്തിനിടെ കേരളത്തില്‍ വന്‍തോതില്‍ പ്രചാരം നേടിയിരിക്കുന്നു.
16. ഔട്ട്ബൗണ്ട് ടൂറിസം
1980കളുടെ അവസാനമാണ് "ദൈവത്തിന്റെ സ്വന്തം നാട്' എന്ന മുദ്രാവാക്യം നമ്മുടെ ഇന്‍ബൗണ്ട് ടൂറിസത്തിനു വന്നുചേര്‍ന്നത്. ഇന്ന് നമ്മുടെ ജിഡിപിയുടെ 10 ശതമാനംവരും ടൂറിസത്തില്‍നിന്നുള്ള വരുമാനം. ഉദാരവല്ക്കരണത്തെത്തുടര്ന്ന് ഇന്ത്യയില്‍നിന്ന് വിദേശസഞ്ചാരത്തിനു പോകുന്നവരുടെ എണ്ണവും കാലക്രമേണ വര്‍ധിച്ചുവരുന്നു. 2024ല്‍ 3.89 കോടി ഇന്ത്യക്കാരാണ് വിദേശങ്ങളിലേയ്ക്ക് ടൂറു പോയത്.
കേരളം എങ്ങനെ പിന്നില്‍നില്‍ക്കും? കൃത്യമായ കണക്കുകളില്ലെങ്കിലും ഒരു കാര്യം ഉറപ്പ്- ഹജ്, വിശുദ്ധനാട് തീര്ഥയാത്രകള്ക്കായിമാത്രം വന്‍തോതില്‍ വിദേശയാത്ര ചെയ്തിരുന്ന മലയാളികള്‍ ഇന്ന് ലോകമെങ്ങും കറങ്ങുന്നു. സന്തോഷ് ജോര്‍ജ് കുളങ്ങര മുതല്‍ എണ്ണിയാലൊടുങ്ങാത്ത വ്ളോഗര്മാരുടെവരെ യാത്രകള്‍ നാമറിയുന്നു. അറിയപ്പെടാത്ത യാത്രാനുഭവങ്ങള്‍ അതിലേറെയായി പെരുകുന്നു.
(ശേഷം പുതുവർഷത്തിൽ)