Kerala
തൃശൂർ: ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തേതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനര്‍ സൂവുമായ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം പുത്തൂരിൽ ഇന്നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും. വനം മന്ത്രി എ.കെ. ശശീന്ദ്രന് അധ്യക്ഷത വഹിക്കും.
സുവോളജിക്കല്‍ പാര്‍ക്കിലെ ബയോഡൈവേഴ്സിറ്റി റിപ്പോര്‍ട്ട് പ്രകാശനം മന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. സുവോളജിക്കല്‍ പാര്‍ക്ക് സ്റ്റാന്പ് പ്രകാശനം മന്ത്രി ആര്. ബിന്ദു നിര്‍വഹിക്കും. പാര്‍ക്ക് സ്പെഷല്‍ ഓഫീസര്‍ കെ.ജെ. വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. മന്ത്രി കെ. രാജന് സ്വാഗതം പറയും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാനമന്ത്രിമാരായ ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിന്, കെ. കൃഷ്ണന്‍കുട്ടി, കെ.ബി. ഗണേഷ്കുമാര്, രാമചന്ദ്രന് കടന്നപ്പള്ളി, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, മേയര്‍ എം.കെ. വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ്, എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എഫ്ബി ആൻഡ് എ) ഡോ. പി. പുകഴേന്തി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഫോറസ്റ്റ് മാനേജ്മെന്റ്) ഡോ. എല്‍. ചന്ദ്രശേഖര്‍, ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഡോ. പ്രമോദ് ജി. കൃഷ്ണന്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡോ.ആര്. ആടലരശന്, സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ബി.എന്‍. നാഗരാജ് തുടങ്ങിയ ഉദ്യോഗസ്ഥരും സാമൂഹികരംഗത്തെ പ്രമുഖരും പങ്കെടുക്കും. ചടങ്ങിനുശേഷം ജയരാജ് വാര്യര്‍ നയിക്കുന്ന നിത്യഹരിത ഗാനസന്ധ്യയുമുണ്ടാകും.
Kerala
പുത്തൂർ: മുപ്പതു വർഷം നീണ്ട കാത്തിരിപ്പിനു വിരാമമിട്ട് പുത്തൂർ സുവോളജിക്കൽ പാർക്ക് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. ഓസ്ട്രേലിയൻ സൂ ഡിസൈനറായ ജോണ്‍ കോ രൂപകല്പന നിർവഹിച്ച പാർക്ക് വനം വകുപ്പിന്റെ 336 ഏക്കർ സ്ഥലത്താണ് കാടിന്റെ വന്യത ചോരാതെ 23 ആവാസയിടങ്ങളായി ഒരുക്കിയത്. മാനുകളുടെ സഫാരി പാർക്ക്, ഹോളോഗ്രാം സൂ, പെറ്റ് സൂ എന്നിവ ഉടൻ തുറക്കും.
പാർക്കിന്റെ നിർമാണത്തിനായി പ്ലാൻ ഫണ്ടിൽനിന്ന് 40 കോടിയും കിഫ്ബിയിൽനിന്നു രണ്ടാംഘട്ടത്തിന് 122 കോടിയും മൂന്നാംഘട്ടത്തിന് 208.5 കോടിയുമടക്കം 370.5 കോടിയാണ് അനുവദിച്ചത്. ആഫ്രിക്കൻ സുളു ലാൻഡ് സോണ്‍, കൻഹ സോണ്‍, സൈലന്റ് വാലി സോണ്‍, ഇരവിപുരം സോണ്‍ തുടങ്ങി ഓരോ ഇനങ്ങൾക്കും അനുയോജ്യമായ ആവാസവ്യവസ്ഥകളാണ് ഒരുക്കിയത്.
തൃശൂർ മൃഗശാലയിൽനിന്നു പക്ഷിമൃഗാദികളെ സുവോളജിക്കൽ പാർക്കിലേക്കു മാറ്റുന്നത് അവസാന ഘട്ടത്തിലാണ്. തമിഴ്നാട്-കർണാടക എന്നിവിടങ്ങളിൽനിന്നു വെള്ളക്കടുവ, മഞ്ഞ അനക്കോണ്ട എന്നിവയെ എത്തിക്കാൻ നടപടി തുടങ്ങി. വിദേശത്തുനിന്നു പച്ച അനക്കോണ്ട, ജിറാഫ്, സീബ്ര എന്നിവയെയും എത്തിക്കും. നാലര കിലോമീറ്ററോളം ചുറ്റിക്കറങ്ങി കാണാനുള്ള കാഴ്ചകളാണു പാർക്കിലുള്ളത്. അഞ്ചു കേന്ദ്രങ്ങളിൽ കഫറ്റീരിയകളും ഒരുക്കി. 15 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാവുന്ന ക്രമീകരണവുമുണ്ട്. പ്രതിദിനം ഏഴു ലക്ഷം ലിറ്റർ വെള്ളം ആവശ്യമാണ്.
500 കെവി സബ് സ്റ്റേഷനു പുറമെ സോളാർ സംവിധാനവും വൈദ്യുതിക്കായി ഒരുക്കി. ഉദ്ഘാടനത്തിന് പിറ്റേന്നുമുതൽ പാർക്കിലേക്കു പ്രവേശനം അനുവദിക്കും. ആദ്യഘട്ടത്തിൽ വിദ്യാർഥികൾക്കാണു പ്രവേശനം. ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യണം. ജനുവരിയിൽ പൊതുജനത്തിനു പ്രവേശനം അനുവദിക്കും. തൃശൂരിൽനിന്നു സുവോളജിക്കൽ പാർക്കിലേക്ക് കെ എസ്ആർടിസിയുടെ ഡബിൾ ഡക്കർ ബസ് ജനുവരി മുതൽ സർവീസ് ആരംഭിക്കും. ഒരുവർഷം 50 ലക്ഷം പേർ സുവോളജിക്കൽ പാർക്കിലെത്തുമെന്നാണു പ്രതീക്ഷ.
Kerala
തൃശൂർ: പിഎം ശ്രീ വിവാദം കൊഴുക്കുന്നതിനിടെ, തൃശൂർ സുവോളജിക്കൽ പാർക്ക് ഉദ്ഘാടനവുമായി ബന്ധപ്പെട്ടു വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽനിന്നു വിട്ടുനിന്നു മന്ത്രി കെ. രാജൻ.
ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് പുത്തൂരിലെ പാർക്ക് അങ്കണത്തിൽ മന്ത്രി പത്രസമ്മേളനം വിളിച്ചുചേർത്തിരുന്നത്. എന്നാൽ ഒന്നര മണിക്കൂറിനുശേഷം മന്ത്രി എത്താൻ വൈകുമെന്നറിയിച്ച് പാർക്കിന്റെ സ്പെഷൽ ഓഫീസർ കെ.ജെ. വർഗീസ് ഉദ്ഘാടനപരിപാടികൾ വിശദീകരിക്കുകയായിരുന്നു. പിന്നീട് മന്ത്രി എത്തിയതുമില്ല.
ഇതേസമയം, മന്ത്രി കെ. രാജൻ സിപിഐ ജില്ലാ ഓഫീസിൽ ഓൺലൈനിലൂടെ നിർണായക സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുകയായിരുന്നു.
പിഎം ശ്രീ വിവാദത്തെത്തുടർന്നുള്ള മുന്നണി മര്യാദകളും പാർട്ടി നിലപാടുകളും ചർച്ചയാകുന്നതിനിടെയായിരുന്നു മന്ത്രിയുടെ പത്രസമ്മേളന അറിയിപ്പും വിട്ടുനിൽക്കലും. വിവാദവും വിട്ടുനിൽക്കലും സുവോളജിക്കൽ പാർക്ക് ഉദ്ഘാടനത്തെയും ബാധിക്കുമോയെന്നും ആശങ്കയുണ്ട്.