കണ്ണൂർ: ഇഡി നോട്ടീസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബിയുടെ പേരിൽ നോട്ടീസുമായി വന്നാൽ മുട്ടുവിറയ്ക്കുമെന്നാണോ ഇഡി കരുതിയതെന്നും മുഖ്യമന്ത്രി ചോദിച്ചു. എൽഡിഎഫ് കണ്ണൂർ കോർപറേഷൻ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കിഫ്ബി മസാല ബോണ്ട് ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിലാണ് മുഖ്യമന്ത്രിയുടെ വിമർശനം. ആർബിഐ നിഷ്കർഷിക്കുന്ന വ്യവസ്ഥയിലാണ് കാര്യങ്ങൾ ചെയ്തിരിക്കുന്നത്. കിഫ്ബിയിലൂടെ 1.5 ലക്ഷം കോടി രൂപയുടെ വികസനം നടത്തി. അത് രുചിക്കാത്ത ഹീന മനസുകളുണ്ട്.
വായ്പയെടുത്ത് ഭൂമിക്കച്ചവടം നടത്തിയെന്ന് കാണിച്ചാണ് ഇപ്പോൾ നോട്ടീസ് വന്നിരിക്കുന്നത്. 5600 കോടി രൂപ ദേശീയപാത ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി കൊടുത്തു. അത് ഏതെങ്കിലും ഭൂമിക്കച്ചവടത്തിനാണോ. കിഫ്ബി ഏറ്റെടുക്കുന്ന ഭൂമി ഏതാവശ്യത്തിനാണോ അതിനേ പറ്റൂ.
പശ്ചാത്തല വികസനത്തിലാണ് കിഫ്ബി ഭൂമി ഏറ്റെടുത്തത്. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡം അണുകിട വ്യത്യാസം വരുത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.