ഏറ്റുമാനൂർ: വഴികളെല്ലാം ഇന്ന് ഏറ്റുമാനൂരിലേക്ക്. ചരിത്രപ്രശസ്തമായ ഏഴരപ്പൊന്നാന ദർശനം ഇന്ന്. ഉത്സവത്തിന്റെ എട്ടാംനാൾ രാത്രി 12നാണ് ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ മാത്രമായ ഏഴരപ്പൊന്നാന ദർശനവും വലിയ കാണിക്കയും. ചരിത്ര നിമിഷത്തിനായി ആസ്ഥാനമണ്ഡപം ഒരുങ്ങി.
ഏഴരപ്പൊന്നാന ദർശനത്തിനായി പതിനായിരങ്ങൾ മഹാദേവ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തും. വിദൂര ദേശങ്ങളിൽനിന്നുപോലും എത്തുന്ന ഭക്തജന സഹസ്രങ്ങൾ രാത്രിയോടെ തന്നെ ക്ഷേത്രാങ്കണത്തെ ജനസാഗരമാക്കും. പിന്നെ മണിക്കൂറുകളുടെ കാത്തിരിപ്പ്. ആസ്ഥാനമണ്ഡപത്തിനു മുന്നിലും ക്ഷേത്ര പരിസരങ്ങളിലുമായി തടിച്ചുകൂടുന്ന ഭക്തരെ നിയന്ത്രിക്കുന്നതിനും സുരക്ഷയൊരുക്കുന്നതിനുമായി ദേവസ്വം അധികൃതരും പോലീസും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ശ്രീകോവിലിൽനിന്ന് രാത്രി 11.30ന് മഹാദേവനെ ആസ്ഥാന മണ്ഡപത്തിലേക്ക് എഴുന്നള്ളിക്കും. കൃത്യം പന്ത്രണ്ടിന് ആസ്ഥാന മണ്ഡപത്തിന്റെ വാതിലുകൾ തുറക്കും. ദീപപ്രഭയിൽ വെട്ടിത്തിളങ്ങി ഏറ്റുമാനൂരപ്പന്റെ തിടമ്പിന് ഇരുവശങ്ങളിലുമായി ഏഴുപൊന്നാനകളും തിടമ്പിനു മുന്നിലായി അരപ്പൊന്നാനയും.
പതിനായിരങ്ങളുടെ കണ്ഠങ്ങളിൽനിന്ന് ഉയരുന്ന പഞ്ചാക്ഷരീമന്ത്ര ധ്വനികളാൽ ക്ഷേത്രാങ്കണം മുഖരിതമാകും. ദർശനപുണ്യം തേടി കാത്തുനിൽക്കുന്ന ഭക്തരെ സാക്ഷിനിർത്തി പാരമ്പര്യാവകാശികളായ ചെങ്ങന്നൂർ പുന്നുരിട്ട മഠത്തിലെ പണ്ടാരത്തിലിന്റെ പ്രതിനിധി ആസ്ഥാനമണ്ഡപത്തിൽ സ്ഥാപിച്ചിട്ടുള്ള സ്വർണക്കുടത്തിൽ ആദ്യ കാണിക്കയർപ്പിക്കും. തുടർന്ന് ദേവസ്വം അധികൃതരും ക്ഷേത്രോപദേശക സമിതി ഭാരവാഹികളും. ഇതിനുശേഷം ഊഴം കാത്ത് നിൽക്കുന്ന ഭക്തജനങ്ങൾ സാവകാശം ആസ്ഥാനമണ്ഡപത്തിനു മുന്നിലേക്ക്. വലിയകാണിക്കയർപ്പിച്ച് നിറമനസോടെ മടക്കം.
ഇന്നു രാവിലെ ഏഴിന് ശ്രീബലിക്ക് സിനിമാതാരം പത്മശ്രീ ജയറാമിന്റെ നേതൃത്വത്തിൽ സ്പെഷൽ പഞ്ചാരിമേളവും വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലിക്ക് ചോറ്റാനിക്കര സത്യൻ നാരായണമാരാരുടെ നേതൃത്വത്തിൽ 61 കലാകാരന്മാർ അണിനിരക്കുന്ന സ്പെഷൽ പഞ്ചവാദ്യവും അകമ്പടിയേകും. രണ്ടാം ഉത്സവദിനം മുതൽ തുടരുന്ന ഉത്സവബലി ദർശനവും ശ്രീബലിയും കാഴ്ചശ്രീബലിയും വേലകളിയും നാളെ സമാപിക്കും.
അയ്മ്പൊലി സമർപ്പണം ഇന്ന്
വിവിധ വിശ്വകർമ സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് ഏറ്റുമാനൂരപ്പന് അയ്മ്പൊലി സമർപ്പിക്കും. വൈകുന്നേരം അഞ്ചിന് മാരിയമ്മൻ കോവിൽ അങ്കണത്തിൽ സാംസ്കാരിക സമ്മേളനം നടത്തും. അയ്മ്പൊലി സമർപ്പണ സമിതി ചെയർമാൻ മുരളി തകടിയേൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനം രക്ഷാധികാരി കെ.സി. ശിവൻ ആചാരി ഉദ്ഘാടനം ചെയ്യും. 5.30ന് മഹാദേവ ക്ഷേത്രത്തിലേക്ക് ഘോഷയാത്ര ആരംഭിക്കും.