ചെറുപുഴ: സംസ്ഥാനത്തെ മികച്ച സബ് കളക്ടർക്കുള്ള പുരസ്കാരത്തിന് പാടിയോട്ടുചാൽ സ്വദേശി ഒ.വി. ആൽഫ്രഡ് അർഹനായി. നിലവിൽ തിരുവനന്തപുരം സബ് കളക്ടറായി പ്രവർത്തിച്ചു വരികയാണ്. റവന്യു ദിനമായ ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
പാടിയോട്ടുചാല്‍ സ്വദേശിയായ ഒ.വി. ആൽഫ്രഡ് 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. നേരത്തേ പാലക്കാട് അസിസ്റ്റന്റ് കളക്ടറായി പ്രവർത്തിച്ചിരുന്നു. പാടിയോട്ടുചാലിലെ ഒരപ്പാനിയിൽ ഒ.ജെ. വിൻസെന്റ്- ത്രേസ്യാ ദന്പതികളുടെ മകനാണ്. ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂൾ, തോമാപുരം സെന്റ് തോമസ് ഹയർസെക്കൻഡറി എന്നിവിടങ്ങളിലായിരുന്നു ഹൈസ്കൂൾ, പ്ലസ് ടു പഠനം. ബംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്നു ബിരുദം പൂർത്തിയാക്കിയ ശേഷം ഐഎഎസ് നേടുകയായിരുന്നു. 2025 സെപ്റ്റംബറിലാണ് തിരുവനന്തപുരം സബ് കളക്ടറായി ചുമതലയേറ്റത്. വിവാദമായ നെയ്യാറ്റിൻകര ഗോപൻ സ്വാമി വിഷയത്തിൽ ആൽഫ്രഡിന്റെ കൃത്യമായ രിതിയിലുള്ള ഇടപെടൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.