NRI
ഒന്റാറിയോ: കാനഡയിലെ ലണ്ടൻ ഒന്റാറിയോയിൽ മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങൾക്ക് എതിരെ ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി നോർക്ക ലോക കേരള സഭ കോഓർഡിനേഷൻ കൗൺസിൽ.
കാനഡയുടെ വിവിധ പ്രൊവിൻസുകളിൽ അടുത്തകാലത്തായി ഇന്ത്യൻ വംശജകർക്കും പ്രത്യേകിച്ച് മലയാളികൾക്കും നേരെ വിദ്വേഷപരമായ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് നോർക്ക ലോക കേരള സഭ കോഓർഡിനേഷൻ കൗൺസിൽ നിലപാട് വ്യക്തമാക്കിയത്.
സമാധാനപരമായി കഴിയുന്ന പ്രവാസി സമൂഹത്തിന്റെ സുരക്ഷയെ ഇത്തരം സംഭവങ്ങൾ ഗൗരവതരമായി ബാധിക്കുന്നു എന്നും സംഘടന ചൂണ്ടിക്കാട്ടി. മലയാളി യുവാക്കൾക്ക് നേരെ നടന്ന വംശീയ അതിക്രമങ്ങളെപ്പറ്റി ബന്ധപ്പെട്ട അധികാരികൾ ഉചിതമായ അന്വേഷണം നടത്തി, കുറ്റവാളികൾക്കെതിരേ കർശന നടപടികൾ സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ എടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന ലോക കേരള സഭയിൽ ഈ വിഷയം ഗൗരവതരമായി അവതരിപ്പിക്കുമെന്നും സംഘടന അറിയിച്ചു. കുടിയേറ്റ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ കനേഡിയൻ ഭരണകൂടം ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രസ്താവനയിലൂടെ കൗൺസിൽ ആവശ്യപ്പെട്ടു.
NRI
ഒട്ടാവ: കാനഡയിലെ സറേയിൽ പഞ്ചാബി വ്യാവസായി വെടിയേറ്റ് മരിച്ചു. ബൈൻഡർ ഗാർച്ച (48) ആണ് മരിച്ചത്. പഞ്ചാബിലെ നവാൻഷഹറിനടുത്തുള്ള മല്ലൻ ബേഡിയൻ സ്വദേശിയാണ്.
സറേയിലെ ഗുമാൻ ഫാമുകൾക്ക് സമീപമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾ സഞ്ചരിച്ചതാണെന്നാണ് കരുതുന്ന ഒരു വാഹനം കത്തി നശിച്ച നിലയിൽ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, കാനഡയിൽ പഞ്ചാബി വ്യവസായികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമം വർധിക്കുകയാണ്. അടുത്തിടെയുണ്ടായ സംഭവങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ മരിക്കുകയും ചെയ്തു.
International
ടൊറന്റോ: കാനഡയിൽ ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സ ലഭിക്കാതെ ഇന്ത്യക്കാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരേ വ്യാപകവിമർശനം. വടക്കുപടിഞ്ഞാറൻ കാനഡയിലെ ആൽബെർട്ടയിലുള്ള എഡ്മോൺടണിലെ ഗ്രേ നൺസ് ആശുപത്രിയിൽവച്ചാണ് പ്രശാന്ത് ശ്രീകുമാർ എന്ന 44 കാരൻ മരിച്ചത്.
ചികിത്സതേടി എട്ടുമണിക്കൂറോളം പ്രശാന്ത് കാത്തിരുന്നുവെന്ന് ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികൾ പറയുന്നു. പ്രശാന്തിന്റെ മരണത്തിന് ഉത്തരവാദികൾ ആശുപത്രി അധികൃതരാണെന്നും അവർ വ്യക്തമാക്കി.
അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രശാന്തിന് ജോലിക്കിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ 22 ന് ഉച്ചയോടെയാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയ്ക്കുശേഷം പുറത്ത് കാത്തിരിക്കാൻ ആശുപത്രിയിൽ നിന്ന് ആവശ്യപ്പെടുകയായിരുന്നു.
ആശുപത്രി ജീവനക്കാര് ഇസിജി എടുത്തെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞ് വേദനസംഹാരി നല്കുകയായിരുന്നു. രക്തസമ്മര്ദം ഉയർന്നിട്ടും ചികിത്സ തുടങ്ങിയില്ല. എട്ടുമണിക്കൂർ കാത്തിരുന്നശേഷമാണ് ചികിത്സാമുറിയിലേക്കു പ്രവേശിപ്പിച്ചത്. സെക്കൻഡുകൾക്കുള്ളിൽ പ്രശാന്തിന്റെ ജീവൻ നഷ്ടമാവുകയും ചെയ്തു.
ചികിത്സ വൈകിയതിനു പിന്നിൽ വംശീയവിദ്വേഷം ഉണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. പ്രശാന്തിന്റെ മരണത്തോടെ മൂന്നു കുട്ടികൾ ഉൾപ്പെടെ കുടുംബം തീരാദുരിതത്തിലായിരിക്കുകയാണ്. പ്രശാന്ത്-നിഹാരിക ദന്പതികളുടെ ഇളയ കുട്ടിക്കു മൂന്നുവയസാണ് പ്രായം. മൂത്തയാൾക്ക് 14 വയസും. ഇളയകുട്ടിക്കു മുഴുവൻ സമയ പരിചരണം ആവശ്യമായതിനാൽ പ്രശാന്ത് മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.
കുടുംബത്തിന് ആശുപത്രിയില് നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുന്ന നീഹാരികയുടെ വിഡിയോ വലിയ പ്രചാരം നേടിയിരുന്നു. പ്രശാന്തിന്റെ മരണത്തിന്റെ ഉത്തരവാദിത്വം കാനഡ ഏറ്റെടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യൻ വംശജനാണെങ്കിലും പ്രശാന്തിന് കനേഡിയൻ പൗരത്വമുണ്ടെന്നാണ് മനസിലാക്കന്നത്. അതിനാൽ കാനഡ സർക്കാരിനാണു മരണത്തിൽ പൂർണ്ണ ഉത്തരവാദിത്വം-അദ്ദേഹം ചൂണ്ടിക്കാട്ടി.
NRI
ഫ്ലോറിഡ: മണ്ഡല - മകരവിളക്ക് തീർഥാടന കാലത്തോടനുബന്ധിച്ച് വടക്കേ അമേരിക്കയിലെ അയ്യപ്പ ഭക്തർക്കായി കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെഎച്ച്എൻഎ) എല്ലാ ബുധനാഴ്ചയും ഓൺലൈൻ "മണ്ഡലകാല അയ്യപ്പ ഭജന' നടത്തുന്നു.
കേരളത്തിന്റെ തനത് ആചാരങ്ങൾ അമേരിക്കയിൽ നിലനിർത്തുന്നതിന്റെ ഭാഗമായാണ് കെഎച്ച്എൻഎ എല്ലാ ബുധനാഴ്ചയും മകരവിളക്ക് വരെ ഭജന സംഘടിപ്പിക്കുന്നത്. ഈ ആഴ്ചത്തെ ഭജനയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് അസോസിയേഷൻ ഓഫ് ടാമ്പ ഹിന്ദു മലയാളി ആണ്.
ഇന്ന് വൈകുന്നേരം ഈസ്റ്റേൺ സമയം രാത്രി ഏഴ് മുതൽ 8.30 വരെയാണ് സൂമിൽ കൂടിയുള്ള ഭജന. മീറ്റിംഗ് ഐഡി: 882 7522 4714.
മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് ഒരുമിച്ച് ഭജനയിൽ പങ്കെടുക്കാനും ആത്മീയമായി ഒത്തുചേരാനും ഈ ഓൺലൈൻ സംരംഭം സഹായകമാകും.
കൂടുതൽ വിവരങ്ങൾക്ക്: ജയപ്രകാശ് നായർ - 845 507 2621 , റീത്ത അനിൽ (ടാമ്പ) - 813 326 7737.
Sports
ന്യൂഡൽഹി: സുൽത്താൻ അസ്ലൻ ഷാ കപ്പ് ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ. റൗണ്ട് റോബിൻ മത്സരത്തിൽ കാനഡയെ (14-3) തകർത്താണ് ഇന്ത്യ ഫൈനൽ ടിക്കറ്റെടുത്തത്.
ജയത്തോടെ പോയിന്റ് ടേബിളിൽ ആദ്യ രണ്ട് സ്ഥാനമുറപ്പിച്ചതോടെയാണ് ഇന്ത്യ കലാശപ്പോരിന് യോഗ്യത നേടിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബെൽജിയമാണ് എതിരാളികൾ. പ്രതിരോധതാരം ജുഗ്രാജ് സിംഗ് നാലുഗോളുകളുമായി തിളങ്ങി.
അഭിഷേക്, അമിത് രോഹിദാസ്, രജിന്ദർ സിംഗ് എന്നിവർ രണ്ട് ഗോളുകൾ വീതം നേടി. സെൽവം കാർത്തി, നിളാകാന്ത ശർമ, സഞ്ജയ്, ദിൽപ്രീത് സിംഗ് എന്നിവർ ഓരോ തവണയും ലക്ഷ്യം കണ്ടു.
International
വാഷിംഗ്ടൺ: അമേരിക്കയെ അപമാനിച്ച് ടിവി പരസ്യം നൽകിയെന്ന് ആരോപിച്ച് കാനഡയുമായുള്ള വ്യാപാര ചർച്ച യുഎസ് അവസാനിപ്പിച്ചു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തി. യുഎസ് തീരുവകൾക്കെതിരെ കാനഡ പരസ്യം നൽകിയിരുന്നു
കാനഡയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് യുഎസ് അധിക തീരുവ ചുമത്തിയിരുന്നു. ഇതിനു പകരമായി യുഎസ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കഴിഞ്ഞ ഏപ്രിൽ കാനഡയും കൂട്ടിയിരുന്നു. തുടർന്ന് ചർച്ചകൾ നടക്കുന്നതിനിടെയാണ് കാനഡ പരസ്യം നൽകിയത്.
യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987 ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.
പരസ്യം പ്രകോപനപരവും യുഎസ് കോടതികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ട്രംപ് പറഞ്ഞു. കാനഡ യുഎസിലേക്ക് 270 കോടി ഡോളറിന്റെ കയറ്റുമതി നടത്തുന്നുണ്ട്.
NRI
ഒട്ടാവ: കാനഡയിൽ ചെറുവിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഗൗതം സന്തോഷ്(27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ന്യൂഫൗണ്ട്ലാന്റിലെ ഡീർ തടാകത്തിന് സമീപമായിരുന്നു അപകടം.
പൈപ്പർ പിഎ-31 നവാജോ ട്വിൻ എൻജിൻ വിമാനമാണ് തകർന്നത്. അപകടം നടക്കുമ്പോൾ വിമാനത്തിൽ രണ്ട് പേർ ഉണ്ടായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുവച്ച് തന്നെ ഇരുവരും മരിക്കുകയായിരുന്നു.
ഡെൽറ്റ ആസ്ഥാനമായുള്ള കിസിക് ഏരിയൽ സർവേ ഇൻകോർപറേറ്റഡിലാണ് ഗൗതം ജോലി ചെയ്തിരുന്നത്. ഗൗതമിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിട്ടുണ്ട്.