വടക്കാഞ്ചേരി: കഴിഞ്ഞ മൂന്നു വർഷമായി ലേ ഓഫിലായിരുന്ന വിരുപ്പാക്ക തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ തുറന്നു പ്രവര്‍ത്തിക്കുന്നതിനു മുന്നോടിയായി വൈദ്യുതി കണക്ഷന് പുനഃ സ്ഥാപിച്ചു.
മില്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനായി സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ യുടെ നേതൃത്വത്തില്‍ നിയമസഭയിലും വ്യവസായവകുപ്പുമായി ബന്ധപ്പെട്ടും നടത്തിയ നിരവധിയായ ഇടപെടലുകളാണ് ഫലപ്രാപ്തിയിലേക്ക് എത്തുന്നത്.
സംസ്ഥാന സർക്കാർ 30 കോടി രൂപ ചെലവഴിച്ച് മില്ലില്‍ ആധുനിക വത്കരണ-നവീകരണ പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു. ആദ്യപടിയായി മില്ലിന്റെ പേരിൽ ഉണ്ടായിരുന്ന 23 കോടി രൂപയുടെ വൈദ്യുതികുടിശിക സർക്കാർ ഏറ്റെടുത്ത് മില്ലിനെ ബാധ്യതയിൽനിന്നും ഒഴിവാക്കി. റവന്യൂ റിക്കവറി കേസുകൾ നിലനിൽക്കുന്ന സ്ഥാപനത്തിന്റെ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുവാദം ജില്ലാ കളക്ടർ മുഖേന ലഭ്യമാക്കുകയും പിന്നീട് മില്ല് തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള അനുമതി ലഭ്യമാക്കുകയും ചെയ്തു. മില്ലിന്റെ റദ്ദാക്കപ്പെട്ട ജിഎസ്ടി രജിസ്ട്രേഷനുപകരം പുതിയ രജിസ്ട്രേഷൻ ലഭ്യമാക്കി. തുടർന്ന് മില്ല് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ ഓരോന്നായി സ്വീകരിച്ചു.
മില്ലിന്റെ മേൽക്കൂരയിലെ ചോർച്ചകൾ അടയ്ക്കുകയും മില്ലിലേക്കുള്ള ജലസ്രോതസുകൾ വൃത്തിയാക്കി വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മില്‍ കോമ്പൗണ്ടും പരിസരവും വൃത്തിയാക്കി. മില്ലിലേക്ക് പുതിയ വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഇലക്ട്രിക്കൽ സിസ്റ്റത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി. ട്രാൻസ്ഫോർമറുകൾ സർവീസ് ചെയ്ത് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി പുതിയ എഗ്രിമെന്റ് വച്ച് ഈ 21 ന് പുതിയ ഹൈടെന്‍ഷന്‍ (എച്ച് ടി) കണക്ഷൻ ലഭിച്ചു.
സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ മില്ലിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. മിൽ ചെയർമാൻ ഡോ. കെ. എസ്. കൃപകുമാർ, മില്‍ ഡയറക്ടറും സർക്കിൾ സഹകരണ യണിയൻ ചെയർമാനുമായ എന്‍. കെ. പ്രമോദ്കുമാര്‍, മാനേജിംഗ് ഡയറക്ടർ എബി തോമസ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മൊയ്തു തുടങ്ങിയവരും സന്നിഹിതരായിരുന്നു.