ചാത്തന്നൂർ: കെഎസ്ആർടിസി കെ-സ്വിഫ്റ്റ് ബസുകളുടെ ചേയ്സ് പൊട്ടുന്നത് തുടർക്കഥയാവുന്നു. നാല് വർഷം മാത്രം പഴക്കമുള്ള അഞ്ച് ബസുകളുടെ ചേയ്സാണ് അടുത്തിടെ പൊട്ടിയത്. കുറച്ചു നാൾ മുൻപ് ഒരു ബസിന്റെ ചെയ്സ് പൊട്ടിയപ്പോൾ വലിയ മാധ്യമശ്രദ്ധ ഉണ്ടാവുകയും സംഭവം വിവാദമാവുകയും ചെയ്തിരുന്നു. ബസ് തിരുവനന്തപുരത്തെ സെൻട്രൽ വർക്ക് ഷോപ്പിലേയ്ക്ക് മാറ്റിയിരുന്നു.
ബസ് നിർമാതാക്കളായ കമ്പനി പുതിയ ചെയ്സ് നല്‍കിയെന്ന് കെ-സ്വിഫ്റ്റ് അധികൃതർ പറഞ്ഞു. ഇപ്പോൾ ഗുരുതരമായ ചെയ്സ് പൊട്ടൽ കണ്ടെത്തിയിരിക്കുന്നത് കെഎസ് 86 എന്ന നമ്പരുളള ബസിലാണ്. തിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സർവീസ് നടത്തുന്ന സൂപ്പർ ഡീലക്സ് എയർബസാണ് ഇത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നറിഞ്ഞിട്ടും ബോധപൂർവം അത് വിസ്മരിച്ചുകൊണ്ടാണ് അധികൃതരുടെ നടപടി.
വയനാടൻ ചുരങ്ങളിലൂടെ ഉൾപ്പെടെ ദുർഘടം നിറഞ്ഞ റോഡുകളിലൂടെയാണ് സൂപ്പർ ഡീലക്സ് എയർ ബസിന്റെ യാത്ര. തകരാര്‍ പരിഹരിക്കാതെ അത് രഹസ്യമാക്കി വച്ചു കൊണ്ടാണ് ഇപ്പോഴുംസര്വീസ് നടത്തുന്നത്. യാത്രക്കാരുടെ ജീവൻ പണയം വച്ചു കൊണ്ടുള്ള യാത്രയിൽ ജീവനക്കാരും ആശങ്കാകുലരാണ്. നാല് വര്‍ഷത്തെ പഴക്കം മാത്രമാണ് ബസിനുള്ളത്.
ഇതേ സീരീസില്‍ വാങ്ങിയ കെ എസ്-16, കെ എസ് -18, കെ എസ്-30 എന്നീ ബസുകളിലും സമാനമായ പ്രശ്നം ഉണ്ടായിട്ടുണ്ട്. ഈ സീരീസിൽ വാങ്ങിയ ബസുകളുടെ ചേയ്സുകൾ തകരുന്നത് ജീവനക്കാർ ചൂണ്ടിക്കാട്ടിയിട്ടും ബസുകൾ നിരത്തിൽ നിന്നും പിൻവലിച്ചിട്ടില്ല. അശോക് ലെയ്ലന്റ് കമ്പനിയുടേതാണ് ബസുകൾ. ചെയ്സ് പൊട്ടിയത് ഗ്യാസ് വെൽഡ് ചെയ്ത് ബലപ്പെടുത്തുമെന്നാണ് കെ-സ്വിഫ്റ്റ് അധികൃതർ നൽകുന്ന വിശദീകരണം.
കെ-സ്വിഫ്റ്റ് ബസുകൾ കിലോമീറ്റർ വാടക അടിസ്ഥാനത്തിൽ കെഎസ്ആർടിസിക്ക് വേണ്ടി ഓടുന്നതാണ്. മിക്കതും ദീർഘ ദൂര സർവീസുകളും സൂപ്പർ ക്ലാസ് ബസുകളുമാണ്. സുരക്ഷിതയാത്ര എന്ന കെഎസ്ആർടിസിയുടെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം ബസുകൾ. ബസ് വാങ്ങിയതിൽ ക്രമക്കേട് ആരോപിച്ച് ടിഡിഎഫ് അന്ന് വിജിലൻസിന് പരാതി നല്‍കിയിരുന്നു. പക്ഷേ അതിൽ ഒരു അന്വേഷണവും ഉണ്ടായില്ല.
ആന്റണി രാജു ഗതാഗത മന്ത്രിയും ബിജു പ്രഭാകര്‍ സിഎംഡിയുമായിരുന്ന കാലത്താണ് ഈ ബസെല്ലാം വാങ്ങിയത്.