കേരളത്തിൽ കുടംപുളി മാത്രം കൃഷി ചെയ്യുന്ന ഒരു ഗ്രാമമുണ്ട്. അതിന്റെ പേരാണ് പുളിക്കത്തടം. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഇടുക്കി ജില്ലയിലെ മലയോര ഗ്രാമം.
തൊടുപുഴ-മൂലമറ്റം-വാഗമണ്‍ റോഡിൽ ഇടാടുനിന്ന് ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ പുളിക്കത്തടം ഗ്രാമമായി. മൂലമറ്റത്തു നിന്ന് 13.5 കിലോമീറ്റർ മാത്രം.
ഇവിടെ എല്ലാവരും കൂടി ഒരു വർഷം വിളവെടുക്കുന്നത് 35 ടണ്‍ കുടംപുളി.
ഉപജീവനമാർഗം
ഈ ഗ്രാമത്തിലെ നാൽപതോളം കുടുംബങ്ങളെ അന്നമൂട്ടുന്നത് കുടംപുളിയാണ്. 50 ഏക്കറോളം സ്ഥലത്താണ് കുടംപുളി തഴച്ചു വളർന്നു നിൽക്കുന്നത്. പ്രതിവർഷം 7075 ലക്ഷം രൂപയുടെ വരുമാനമാണ് പുളിക്കത്തടം നിവാസികൾക്ക് കുടംപുളി സമ്മാനിക്കുന്നത്.
പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മനോഹാരിത ആവോളമുണ്ട് ഈ ഗ്രാമത്തിന്. പച്ചപ്പട്ടണിഞ്ഞ് തണൽ വിരിച്ചു നിൽക്കുന്ന നൂറു കണക്കിന് പുളിമരങ്ങൾ. ഇതിനു സമീപം കളകളാരവം മുഴക്കി പാലരുവിയായി ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ.
മഞ്ഞിൽ നനയുന്ന പ്രഭാതങ്ങൾ. ചെന്നെത്തിയാൽ പിന്നെ മടങ്ങാൻ തോന്നാത്തത്ര വശ്യ സൗന്ദര്യമുള്ള ഇടം.
പുളി വന്ന വഴി
പുളിക്കത്തടംകാരുടെ പുളിപ്രേമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. 125 വർഷം മുന്‍പേ അവർ ഇതിന്റെ രുചിയും രസവും ഗുണവും തിരിച്ചറിഞ്ഞിരുന്നു എന്നാണ് പഴമക്കാർ പറയുന്നത്.
പണ്ടെങ്ങോ പക്ഷികൾ കൊത്തിക്കൊണ്ടുവന്ന കായ്കൾ വീണാണ് പുളിക്കത്തടത്ത് പുളിമരങ്ങൾ കിളിർത്തു തുടങ്ങിയത്. നല്ല വിളവും വരുമാനവും ലഭിച്ചതോടെ ഇവിടത്തുകാർ കൂടുതൽ പുളിമരങ്ങൾ നട്ടുപിടിപ്പിക്കുകയായിരുന്നു.
ബഡ് ചെയ്ത ഒരു പുളി പോലും ഇവിടെയില്ല. ബഡ്പുളി മൂന്നാം വർഷം കായ്ഫലം നൽകുമെങ്കിലും തൂക്കക്കുറവും കേടു വരാനുള്ള സാധ്യതയും കൂടുതലാണെന്ന് കർഷകർ പറയുന്നു.
ജനുവരി, മാർച്ച് മാസങ്ങളിലാണ് പൂവിടുന്നത്. മറ്റ് സ്ഥലങ്ങളിൽ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് വിളവെടുപ്പെങ്കിൽ ഇവിടെ ഒക്ടോബർ, നവംബർ മാസങ്ങളിലാണ് സീസണ്. കടുത്ത വേനലിൽപ്പോലും ഇവിടുത്തെ പുളിമരങ്ങളുടെ ഇലകൾ പൊഴിയാറില്ല.