ചെമ്പേരി: അമ്മമാർ നാടിന്റെയും സമുദായത്തിന്റെയും നട്ടെല്ലാണെന്നും അവർ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ. ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്ന മാതൃവേദി ചെമ്പേരി മേഖലാ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാതൃവേദി ചെമ്പേരി മേഖലാ പ്രസിഡന്റ് ഷീബ തെക്കേടത്ത് അധ്യക്ഷത വഹിച്ചു. മേഖലാ ഡയറക്ടർ ഫാ. മാത്യു ഓലിയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. വിവിധ ഇടവകാ യൂണിറ്റുകളിൽ നിന്നായി നൂറ്റമ്പതോളം അമ്മമാർ സംഗമത്തിൽ പങ്കെടുത്തു. കലാസാഹിത്യ മത്സരങ്ങളിൽ വിജയികളായ മേഖലയിലെ പന്ത്രണ്ട് യൂണിറ്റുകളിലെ അമ്മമാർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മേഖലയിലെ മികച്ച യൂണിറ്റുകളായി ചെമ്പേരി, കുടിയാന്മല, നെല്ലിക്കുറ്റി എന്നീ യൂണിറ്റുകളെ തെരഞ്ഞെടുക്കുകയും ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു. മാതൃവേദി ചെമ്പേരി മേഖലാ ആനിമേറ്റർ സിസ്റ്റർ ദീപ്തി എംഎസ്എംഐ, ഷിജി മുട്ടുങ്കൽ, വൽസമ്മ ചാമക്കാലായിൽ, സുജ കാക്കനാട്ട്, സെലിൻ പൊടിമറ്റം, സലോമി കണിയാരോലിക്കൽ, സോജി മനോജ്, ജോമ പാളിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.