Kerala
മൂന്നാർ: ഇടുക്കി മൂന്നാറിൽ വീണ്ടും ഓൺലൈൻ ടാക്സി തടഞ്ഞതായി പരാതി. വിദേശ വനിതകളുമായി പോയ ടാക്സിയാണ് തടഞ്ഞത്.
മൂന്നാറിലെ ടാക്സി ഡ്രൈവർമാരാണ് ഇസ്രായേലി വിദേശികളുമായി കൊച്ചിയിലേക്ക് പോയ വാഹനം തടഞ്ഞത്. സംഭവം ഓൺലൈൻ ടാക്സി ഡ്രൈവർ ആന്റണി പെരുമ്പള്ളി മൂന്നാർ പോലീസിനെ അറിയിച്ചു. ഇതോടെ പോലീസ് സ്ഥലത്തെത്തി.
ഏകദേശം അരമണിക്കൂറോളം വാഹനം തടഞ്ഞു നിർത്തുകയും വിദേശ വനിതകളെ വാഹനത്തിൽ കയറ്റാൻ കഴിയില്ലെന്നും ഓൺലൈൻ ടാക്സി സർവീസ് നടത്താൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വാഹനം തടഞ്ഞത്.
പിന്നീട് പോലീസ് ഇടപെട്ടാണ് ഓൺലൈൻ ടാക്സിയിൽ വിദേശ വനിതകൾക്ക് യാത്ര തുടരാൻ അവസരം ഒരുക്കിയത്.
Kerala
ഇടുക്കി: റവന്യൂ ഭൂമിയിലെ മരം മുറി തടഞ്ഞ സ്പെഷ്യൽ തഹസിൽദാരെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തിയെന്ന് പരാതി. സംഭവത്തിൽ മൂന്നാർ സ്പെഷ്യൽ തഹസിൽദാർ ഗായത്രി ദേവി ജില്ലാ കളക്ടർക്കും പോലീസിലും പരാതി നൽകി.
കഴിഞ്ഞ ഒന്നിന് ദേവികുളത്തെ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ നിന്ന് വ്യാപകമായി മരങ്ങൾ മുറിച്ചിരുന്നു. ഇത് സ്പെഷ്യൽ തഹസിൽദാർ ഇടപെട്ട് തടഞ്ഞു. തുടർന്ന് സിപിഎം നേതാവ് ജോബി ജോൺ ഭീഷണിപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ച ഓഫീസിലെത്തിയ ജോബി തന്നെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഗായത്രി ദേവി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ സ്പെഷ്യൽ തഹസിൽദാരുടെ ആരോപണം ജോബി ജോൺ നിഷേധിച്ചു.
Kerala
ഇടുക്കി: മുംബൈ സ്വദേശിനിയായ യുവതിയെ മൂന്നാറിൽ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് ടാക്സി ഡ്രൈവര്മാരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ സ്വദേശികളായ വിനായകൻ, വിജയകുമാർ എന്നിവരാണ് പിടിയിലായത്.
മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായ ജാൻവി എന്ന യുവതി മൂന്നാർ സന്ദർശിക്കാൻ എത്തിയിരുന്നു. സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിയിൽ യാത്ര ചെയ്തപ്പോഴാണ് പ്രദേശവാസികളായ ടാക്സി ഡ്രൈവർമാരിൽ നിന്നും യുവതിക്ക് ദുരനുഭവമുണ്ടായത്.
ഒക്ടോബർ 31 ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് യുവതി ദുരനുഭവം പങ്കുവച്ചത്. ഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്ന് പറഞ്ഞ് ഡ്രൈവർമാർ ഇവരെ തടയുകയായിരുന്നു.
സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് ഇവർ ഭീഷണിപ്പെടുത്തിയതോടെ യുവതി പോലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു കേരളയാത്ര അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി പറഞ്ഞിരുന്നു. വീഡിയോ ചർച്ചയായതിന് പിന്നാലെ രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. എഎസ്ഐ സാജു പൗലോസിനും ഗ്രേഡ് എസ്ഐ ജോർജ് കുര്യനുമെതിരെയാണ് നടപടിയെടുത്തിരുന്നു.