പയ്യാവൂർ: ഭക്തിനിർഭരമായി കുടക്-മലയാളി ജനത കൈകോര്‍ത്തു നടത്തുന്ന പയ്യാവൂര്‍ ഊട്ട് മഹോത്സവം. ഇന്നലെ നടന്ന കുംഭം പത്ത് ഉത്സവത്തിൽ വലിയ ഭക്തജനത്തിരക്കായിരുന്നു. പ്രധാന ചടങ്ങായ ചൂളിയാട്ടുകാരുടെ ഓമനക്കാഴ്ച പയ്യാവൂര്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നു. കാര്‍ഷിക സാംസ്കാരത്തിന്റെ പൊലിമ തുളുമ്പുന്ന ഓമനകാഴ്ച ഇത്തവണയും വിസ്മയമായി.
പണ്ടെങ്ങോ ഒരു വറുതി കാലത്ത് ഊട്ടൂത്സവം മുടങ്ങി പോയെന്നും അതിനെ തുടര്‍ന്ന് സാക്ഷാല്‍ പരമശിവന് നേരിട്ട് എഴുന്നള്ളി അരി കുടക് നാട്ടില്‍ നിന്നും ഇളനീര് ചേടിച്ചേരി നാട്ടില്‍ നിന്നും മോര് കൂനം നാട്ടില്‍ നിന്നും പഴം ചൂളിയാട് നിന്നും തുടങ്ങി ഊട്ടുത്സവത്തിനവശ്യമായ ഭക്ഷ്യ വിഭവങ്ങള്‍ വിവിധ ദേശങ്ങളില്‍ നിന്നും കൊണ്ട് വരാന്‍ ആവശ്യപ്പെട്ടതായാണ് ഐതിഹ്യം.
ചൂളിയാടുള്ള തീയ്യ സമുദായക്കാര്‍ക്കാണ് പഴക്കുലകള്‍ കൊണ്ടുപോകാനുള്ള അവകാശം. ഒരു വീട്ടിലെ പുരുഷ പ്രജയ്ക്ക് രണ്ടുവാഴക്കുല വീതമെന്നാണ് കണക്ക്. നുറ്റാണ്ടുകള്‍ക് മുന്‍പ് തുടങ്ങിവച്ച ആചാരം കൈമോശം വരാതെ ഇന്നും കൊണ്ടാടുകയാണ്. ഉത്സവം 27ന് സമാപിക്കും.