കൊരട്ടി: നവീകരിച്ച തിരുമുടിക്കുന്ന് ഹൈരാർക്കി മെമ്മോറിയൽ റോഡും ചാലക്കുടി – ആനമല റോഡും നാടിന് സമർപ്പിച്ചു. 210.25 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടുകിലോമീറ്റർ ദൂരം ബിഎംബിസി നിലവാരത്തിൽ പുനരുദ്ധാരണം നടത്തിയതാണ് തിരുമുടിക്കുന്ന് ഹൈരാർക്കി മെമ്മോറിയൽ റോഡ്. ജനപ്രതിനിധികളുടെ ഇടപെടലിനെ തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലുമുള്ള താമസക്കാർ സ്വമേധയാ സ്ഥലംവിട്ടുനൽകിയതോടെ എട്ടുമീറ്റർ വീതിയുള്ള പാത യാഥാർഥ്യമായി.
ചാലക്കുടിയെയും മലക്കപ്പാറയെയും ബന്ധിപ്പിക്കുന്ന ചാലക്കുടി – ആനമല റോഡിൽ കിഫ്ബിയിൽ ഉൾപ്പെടുത്തി 25.258 കോടി രൂപ ചെലവഴിച്ചാണ് 32 കിലോമീറ്റർ ദൂരം നവീകരിച്ചത്. പ്രദേശത്തിന്റെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുന്നതിലും വിനോദസഞ്ചാര - വാണിജ്യ മേഖലകൾക്ക് ഉണർവ് നൽകുന്നതിലും പദ്ധതി സഹായകരമാകും. ഇരുറോഡുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. തിരുമുടിക്കുന്ന് വനിത വ്യവസായ വിപണന കേന്ദ്രത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സനീഷ്കുമാർ ജോസഫ് എംഎൽഎ ശിലാഫലകം അനാച്ഛാദനംചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജാൻസി പൗലോസ്, കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ, തിരുമുടിക്കുന്ന് പള്ളി വികാരി റവ.ഡോ. പോൾ മൂഞ്ഞേലി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ഷോൺ പെല്ലിശേരി, ലിജോ ജോസ്, ജിനി ഡേവീസ്, അനിത വിനീഷ്, വി.കെ. കൃഷ്ണൻ, നിത ജോയ്, മിനി നെൽസൺ, ആൻസി അഗസ്റ്റിൻ, എക്സിക്യൂട്ടീവ് എൻജിനീയർ ഷിബു കൃഷ്ണരാജ്, അസി.എക്സി.എൻജിനീയർ ടി.എൻ. മിനി എന്നിവർ പ്രസംഗിച്ചു.
ആല: ശ്രീനാരായണപുരം പഞ്ചായത്തിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തിയ ആല - ഗോതുരുത്ത് റോഡ് നാടിനു സമർപ്പിച്ചു. റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷതവഹിച്ചു. ജൽജീവൻ മിഷന്റെ റെസ്റ്റൊറേഷൻ പ്രവൃത്തികളും പൂർത്തീകരിച്ചു.
237 ലക്ഷം രൂപയാണ് നിർമാണത്തിനായിവകയിരുത്തിയത്. റോഡ് യാഥാർഥ്യമായതോടെ കൊടുങ്ങല്ലൂർ മേഖലയിലെ യാത്രക്കാർക്ക് എൻഎച്ച് 66 നേയും കൊടുങ്ങല്ലൂർ - ഷൊർണൂർ എസ്എച്ച് 22 നെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായി ഉപയോഗിക്കാൻ സാധിക്കും. ഗോതുരുത്ത് എൽപി സ്കൂളിൽ നടത്തിയ ചടങ്ങിൽ ഇ.ടി. ടൈസൺ എംഎൽഎ വിശിഷ്ടാതിഥിയായി.
പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സി. എൻജിനീയർ സി. രാഗേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷാജി, വൈസ് പ്രസിഡന്റ് സി.എൻ. സതീഷ് കുമാർ, ജില്ലാപഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ സ്വാതി ശ്രീജിത്ത്, രമ്യ പ്രദീപ്, വാർഡ് മെമ്പർ സജിത പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.