കുമരകം: പുഞ്ചകൃഷിയുടെ വിളവെടുപ്പ് കുമരകം, കല്ലറ, കടുത്തുരുത്തി, ചങ്ങനാശേരി, വൈക്കം തുടങ്ങി അപ്പർകുട്ടനാടിന്റെ മിക്കയിടത്തും ആരംഭിച്ചു. ഇപ്പോൾ തുടങ്ങുന്ന കൊയ്ത്ത് ഏപ്രിൽ അവസാനമേ പൂർത്തിയാകൂ. നെല്ലുവിളഞ്ഞുവരുന്ന സമയത്തുതന്നെ മഴ ആരംഭിച്ചത് കർഷകരെ വളരെ പ്രതികൂലമായി ബാധിക്കുമെന്നതിൽ തർക്കമില്ല. വിളഞ്ഞതും വിളയാറായതുമായ നെൽച്ചെടികൾ മഴയോടൊപ്പം കാറ്റു വീശുന്നതോടെ വീണടിയും. നിലത്തു വീണുകിടക്കുന്ന നെൽച്ചെടികൾക്കിടയിലൂടെ മഴവെള്ളം ഒഴുകിമാറി നിലവും കതിരുകളും ഉണങ്ങാൻ ബുദ്ധിമുട്ടാണ്. മഴ തുടർന്നാൽ കതിരുകൾ കിളിർത്തും ചീഞ്ഞഴുകിയും നശിക്കും.
വീണടിയുന്ന നെല്ല് കൊയ്തെടുക്കാൻ ഏറെ സമയം വേണം. കൊയ്ത്ത് യന്ത്രത്തിന് കൂടുതൽ തുക വാടകയായി നൽകേണ്ടിവരും. പ്രതീക്ഷിച്ച വിളവും ലഭിക്കില്ല. നെല്ല് സംഭരിക്കാനെത്തുന്ന മില്ലുകാർ പല കാരണങ്ങളും നിരത്തി കൂടുതൽ കിഴിവ് ആവശ്യപ്പെടാനും മഴയും കാറ്റും സാഹചര്യമൊരുക്കും.
കുമരകം കൃഷിഭവന്റെ കീഴിൽ ഇക്കുറി 29 പാടശേഖരങ്ങളിലായി 1065 ഹെക്ടർ നിലത്താണ് പുഞ്ചകൃഷി ഇറക്കിയത്. ഇവിടെ അടുത്തമാസം ആദ്യം മുതൽ കൊയ്ത്ത് ആരംഭിക്കും. ഏപ്രിൽ 10-ന് മുമ്പ് എല്ലാ പാടശേഖരങ്ങളിലേയും കൊയ്ത്ത് പൂർത്തിയാകുമെന്ന് കൃഷി ഓഫീസർ ആൻ സ്നേഹാ ബേബി പറഞ്ഞു.
അയ്മനത്ത് 15 പാടശേഖരങ്ങളിൽ പുഞ്ചകൃഷി ഉണ്ട്. 620 ഹെക്ടറിലാണ് ആകെ വിതച്ചത് . ഇവിടെ കൊയ്ത്ത് ആരംഭിച്ചു കഴിഞ്ഞു. 12 ഹെക്ടർ മാത്രം വിസ്തീർണമുള്ള നൂറുപറ പാടത്തെ വിളവെടുപ്പു പൂർത്തിയായി. 100 ഹെക്ടറുള്ള മങ്ങാട്ടുകുഴി പുത്തൻകരി പാടത്ത് കൊയ്ത്ത് നടന്നുവരുന്നു. ഏപ്രിൽ അവസാനത്തോടെ അയ്മനത്തും കൊയ്ത്ത് അവസാനിക്കും.
തിരുവാർപ്പിൽ 18 പാടശേഖരങ്ങളിൽ പുഞ്ചകൃഷിയുണ്ട്. ഇവ വലിയ പാടശേഖരങ്ങളായതിനാൽ 1815 ഹെക്ടറിൽ പുഞ്ചകൃഷി ചെയ്യാൻ സാധിക്കുന്നു. അടുത്തമാസം പകുതിയോടെ കൊയ്ത്താരംഭിച്ച് ഏപ്രിൽ മാസത്തിൽ കൊയ്ത്തു പൂർത്തിയാക്കാനാണ് അയ്മനത്തും തീരുമാനം.
കടുത്തുരുത്തി: കടുത്തുരുത്തി പഞ്ചായത്തിലെ മധുരവേലി പടിഞ്ഞാറേപ്പുറം പാടശേഖരത്തിലാണ് നെല്ല് കെട്ടിക്കിടക്കുന്നത്. 320 ടണ്‍ നെല്ലാണ് പാടത്തും പറമ്പിലുമായി കൂട്ടിയിട്ടിരിക്കുന്നത്. 210 ഏക്കര്‍ വരുന്ന പാടശേഖരത്തെ നെല്ലാണ് സംഭരണത്തിന് മാര്‍ഗമില്ലാതെ കിടക്കുന്നത്.
65 കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് പാഡി ഓഫീസറുമായി സംസാരിച്ചപ്പോള്‍ കൊയ്ത്ത് പൂര്‍ത്തിയായാല്‍ ഉടന്‍ സംഭരണത്തിനുള്ള നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നതായി പാടശേഖരസമിതി പ്രസിഡന്റ് കെ.സി. രഘുവരനും സെക്രട്ടറി സിറിയക് ജോസഫും പറഞ്ഞു. ഇതനുസരിച്ചു കൊയ്ത്ത് പൂര്‍ത്തിയായ ഉടന്‍ പാഡി ഓഫീസറെ ബന്ധപ്പെട്ടു. രണ്ട് മില്ലുകാരെ ചുമതലപ്പെടുത്തിയതായി ഓഫീസര്‍ ഇവരെ അറിയിക്കുകയും ചെയ്തു.
എന്നാല്‍ ഓരോ ദിവസവും മില്ലുകാര്‍ വരാമെന്നു പറയുകയല്ലാതെ പാടത്തേക്ക് എത്തുന്നില്ലെന്ന് പാടശേഖര സമിതി ഭാരവാഹികള്‍ പറയുന്നു. ശനിയാഴ്ച രാത്രി പെയ്ത ശക്തമായ മഴയില്‍ നെല്ല് വെള്ളത്തിലാകുന്ന അവസ്ഥയുണ്ടായി. വരും ദിവസങ്ങളിലും മഴ തുടരുമെന്നതിനാല്‍ കര്‍ഷകരെല്ലാം ആശങ്കയിലാണ്. സംഭരണം ഇനിയും വൈകുകയാണെങ്കില്‍ പാഡി മാര്‍ക്കറ്റിംഗ് ഓഫീസിന് മുന്നില്‍ സമര പരിപാടികള്‍ ആരംഭിക്കാനുള്ള നീക്കത്തിലാണ് കര്‍ഷകര്‍.