ആനക്കാടായ ആറളം ഫാമിൽ അടച്ചുറപ്പുള്ള വീടിനായി വൃദ്ധ ദന്പതികളുടെ കാത്തിരിപ്പ്. ബ്ലോക്ക് ഒമ്പത് കാളിക്കയത്തെ താമസക്കാരായ കയമന്- ജാനു ദന്പതികളാണ് ജീവൻ പണയംവച്ച് കഴിയുന്നത്.
ആദിവാസികളുടെ പുനരുദ്ധാരണത്തിന് പദ്ധതികളേറെയുണ്ടെങ്കിലും ഒന്നും ആവശ്യക്കാരിലേക്ക് എത്തുന്നില്ലെന്നതിന്റെ തെളിവാണ് 80കാരനായ കയമന്റെയും 65കാരിയായ ജാനുവിന്റെയും ജീവിതം.
രാത്രി പതിവായി ആനകൾ എത്തുന്ന സ്ഥലത്തെ വീടിന് അടച്ചുറപ്പുള്ള വാതിൽ പോലുമില്ല. മൂത്ത മകൻ ഫാമിന് വെളിയിലാണ് താമസം. പെൺമക്കളെ വിവാഹം കഴിച്ചയച്ചതോടെ ദന്പതികൾ മാത്രമായി വീട്ടിൽ. മൺകട്ടകൊണ്ട് നിർമിച്ച വീടിന്റെ പലഭാഗങ്ങളും ഇടിഞ്ഞുവീണു തുടങ്ങി.
ഒട്ടും സുരക്ഷിതമല്ലാത്ത വീടിന് പകുതിയിലധികം മേൽക്കൂരയുമില്ല. അപസ്മാരരോഗിയായ കയമനെ മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നുണ്ട്. ജാനുവിന് കാഴ്ചക്കുറവുണ്ട്. വൈകുന്നേരം ആറിനുശേഷം ആനയെ പേടിച്ച് ഇവിടേക്ക് വാഹനങ്ങൾ വരില്ല. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.
കണിച്ചാറിലെ നാനാനിപ്പൊയിൽ സങ്കേതത്തിൽ നിന്നാണ് കയമനും കുടുംബവും കാളിക്കയത്ത് എത്തുന്നത്. സമീപവാസിയായ മറ്റൊരാളുമായി പരസ്പരസമ്മതത്തോടെ സ്ഥലം വച്ചുമാറുകയായിരുന്നു. എന്നാൽ, പട്ടയ നന്പർ മാറ്റി ലഭിക്കാൻ കയമനും കുടുംബവും കളക്ടറേറ്റ് വരെ പോയെങ്കിലും നടന്നില്ല.
അന്ന് സ്ഥലം വച്ചുമാറിയവരുടെ പേരുകൾ പോലും കുടുംബത്തിന് ഓർമയില്ല. തമ്പായി എന്നോ തങ്കമണി എന്നോ ആയിരുന്നു അവരുടെ പേരെന്നാണ് ജാനു പറയുന്നത്. സ്ഥലം ഉടമയുടെ മകനായ അമ്പാടിയും കുടുംബവും ഇന്നും അവിടെ താമസമുണ്ടെന്നും സ്ഥലം ഉടമ മരിച്ചെന്നുമാണ് ഇവർ പറയുന്നത്.
പട്ടയത്തിന്റെ നമ്പർ മാറ്റി ലഭിക്കാൻ ഇനിയെന്തു ചെയ്യണമെന്നും കുടുംബത്തിനറിയില്ല. അതിനിടെ പട്ടയവും കാണാനില്ലെന്ന് ഇവർ പറയുന്നു. രണ്ടു വർഷം മുമ്പ് അന്നത്തെ ടിആർഡിഎം ഓഫിസറും പ്രമോട്ടറും വീട്ടിലെത്തി നമ്പർ മാറ്റാനായി പട്ടയം വാങ്ങിക്കൊണ്ടു പോയെന്നാണ് കയമൻ പറയുന്നത്.
എന്നാൽ അങ്ങനെ ഒരു പട്ടയത്തെക്കുറിച്ച് അറിയില്ലെന്ന് ടിആർഡിഎം അധികൃതർ പറയുന്നു.