കാഞ്ഞിരപ്പള്ളി: കരിമ്പുകയം ടൂറിസം പദ്ധതിയുടെയും പാര്‍ക്കിംഗിന്റെയും ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം തോമസ് കുന്നപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു, വാര്‍ഡംഗം റിജോ വാളാന്തറ തുടങ്ങിയവര്‍ പ്രസംഗിക്കും.
ജലസേചനവകുപ്പ് മൂന്ന് ഭാഗങ്ങളായി 1.57 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ മണിമലയാറിന്റെ തീരം വേലി സ്ഥാപിച്ച് കെട്ടിയെടുത്ത് സായാഹ്ന വിശ്രമത്തിനും നടക്കാനും വ്യായാമം ചെയ്യുന്നതിനുമായി സ്ഥലം ഒരുക്കിയിട്ടുണ്ട്. ഇരിക്കാനുള്ള ഇരിപ്പിടങ്ങളും നടപ്പാതകളില്‍ ടൈല്‍ പാകിയും മനോഹരമാക്കിയിട്ടുണ്ട്. കുളിക്കടവുകളും ഇതിനൊപ്പം നവീകരിച്ച് നിര്‍മിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലേക്കും 300 മീറ്റര്‍ വീതമാണ് വിശ്രമ കേന്ദ്രങ്ങളൊരുക്കിയിരിക്കുന്നത്.
നേരത്തേ പ്രളയത്തില്‍ തകര്‍ന്ന കരിമ്പുകയം പാലത്തിന്റെ കൈവരികളും സംരക്ഷണഭിത്തിയും നവീകരിച്ചിരുന്നു. ചെടികൾ ഉള്‍പ്പെടെ നട്ടുപിടിപ്പിച്ച് സൗന്ദര്യവത്കരണവും നടത്തും.