Kerala
കണ്ണൂർ: ഭാര്യയുടെ ചികിത്സക്ക് പണം കണ്ടെത്താനും ജപ്തി നടപടികൾ ഒഴിവാക്കാനും1500 രൂപയുടെ നറുക്കെടുപ്പ് കൂപ്പണുമായി രംഗത്തെത്തിയ മുൻ പ്രവാസിയെ അറസ്റ്റ് ചെയ്തു.
1500 രൂപയുടെ കൂപ്പൺ എടുത്താൽ സമ്മാനമായി 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്ത കേളകം പഞ്ചായത്ത് അടക്കാടത്തോട് കാട്ടുപാലം ബെന്നി തോമസാണ് പിടിയിലായത്.
ലോട്ടറി വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശനിയാഴ്ചയാണ് നറുക്കെടുപ്പ് തീയതി നിശ്ചയിച്ചത്. ഇന്ന് രാവിലെ പോലീസെത്തി ബെന്നിയെ കസ്റ്റഡിയിൽ എടുക്കുകയും വിൽക്കാൻ ബാക്കിയുള്ള കൂപ്പണുകൾ പിടിച്ചെടുക്കുകയും ചെയ്തു.
എന്നാൽ, 2025 മാർച്ചിൽ കൂപ്പൺ വിൽപ്പന തുടങ്ങിയപ്പോൾ പോലീസ് അന്വേഷണം നടത്തിയിരുന്നെന്നും തടസമില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് മുന്നോട്ടുപോയതെന്നും ബെന്നി പറയുന്നു. ബെന്നിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
26 സെന്റില്‍ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി യൂസ്ഡ് ഥാര്‍, മൂന്നാം സമ്മാനമായി കാര്‍, നാലാം സമ്മാനമായി ബുള്ളറ്റ് എന്നിവയുമുണ്ടായിരുന്നു.
നറുക്കെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിനം കൂപ്പണ്‍ വില്‍പ്പന തീരാത്തതിനാല്‍ 80 ശതമാനം വില്പന പൂര്ത്തീകരിച്ചുകഴിഞ്ഞാല് ഉടന്‍ നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനിടെയാണ് അറസ്റ്റ്.
Kerala
തിരുവനന്തപുരം: കാട്ടുപന്നി ഓട്ടോറിക്ഷയിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലറ സ്വദേശി അഖിൽ രാജ് ആണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാത്രി 9:15 നാണ് അപകടം നടന്നത്. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണംസംഭവിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Kerala
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സലഭിക്കാതെ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ പുതിയ ശബ്ദസന്ദേശങ്ങൾ പുറത്ത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കുമോയെന്നും സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോയെന്നും വേണു ചോദിക്കുന്നു.
ഒരു ബന്ധുവിന് അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അത്രമാത്രം സങ്കടം വന്നിട്ടാണ് താൻ ഈ സന്ദേശം അയക്കുന്നതെന്നും ഇത് പൊതുസമൂഹത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരണമെന്നും വേണു ഇതിൽ പറയുന്നുണ്ട്. ഒരു ആൻജിയോഗ്രാമും എക്കോയും എടുക്കുന്നതിന് വേണ്ടിയാണോ ഈ അഞ്ചു ദിവസം.
ഈ ദിവസത്തിനുള്ളിൽ ഈ ശരീരത്തിന് എന്തെങ്കിലും സംഭവിച്ചാൽ, ആരോഗ്യം വഷളായാൽ എന്തു ചെയ്യും. എന്റെ കുടുംബത്തിന് സംഭവിക്കുന്ന നഷ്ടം ഇവരെക്കൊണ്ട് നികത്താൻ സാധിക്കുമോ. എന്തൊരു മര്യാദയില്ലാത്ത ഇടപെടലാണ് ഇവർ കാണിക്കുന്നത്. തനിക്ക് എന്തെങ്കിലും പറ്റിയാല്‍ ഒരാളെയും വെറുതെ വിടരുത്.
കോടതിയ്ക്ക് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ നല്‍കണമെന്നും വേണു സന്ദേശത്തില്‍ വ്യക്തമാക്കി. എന്തുകൊണ്ട് ആന്‍ജിയോഗ്രാം ചെയ്യുന്നില്ലെന്ന് അറിയില്ലെന്നും വേണു പറയുന്നുണ്ട്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അയച്ച ശബ്ദ സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നത്.
Kerala
ഇടുക്കി: ആസിഡ് ഒഴിച്ച് സഹോദപുത്രനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി മരിച്ചു. ആസിഡ് ആക്രമണത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കേസിലെ പ്രതിയും ഏറ്റുമാനൂര്‍ കാട്ടാച്ചിറ സ്വദേശിനിയുമായ തങ്കമ്മ(82) ആണ് മരിച്ചത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ തങ്കമ്മയെ ആദ്യം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മരണം.
സഹോദരപുത്രനായ സുകുമാരനെയായിരുന്നു തങ്കമ്മ സാമ്പത്തിക തര്‍ക്കങ്ങള തുടര്‍ന്ന് കൊലപ്പെടുത്തിയത്. ഒക്ടോബര്‍ 25ന് വൈകുന്നേരമായിരുന്നു സംഭവം നടന്നത്. തങ്കമ്മയുടെ സ്വര്‍ണം പണയംവച്ചതുമായി ബന്ധപ്പെട്ട് സുകുമാരനുമായി തര്‍ക്കവും കേസുമുണ്ടായിരുന്നു. പിന്നീട് ഇരുവരും രമ്യതയില്‍ എത്തിയിരുന്നു.
കഴിഞ്ഞയാഴ്ച തങ്കമ്മ സുകുമാരന്റെ വീട്ടിലെത്തുക്കുയും സ്വര്‍ണം പണയംവച്ചതുമായി ബന്ധപ്പെട്ട് ഇരുവരും വീണ്ടും തർക്കമുണ്ടാകുകയും ചെയ്തു. ഇതിനുശേഷം സോഫയില്‍ കിടക്കുകയായിരുന്ന സുകുമാരന്റെ മുഖത്ത് തങ്കമ്മ ആസിഡ് ഒഴിക്കുകയായിരുന്നു.
ആസിഡ് സുകുമാരന്റെ ഉള്ളില്‍ എത്തിയിരുന്നു. ഇതില്‍നിന്ന് ആന്തരികാവയവങ്ങള്‍ക്ക് പൊള്ളലേറ്റായിരുന്നു സുകുമാരന്റെ മരണമെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
Kerala
തൃശൂർ: ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്ന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
ശനിയാഴ്ച രാവിലെ തൃശൂരിൽ ആധാരമെഴുത്തുകാരുടെ സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാനെത്തിയ മന്ത്രിയെ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
റവന്യൂ മന്ത്രി കെ. രാജനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാജോർജും മന്ത്രിയുടെ ആരോഗ്യ നില ഡോക്ടർമാരെ വിളിച്ച് അന്വേഷിക്കുകയും മന്ത്രിയുടെ വിദഗ്ധ ചികിത്സയ്ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം നല്‍കുകയും ചെയ്തു.
മന്ത്രിയുടെ ചികിത്സക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട്.
Kerala
ആലപ്പുഴ: ദേഹാസ്വാസ്ഥ്യത്തെ തുടർന്നു മന്ത്രി പി. പ്രസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേർത്തല താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്.
ഓണ പരിപാടി കഴിഞ്ഞ് മടങ്ങവെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മന്ത്രിക്ക് ബിപി കൂടിയതാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചികിത്സയ്ക്കുശേഷം മന്ത്രി ആശുപത്രിയിൽനിന്നും മടങ്ങി.