പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ റാലി ജില്ലയില്‍ എത്തുന്നതിനു മുന്നോടിയായി സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനും സ്ഥാനാര്‍ഥിയെ വേദിയില്‍ അവതരിപ്പിക്കാനുമാണ് തീരുമാനം. വിജയസാധ്യത മാത്രം പരിഗണനയ്ക്കെടുത്താല്‍ മതിയെന്നും ജനപിന്തുണയില്ലാത്തവരെ സ്ഥാനാര്‍ഥികളാക്കരുതെന്നും കേന്ദ്ര നിര്‍ദേശമുണ്ട്.
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ഉറപ്പാക്കാന്‍ യുഡിഎഫ് നേതാക്കള്‍ അടുത്തയാഴ്ച മുതല്‍ മണ്ഡലംതല യോഗങ്ങള്‍ കൂടും. വരുംദിവസങ്ങളിലെ പഞ്ചായത്ത് ഗ്രാമസഭകളില്‍ സജീവമായി പങ്കെടുക്കാനും വികസനപദ്ധതികള്‍ ആവിഷ്കരിക്കാനും യുഡിഎഫ് മെംബര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനു ശേഷം വാര്‍ഡ് യോഗങ്ങള്‍ സമ്മേളിച്ചു പ്രദേശിക തലത്തില്‍ മുന്നണിയെ ശക്തിപ്പെടുത്തും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ റാലി ജില്ലയില്‍ എത്തുന്നതിനു മുന്നോടിയായി സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനും സ്ഥാനാര്‍ഥിയെ വേദിയില്‍ അവതരിപ്പിക്കാനുമാണ് തീരുമാനം. വിജയസാധ്യത മാത്രം പരിഗണനയ്ക്കെടുത്താല്‍ മതിയെന്നും ജനപിന്തുണയില്ലാത്തവരെ സ്ഥാനാര്‍ഥികളാക്കരുതെന്നും കേന്ദ്ര നിര്‍ദേശമുണ്ട്.
2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം നേടിയത് വൈക്കം അസംബ്ലി മണ്ഡലത്തില്‍ മാത്രമാണ്. എല്‍ഡിഎഫിലെ തോമസ് ചാഴികാടന് യുഡിഎഫിലെ ഫ്രാന്‍സിസ് ജോര്ജിനെക്കാള് 5196 വോട്ടുകള്‍ അധികം നേടി. എന്‍ഡിഎയില്‍ തുഷാര്‍ വെള്ളാപ്പള്ളി 27,515 വോട്ടുകള്‍ നേടി. തദ്ദേശ തെരഞ്ഞെടുപ്പിലും ആകെ വോട്ടുകളില്‍ എല്‍ഡിഎഫിനു മുന്‍തൂക്കം ലഭിച്ചത് വൈക്കത്തു മാത്രമാണ്.
കോട്ടയം ജില്ലയില്‍ ചങ്ങനാശേരി അസംബ്ലി മണ്ഡലം മാവേലിക്കര ലോക്സഭാമണ്ഡല പരിധിയിലാണ്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ അസംബ്ലി മണ്ഡലങ്ങള്‍ പത്തനംതിട്ട ലോക്സഭയിലും. പുതുപ്പള്ളി, പാലാ, കോട്ടയം, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം അസംബ്ലി സീറ്റുകള്‍ കോട്ടയം ലോക്സഭാ മണ്ഡലത്തിലും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിവിധ അസംബ്ലി മണ്ഡലങ്ങളില്‍ മുന്നു മുന്നണി സ്ഥാനാര്‍ഥികളും നേടിയ വോട്ടുനില ചുവടെ.
ചങ്ങനാശേരി: യുഡിഎഫ്- 54,843 എല്‍ഡിഎഫ്-38,393, എന്‍ഡിഎ-14,276. കാഞ്ഞിരപ്പള്ളി: യുഡിഎഫ്- 50,705 എല്‍ഡിഎഫ്- 40,905 എന്‍ഡിഎ-30,013. പൂഞ്ഞാര്‍: യുഡിഎഫ്-51,932 എല്‍ഡിഎഫ്-39,322 എന്‍ഡിഎ-27,053. കോട്ടയം: യുഡിഎഫ്- 52,255 എല്‍ഡിഎഫ്-39,830, എന്‍ഡിഎ-22,505. പുതുപ്പള്ളി: യുഡിഎഫ്-59,077 എല്‍ഡിഎഫ്-31,974, എന്‍ഡിഎ-21,915. കോട്ടയം: യുഡിഎഫ്-46,644 എല്‍ഡിഎഫ്-31,804 എന്‍ഡിഎ- 24,214. ഏറ്റുമാനൂര്‍: യുഡിഎഫ്-46,871 എല്‍ഡിഎഫ്-37,261 എന്‍ഡിഎ-24,412. വൈക്കം: യുഡിഎഫ്- 40,066 എല്‍ഡിഎഫ്-45,262 എന്‍ഡിഎ- 27,515.
നിലവില്‍ കോട്ടയം, കടുത്തുരുത്തി, പാലാ, പുതുപ്പള്ളി അസംബ്ലി മണ്ഡലങ്ങള്‍ മാത്രമാണ് യുഡിഎഫിനുള്ളത്. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനും പാലായില്‍ മാണി സി. കാപ്പനും വീണ്ടും മത്സരിക്കും.
എല്‍ഡിഎഫില്‍ ചങ്ങനാശേരിയില്‍ ജോബ് മൈക്കിളും ഏറ്റുമാനൂരില്‍ വി.എന്‍. വാസവനും പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കലും കാഞ്ഞിരപ്പള്ളിയില്‍ എന്‍. ജയരാജും വീണ്ടും സ്ഥാനാര്‍ഥികളാകും.
ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുത്ത് പൂഞ്ഞാര്‍ കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗത്തിനു നല്‍കണമെന്ന് കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ട്. എന്നാല്‍ ഇതിനോട് ജോസഫ് വിഭാഗം യോജിക്കുന്നില്ല. കഴിഞ്ഞ തവണ പരാജയം സംഭവിച്ചതില്‍ യുഡിഎഫിന് വിജയസാധ്യതയുള്ള സീറ്റുകള്‍ തിരികെ പിടിക്കാന്‍ ജനപിന്തുണയുള്ളവരെ കണ്ടെത്താനാണ് തീരുമാനം.