നെടുങ്കണ്ടം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാലയിട്ട് സ്വീകരിക്കണമെന്ന ടിജിന്റെ ആഗ്രഹം സഫലീകരിച്ച്
പുതുയുഗയാത്ര. യൂത്ത് കോൺഗ്രസ് നെടുങ്കണ്ടം മണ്ഡലം വൈസ് പ്രസിഡന്റും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്ന താന്നിമൂട് കോയിക്കേരി വടക്കേതില്‍ ടിജിന് തോമസിന് അപൂർവ രോഗം ബാധിച്ചത് ഒന്നര വർഷം മുമ്പാണ് .
തലച്ചോറിലേക്കുള്ള ഞരമ്പില്‍ കുമിളകള്‍ രൂപപ്പെട്ട് പൊട്ടുന്ന അപൂര്‍വരോഗം ബാധിച്ച ടിജിന്റെ ജീവിതം തിരികെ കിട്ടിയതുതന്നെ അദ്ഭുതമാണ്.
വയറിംഗ്, പ്ലംബിംഗ് ജോലിക്കാരനായ ടിജിന് ജോലിക്ക് പോകുന്നതിനായി തയാറെടുക്കുന്നതിനിടെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. വീട്ടുകാര്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും പിന്നീടാണ് രോഗം കണ്ടുപിടിച്ചത്. ശസ്ത്രകിയകൾക്കു മാത്രം 20 ലക്ഷത്തോളം രൂപ ചെലവായി. നെടുങ്കണ്ടത്തെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗത്തെ ആളുകള്‍ ചേര്‍ന്ന് ടിജിന് ചികിത്സാ സഹായ നിധിക്ക് രൂപം നല്‍കിയാണ് ചികിത്സ നടത്തിയത്.
ജീവിതത്തിലേക്ക് തിരിച്ചെത്തിയ ടിജിന് പരസഹായമില്ലാതെ നടക്കാൻ പ്രയാസമാണ്. വീട്ടിൽത്തന്നെ വിശ്രമിക്കുന്ന ടിജിനെ കഴിഞ്ഞ ദിവസം കാണാനെത്തിയ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജിറ്റോ ഇലുപ്പുലിക്കാട്ടിനോട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ സ്വീകരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു.
ഇന്നലെ രാവിലെതന്നെ ഇദ്ദേഹം, ടിജിനെ പരിപാടി നടക്കുന്നിടത്ത് എത്തിച്ചു. സ്റ്റേജിന് സമീപം കസേരയിൽ കാത്തിരുന്ന ടിജിന്റെ അടുത്തെത്തി പ്രതിപക്ഷ നേതാവ് മാലയിട്ട് കെട്ടിപ്പിടിച്ചു. ടിജിനും തിരിച്ച് സ്വീകരിച്ചപ്പോൾ നല്ല പരിചയം തോന്നുന്നതായി പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ കണ്ണുനിറഞ്ഞ് ടിജിൻ സന്തോഷം പ്രകടിപ്പിച്ചു.