ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറം ദേശീയ കൺവൻഷൻ ശനിയാഴ്ച ബർമിംഗ്ഹാമിലെ ന്യൂ ബിംഗ്ലി ഹാളിൽ നടക്കും. രൂപതയിലെ മുഴുവൻ ഇടവക/മിഷൻ /പ്രൊപ്പോസഡ് മിഷൻ കേന്ദ്രങ്ങളിൽ നിന്നുമുള്ള വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
രാവിലെ 8.30ന് രജിസ്ട്രേഷൻ നടപടികളോടെ ആരംഭിക്കുന്ന സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്യും. വിമൻസ് ഫോറം രൂപത പ്രസിഡന്റ് ട്വിങ്കിൾ റെയ്സൺ അധ്യക്ഷത വഹിക്കും.
തുടർന്ന് നടക്കുന്ന സിമ്പോസിയത്തിൽ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, ഡയറക്ടർ റവ. സി. ജീൻ മാത്യു എസ്എച്ച്, ജോളി മാത്യു, ഡോ. ഷിൻസി മാത്യു, മെർലിൻ മാത്യു എന്നിവരും സംസാരിക്കും.
ഡിംപിൾ വർഗീസ് സ്വാഗതവും ഷീജാ ജേക്കബ് നന്ദി പ്രകാശനവും നടത്തും. സമ്മേളനത്തിന് ശേഷം പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണം നടക്കും. സമ്മേളനത്തോടനുബന്ധിച്ച് വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീർ പ്രകാശനം, വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായവർക്കുള്ള സമ്മാന ദാനം, പുതിയ ഭാരവാഹികളുടെ സ്ഥാനമേക്കൽ ചടങ്ങ്, വിവിധ റീജിയണുകളിൽ നിന്നുള്ള കലാപരിപാടികൾ എന്നിവയും നടക്കും.
വിമൻസ് ഫോറം കമ്മീഷൻ ചെയർമാൻ റവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ ഡയറക്ടർ റവ. ഡോ. സി. ജീൻ മാത്യു എസ്എച്ച് , ട്വിങ്കിൾ റെയ്സൺ, അൽഫോൻസാ കുര്യൻ, ഡിംപിൾ വർഗീസ്, ഷീജാ ജേക്കബ്, ഡോളി ജോസി എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പരിപാടികൾക്ക് നേതൃത്വം വഹിക്കും.