പാറ്റ്ന: രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) സ്ഥാപകൻ ലാലു പ്രസാദ് യാദവിന്റെ ഇളയ മകൻ തേജസ്വി യാദവിനെ പാർട്ടി വർക്കിംഗ് പ്രസിഡന്റായി നിയമിച്ചു.
പാറ്റ്നയിൽ ചേർന്ന ആർജെഡി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം. ലാലു പ്രസാദ് യാദവും തേജസ്വി യാദവും യോഗത്തിൽ പങ്കെടുത്തു. വർക്കിംഗ് പ്രസിഡന്റ് സ്ഥാനം നോട്ടമിട്ടിരുന്ന ലാലുവിന്റെ മൂത്തമകളും പാടലിപുത്ര എംപിയുമായ മിസ ഭാരതിയുടെ സാന്നിധ്യവും യോഗത്തിനുണ്ടായിരുന്നു.
ബിഹാർ മുൻ ഉപമുഖ്യമന്ത്രിയായ തേജസ്വി ഇപ്പോൾ സംസ്ഥാന പ്രതിപക്ഷ നേതാവാണ്. ബൂത്ത് തലം മുതൽ പാർട്ടിയെ സജീവമാക്കുകയാണ് ലക്ഷ്യമെന്ന് തേജസ്വി പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ് തീരുമാനത്തിനെതിരേ ലാലുവിന്റെ മറ്റൊരു മകൾ രോഹിണി ആചാര്യ പരസ്യമായി പ്രതികരിച്ചു.