Kerala
കല്‍പ്പറ്റ: വിവാദങ്ങൾക്കിടെ വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന് രാജിവച്ചു. എൻ.എം. വിജയൻ, മുല്ലൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്ത് എന്നിവരുടെ ആത്മഹത്യകൾ ഉൾപ്പെടെ കോൺഗ്രസിലെ പ്രശ്നങ്ങൾ സംസ്ഥാന നേതൃത്വത്തിന് തീരാതലവേദനയായി തുടരുന്നതിനിടെയാണ് രാജി പ്രഖ്യാപനം.
അടുത്തിടെ, വയനാട് എംപി പ്രിയങ്കഗാന്ധിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് എൻ.ഡി. അപ്പച്ചൻ നടത്തിയ പരാമർശം കോൺഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെ, പ്രിയങ്കയുടെ ആവശ്യപ്രകാരമാണ് കെപിസിസി നേതൃത്വം രാജി ചോദിച്ചുവാങ്ങിയതെന്നാണ് സൂചന. നിലവിൽ അപ്പച്ചൻ രാജിക്കത്ത് നേതൃത്വത്തിന് കൈമാറി.
അതേസമയം കെപിസിസി പറയുന്നതിന് അനുസരിച്ച് ചെയ്യുമെന്നും നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നുവെന്നും രാജിക്ക് പിന്നാലെ എൻ.ഡി. അപ്പച്ചൻ പ്രതികരിച്ചു. രാജിക്കാര്യത്തിൽ പാർട്ടി വിശദീകരണം നൽകും. കൂടുതൽ കാര്യങ്ങൾ പറയേണ്ടത് കെപിസിസിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കല്‍പ്പറ്റ നഗരസഭാ അധ്യക്ഷൻ ടി.ജെ. ഐസക്കിനാണ് വയനാട് ഡിസിസിയുടെ പകരം ചുമതല. ഐസക്ക് തന്നെ അടുത്ത ഡിസിസി അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കെപിസിസി അംഗവും മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ കെ.ഇ. വിനയന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പരിഗണനയിലുണ്ട്.
Kerala
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ നിലപാട് മയപ്പെടുത്തി കോൺഗ്രസ് ജില്ലാ നേതൃത്വം. രാഹുലിന്റെ സസ്പെൻഷൻ അച്ചടക്ക നടപടി മാത്രമാണെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെ ഒറ്റപ്പെടുത്തേണ്ടതില്ല. അദ്ദേഹത്തെ കാണുമ്പോൾ വഴിമാറിപ്പോകേണ്ടതില്ല. സംസാരിക്കേണ്ടെന്നും ആരോടും പറഞ്ഞിട്ടില്ല. പാലക്കാട്ടെ ജനങ്ങളുടെ കാര്യം നോക്കാനാണ് രാഹുൽ മണ്ഡലത്തിൽ വന്നതെന്നും തങ്കപ്പൻ കൂട്ടിച്ചേർത്തു.
രാഹുലിനെ കാണുമ്പോൾ പരിചയമുള്ളവർ കൈ കൊടുക്കുകയും സംസാരിക്കുകയും ചെയ്യും. രാഹുലിന് യാതൊരു സ്വീകരണവും നൽകിയിട്ടില്ല. എംഎൽഎ എന്ന നിലയിൽ അദ്ദേഹവുമായി സഹകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Kerala
കൊച്ചി: കെ.ജെ. ഷൈനിനെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് ആവർത്തിച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലാ സെക്രട്ടറിയെ ഒളികാമറയിൽ കുടുക്കിയ പാർട്ടിയാണ് സിപിഎം. അന്ന് ഇതിനു പിന്നിൽ ഉണ്ടായിരുന്നവർ പലരും ഇന്ന് ജില്ലാ നേതൃത്വത്തിൽ ഉണ്ടെന്നും ഷിയാസ് ആരോപിച്ചു.
ബോംബ് പൊട്ടും എന്ന് പറഞ്ഞ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ പേര് ഷൈൻ ടീച്ചർ പറയട്ടെ. തെളിവില്ലാത്ത ആരോപണങ്ങൾ സൈബർ ഇടങ്ങളിൽ പങ്കുവയ്ക്കുന്നത് ശരിയല്ല. പാർട്ടിയിൽ ചുമതലയുള്ളവർ ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ തിരുത്താൻ നിർദേശം നൽകും.
പ്രതിപക്ഷ നേതാവിനുമേൽ കുതിര കയറേണ്ട. വി.ഡി. സതീശൻ ആരാണെന്ന് പറവൂരിലെ ജനങ്ങൾക്കറിയാമെന്നും ഷിയാസ് കൂട്ടിച്ചേർത്തു.