കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ജോഷി ഫിലിപ്പ് ചുമതലയേറ്റു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പെണ്ണമ്മ ജോസഫിനെ ഏഴിനെതിരേ 16 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടത്.
ജില്ലാ പഞ്ചായത്ത് വാകത്താനം ഡിവിഷന് അംഗമാണ് ജോഷി ഫിലിപ്പ്. 2015-20 ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ ആദ്യ ടേം ജോഷി പ്രസിഡന്റായിരുന്നു. മുന്‍ ഡിസിസി പ്രസിഡന്റ് കൂടിയായ ജോഷി നിലവില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്.
വൈസ് പ്രസിഡന്റായി തലനാട് ഡിവിഷനില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം ബിന്ദു സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണയനുസരിച്ച് ആദ്യ നാലു വര്‍ഷം ജോഷി ഫിലിപ്പിനും അവസാന ഒരു വര്‍ഷം കേരള കോണ്‍ഗ്രസ് പ്രതിനിധിക്കുമാണ് പ്രസിഡന്റ് സ്ഥാനം.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ വരണാധികാരിയായിരുന്നു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോഷി ഫിലിപ്പ് ചേതന്‍കുമാര്‍ മീണയ്ക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.