കാട്ടാക്കട : നിയന്ത്രണം തെറ്റിയ ഇലക്ട്രിക് കാർ കടയിലേക്ക് ഇടിച്ചു കയറി. കാട്ടാക്കട പ്ലാവൂരിന് സമീപത്തെ ജനസേവ കേന്ദ്രം ഷോപ്പിലേക്കാണ് കാർ ഇടിച്ചു കയറിയത്. ജനസേവ കേന്ദ്രത്തിനകത്ത് ഫോട്ടോസ്റ്റാറ്റ് എടുക്കാൻ വന്ന സമീപവാസിയായ സുമേജിനെ കാർ ഇടിച്ചു തെറിപ്പിച്ചു.
കടയുടെ മുന്നിലുണ്ടായിരുന്ന ഒരു സ്കൂട്ടർ തകർത്ത ശേഷമാണ് കാർ പാഞ്ഞുകയറിയത്. എയർബാഗ് പൊട്ടിയതിനാൽ ഡ്രൈവർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന യുവാവിനെ പരിക്കുകളോടെ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 7.45 നായിരുന്നു അപകടം. പോലീസ് സ്ഥലത്തെത്തി കാർ ഡ്രൈവറെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. കടയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.