അടൂർ: കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും അന്തര്‍ സംസ്ഥാനം ഉള്‍പ്പെടെ പുതിയ സര്‍വീസുകള്‍ മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ഇന്ന് വൈകുന്നേരം നാലിന് ഫ്ളാഗ് ഓഫ് ചെയ്യും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
അടൂര്‍ - മാനന്തവാടി പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ദീര്‍ഘദൂര സര്‍വീസ് , അടൂര്‍ - ബംഗളൂരു വാരാന്ത്യ അന്തര്‍ സംസ്ഥാന സര്‍വീസ് എന്നിവയാണ് പുതുതായി ആരംഭിക്കുന്ന പ്രധാന സര്‍വീസുകൾ. സൂപ്പര്‍ഫാസ്റ്റ് ശ്രേണിയില്‍ നിലവില്‍ സര്‍വീസ് നടത്തുന്ന അടൂര്‍ - കോയമ്പത്തൂര്‍ സര്‍വീസ് കാറ്റഗറി പരിഷ്കരിച്ച് പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് ആക്കി ഉയര്‍ത്തിയതും കോവിഡ് കാലയളവില്‍ സര്‍വീസ് നിര്‍ത്തിയ അടൂർ- തേപ്പുപാറ ഓര്‍ഡിനറി സര്‍വീസ് പുനരാരംഭിക്കുന്നതിന്റെയും ഫ്ളാഗ് ഓഫ് മന്ത്രി നിര്‍വഹിക്കും.
അടൂര്‍ കെഎസ്ആര്‍ടിസി യാര്‍ഡ് നിര്‍മാണം, അടൂര്‍ ഡിപ്പോ ബസ് ഷെല്‍ട്ടര്‍, പന്തളം ഓപ്പറേറ്റിങ് സെന്റര്‍ നിര്‍മാണം, അടൂര്‍ ഡിപ്പോ പന്തളം ഓപ്പറേറ്റിംഗ് സെന്റര്‍ എന്നിവയ്ക്ക് ഹൈമാസ്റ്റ് ലൈറ്റുകള്‍ അടക്കമുള്ള പ്രവൃത്തി പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ അറിയിച്ചു.
അടൂര്‍ സ്റ്റാന്‍ഡില്‍ ബസുകള്‍ പ്രവേശിക്കില്ല
അടൂര്‍: കെഎസ്ആര്‍ടിസി ഡിപ്പോയിലെ യാര്‍ഡ് പുനര്‍നിര്‍മാണ ജോലികളുടെ ഭാഗമായി ഇന്നുമുതല്‍ മാര്‍ച്ച് 20 വരെ അടൂര്‍ സ്റ്റാന്‍ഡില്‍ ബസുകൾ പ്രവേശിക്കില്ല. ഇക്കാലയളവില്‍ ബസുകള്‍ സ്റ്റാന്‍ഡിനു മുമ്പില്‍ നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുമെന്ന് അടൂര്‍ എടിഒ അറിയിച്ചു.
തിരുവനന്തപുരം-കുമളി റൂട്ടിൽ പ്രീമിയം സൂപ്പർ ഫാസ്റ്റ്
പത്തനംതിട്ട: കെഎസ്ആർടിസി തിരുവനന്തപുരം - കുമളി റൂട്ടിൽ ഒരു പ്രീമിയം സൂപ്പർ ഫാസറ്റ് കൂടി അനുവദിച്ചു.
കിളിമാനൂർ, ആയൂർ, അഞ്ചൽ, പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, എരുമേലി, മുണ്ടക്കയം വഴിയാണ് കുമളിയിലെത്തുക. രാത്രി 11ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന ബസ് 1.30ന് കോന്നി, രണ്ടിന് പത്തനംതിട്ട, 2.25ന് റാന്നി, 2.50ന് എരുമേലിയിലും 4.50ന് കുമളിയിലുമെത്തുന്ന തരത്തിലാണ് സമയക്രമീകരണം.
രാത്രി എട്ടിന് കുമളിയിൽ നിന്ന് ഇതേ റൂട്ടിൽ തിരുവനന്തപുരത്തേക്ക് ഒരു സൂപ്പർ ഫാസ്റ്റ് ബസ് കഴിഞ്ഞദിവസം തുടങ്ങിയിരുന്നു. 10.20ന് റാന്നി, 11.05ന് പത്തനംതിട്ട, 11.30ന് കോന്നി, പുലർച്ചെ 1.45ന് തിരുവനന്തപുരം എന്നിങ്ങനെയാണ് സമയക്രമീകരണം. രാത്രികാല തിരുവന്തപുരം ബസിന് മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്നുണ്ടായിരിക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. നേരത്തേ രാത്രി പത്തിന് പത്തനംതിട്ടയിൽ എത്തിയിരുന്ന കട്ടപ്പന - തിരുവനന്തപുരം ബസായിരുന്നു തിരുവനന്തപുരത്തേക്കുള്ള അവസാന ബസ്.