Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health And Development

Thiruvananthapuram

ആ​രോ​ഗ്യ, വി​ക​സ​ന മേ​ഖ​ല​കളെ ചേർത്തുപിടിച്ച് ബി​ജെ​പി ഭ​ര​ണ​സ​മി​തിയു​ടെ ക​ന്നി ബ​ജ​റ്റ്

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ, വി​ക​സ​ന മേ​ഖ​ല​ക​ൾ​ക്ക് ഉൗ​ന്ന​ൽ ന​ൽ​കി ബി​ജെ​പി ഭ​ര​ണ​സ​മി​തി​യു​ടെ ക​ന്നി ന​ഗ​ര​സ​ഭാ ബ​ജ​റ്റ്. കോ​ർ​പ​റേ​ഷ​ന്‍റെ സ്വ​ന്തം ഭ​വ​ന​പ​ദ്ധ​തി​യി​ലൂ​ടെ ന​ഗ​ര​ത്തി​ലെ ര​ണ്ടാ​യി​രം കു​ടും​ബ​ങ്ങ​ൾ​ക്ക് വീ​ടു​വച്ചു ന​ൽ​കു​മെ​ന്ന​തു​ൾ​പ്പെ​ടെ വ​ന്പ​ൻ പ​ദ്ധ​തി​ക​ളാ​ണ് ഡ​പ്യൂ​ട്ടി മേ​യ​ർ ആ​ശാ​നാ​ഥ് ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച​ത്. മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യെ വി​മ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ബ​ജ​റ്റ് പ്ര​സം​ഗം.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ വി​ഹി​ത​മി​ല്ലാ​തെ കോ​ർ​പ​റേ​ഷ​ൻ സ്വ​ന്തം​നി​ല​യി​ൽ വീ​ടൊ​രു​ക്കു​ന്ന പ​ദ്ധ​തി​ക്കു പ്ര​ധാ​ന​മ​ന്ത്രി ഭ​വ​ന യോ​ജ​ന എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ 20 കോ​ടി രൂ​പ വ​ക​യി​രു​ത്തി. കേ​ന്ദ്ര പ​ദ്ധ​തി​യാ​യ പി​എം ആ​വാ​സ് യോ​ജ​ന​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​പ്പു​വ​യ്ക്കാ​ത്ത​തി​നാ​ൽ പ്ര​തി​ന്ധി​യി​ലാ​യ ആ​ളു​ക​ളെ ര​ക്ഷി​ക്കാ​നാ​ണ് പ​ദ്ധ​തി​യെ​ന്ന് ഡ​പ്യൂ​ട്ടി മേ​യ​ർ ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ വ​ൻ​കി​ട ക​ന്പ​നി​ക​ളു​ടെ സി​എ​സ്ആ​ർ ഫ​ണ്ടു​ക​ൾ സ്വ​രൂ​പി​ച്ച് വീ​ട് നി​ർ​മി​ക്കാ​നാ​യി ഒ​രു കു​ടും​ബ​ത്തി​നു 4.5 ല​ക്ഷം രൂ​പ ന​ൽ​കാ​നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം. അ​ടു​ത്തി​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ ന​ട​ത്തി​യ ഡ​ൽ​ഹി സ​ന്ദ​ർ​ശ​ന​ത്തി​ൽ ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​ത്ത​ര​മൊ​രാ​ശ​യം ഉ​രു​ത്തി​രി​ഞ്ഞ​തെ​ന്നും മേ​യ​ർ വി.​വി രാ​ജേ​ഷ് ആ​മു​ഖ പ്ര​സം​ഗ​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

50 ശ​ത​മാ​നം നി​ര​ക്കി​ൽ മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന അ​മൃ​ത് ഫാ​ർ​മ​സി​ക​ൾ ന​ഗ​ര​ത്തി​ലെ 101 വാ​ർ​ഡു​ക​ളി​ലും സ്ഥാ​പി​ക്കു​മെ​ന്ന​താ​ണ് മ​റ്റൊ​രു വ​ന്പ​ൻ പ്ര​ഖ്യാ​പ​നം. കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ൻ ലാ​റ്റ​ക്സ് ലി​മി​റ്റ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​നാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ വ​ക​യി​രു​ത്തി. 40 ശ​ത​മാ​നം വ​രെ കു​റ​ഞ്ഞ നി​ര​ക്കി​ൽ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന പ്രൈം​ഹെ​ൽ​ത്ത് ലാ​ബു​ക​ൾ ര​ണ്ട് വാ​ർ​ഡി​ന് ഒ​ന്നെ​ന്ന ക​ണ​ക്കി​ൽ സ്ഥാ​പി​ക്കു​മെ​ന്നും ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ലു​ണ്ട്.

ഇ​തി​നാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. 50 ശ​ത​മാ​നം നി​ര​ക്കി​ൽ സ്കാ​നിം​ഗ് ന​ട​ത്തു​ന്ന കോം​പ്രി​ഹെ​ൻ​സീ​വ് ഡ​യ​ഗ​നോ​സ്റ്റി​ക് സെ​ന്‍റ​ർ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി ഒ​ന്ന​ര​ക്കോ​ടി രൂ​പ​യും പേ​ട്ട​യി​ലെ ന​ഗ​ര​സ​ഭ​യു​ടെ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ൻ ര​ണ്ടു കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി. ന​ഗ​ര​സ​ഭ​യ്ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 15 കോ​ടി രൂ​പ​യും നീ​ക്കി​വെ​ച്ചു.

ത​ല​സ്ഥാ​ന ന​ഗ​ര​ത്തെ സ​മാ​ധാ​ന ന​ഗ​ര​മെ​ന്ന (​സി​റ്റി ഓ​ഫ് പീ​സ്) നി​ല​യി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ര​ണ്ടു കോ​ടി രൂ​പ നീ​ക്കി​വെ​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ർ​ബ​ൻ പീ​സ് ലാ​ബ് സ്ഥാ​പി​ക്കും. ന​ഗ​ര​ത്തി​ന്‍റെ ദൈ​നം​ദി​ന ഭ​ര​ണ​ത്തി​ലേ​ക്ക് സ​മാ​ധാ​ന പ​രി​ഗ​ണ​ന​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന​തി​നും, സാ​മൂ​ഹി​ക ഐ​ക്യ​വും മാ​ന​സി​ക ക്ഷേ​മ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ രൂ​പ​പ്പെ​ടു​ത്തു​മെ​ന്നും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ട്. പ്ര​വാ​സി​ക​ൾ​ക്കാ​യും ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തു​ന്ന​തി​നും ആ​ഗോ​ള​സ​മ്മേ​ള​ന​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നും തുക മാറ്റിയിട്ടുണ്ട്.

 

ബി​ജെ​പി​യു​ടെ ക​ന്നി ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച് ആ​ശാ​നാ​ഥ്;
ഗാ​ല​റി​യി​ലി​രു​ന്ന് വീ​ക്ഷി​ച്ച് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി ഭ​ര​ണ​സ​മി​യു​ടെ ക​ന്നി ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നു സാ​ക്ഷി​യാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ര​മ​ന ജ​യ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് രാ​ജീ​വ് ന​ഗ​ര​സ​ഭ​യി​ലെ​ത്തി​ യ​ത്. ബ​ജ​റ്റ് അ​വ​ത​ര​ണ​വേ​ള​യി​ൽ മു​ഴു​വ​ൻ സ​മ​യ​വും ഗാ​ല​റി​യി​ൽ തു​ട​ർ​ന്ന സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​നുശേ​ഷം കൗ​ണ്‍​സി​ല​ർ​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണു മ​ട​ങ്ങി​യ​ത്.

കേ​വ​ല രാ​ഷ്ട്രീ​യ പ്ര​സം​ഗമെന്ന് കെ.​എ​സ് ശ​ബ​രീ​നാ​ഥ​ൻ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​ന്‍റെ 2026-27 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് നി​രാ​ശ​ജ​ന​ക​മെ​ന്നു യു​ഡി​എ​ഫ്. ന​ഗ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നോ, ഭാ​വി വി​ക​സ​ന​ത്തി​നോ ഉ​ള്ള യാ​തൊ​രു പ​ദ്ധ​തി​ക​ളും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

കേ​ന്ദ്ര പ​ദ്ധ​തി​ക​ളു​ടെ പേ​രു​ക​ൾ കു​ത്തി നി​റ​ച്ച​ത​ല്ലാ​തെ പു​തു​താ​യി ഒ​ന്നും ത​ന്നെ ബ​ജ​റ്റി​ലി​ല്ല. ന​ഗ​രം നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നു​ള്ള ശാ​ശ്വ​ത പ​ദ്ധ​തി​ക​ളോ, രേ​ഖ​ക​ളോ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ളൊ​ന്നും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. കേ​ന്ദ്ര​-സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ച​ക്ക​ള​ത്തി​പ്പോ​രു കാ​ര​ണം ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കേ​ണ്ട ഫ​ണ്ട് ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. തീ​ര​ദേ​ശ മേ​ഖ​ല​യ്ക്ക് ഒ​രു പ​രി​ഗ​ണ​ന​യും ന​ൽ​കാ​ത്ത ബ​ജ​റ്റാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ന​ൽ​കാ​ത്ത ബ​ജ​റ്റാ​ണി​ത്.

തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ന്ന​തി​നോ, വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നോ വേ​ണ്ടി​യു​ള്ള പ​ദ്ധ​തി​ക​ൾ ഒ​ന്നും ത​ന്നെ​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തെ സു​ന്ദ​ര ന​ഗ​ര​മാ​ക്കി മാ​റ്റാ​നു​ള്ള പു​ത്ത​ൻ വി​ക​സ​ന കാ​ഴ്ച​പ്പാ​ടു​ക​ൾ ഒ​ന്നു​മി​ല്ലാ​ത്ത ബ​ജ​റ്റ് ബി​ജെ​പി​യു​ടെ കേ​വ​ല രാ​ഷ്ട്രീ​യ പ്ര​സം​ഗ​മാ​യി മാ​റി​യെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് കെ.​എ​സ് ശ​ബ​രീ​നാ​ഥ​ൻ പ​റ​ഞ്ഞു

പ്ര​തി​പ​ക്ഷം പോ​ലും കൈയടി​ച്ച ബ​ജ​റ്റ്: മേ​യ​ർ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷം പോ​ലും കൈയടിച്ച ബ​ജ​റ്റാ​ണ് ബി​ജെ​പി ഭ​ര​ണ​സ​മി​തി അ​വ​ത​രി​പ്പി​ച്ച​തെ​ന്നു മേ​യ​ർ വി.​വി രാ​ജേ​ഷ്. ന​ഗ​ര​സ​ഭ​യി​ലെ നൂ​റ്റി​യൊ​ന്ന് വാ​ർ​ഡു​ക​ളെ​യും ഒ​രു പോ​ലെ ക​ണ്ടു​കൊ​ണ്ടാ​ണ് പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തെ​ന്നും നാ​ടി​ന്‍റെ സ്വ​പ്ന​മാ​ണ് ബ​ജ​റ്റി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്നും മേയർ വി.വി. രാ ജേഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഭൂ​മി​യു​ള്ള 2000 ഭ​വ​ന​ര​ഹി​ത​ർ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​പ​രി​ധി​യി​ലു​ണ്ട്. കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പി​എം​എ​വൈ പ​ദ്ധ​തി​യു​ടെ ര​ണ്ടാംഘ​ട്ട ക​രാ​ർ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​പ്പി​ടാ​ത്ത​തു കൊ​ണ്ടാ​ണ് അ​വ​ർ​ക്കു വീ​ടു കി​ട്ടാ​ത്ത​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ പി​ടി​വാ​ശി കാ​ര​ണം സം​സ്ഥാ​ന​ത്തെ ല​ക്ഷ​ക്ക​ണി​ക്ക് ആ​ളു​ക​ൾ​ക്കാ​ണ് വീ​ടു​ക​ൾ ല​ഭി​ക്കാ​ത്ത സ്ഥി​തി​യു​ള്ള​ത്. ഇ​നി സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ൽ ഒ​പ്പി​ട്ടി​ല്ലെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ ര​ണ്ടാ​യി​രം പേ​ർ​ക്കു വീ​ട് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഒ​രു കോ​ർ​പ​റേ​ഷ​ൻ ഇ​ത്ത​ര​ത്തി​ൽ ഒ​രു തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ഭ​വ​ൻ യോ​ജ​ന എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന പ​ദ്ധ​തി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഫ​ണ്ടു കി​ട്ടി​യാ​ലും ഇ​ല്ലെ​ങ്കി​ലും കോ​ർ​പ​റേ​ഷ​ൻ ആ ​ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്തു ന​ട​പ്പി​ലാ​ക്കും.

101 വാ​ർ​ഡു​ക​ളി​ലും 50 ശ​ത​മാ​നം വി​ല​കു​റ​ച്ച് മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന അ​മൃ​ത് മെ​ഡി​ക്ക​ൽ സ്റ്റോ​ർ, 50 ശ​ത​മാ​നം നി​ര​ക്കി​ൽ ടെ​സ്റ്റു​ക​ൾ ചെ​യ്തു ന​ൽ​കു​ന്ന 50 ലാ​ബു​ക​ൾ, പ​കു​തി നി​ര​ക്കി​ൽ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന സ്കാ​നിം​ഗ് സെ​ന്‍റ​റു​ക​ൾ തു​ട​ങ്ങി​യ​വ​യാ​ണ് ബ​ജ​റ്റി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ ഭ​ര​ണ​സ​മി​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ജ​ന​കീ​യ പ​ദ്ധ​തി​ക​ൾ.

ഇ​തി​നു പു​റ​മെ ന​ഗ​ര​സ​ഭ​യ്ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കും. കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​ർ​ന്നു. വെ​ള്ള​മെ​ത്തി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ടാ​ങ്ക​റു​ക​ൾ കോ​ർ​പ​റേ​ഷ​ൻ വാ​ട​ക​യ്ക്ക് എ​ടു​ക്കും. പൊ​ങ്കാ​ല ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വെ​ള്ള​മെ​ത്തി​ച്ചു വി​ത​ര​ണം ചെ​യ്യും. ആ​വ​ശ്യ​മെ​ങ്കി​ൽ സ​മീ​പ ജി​ല്ല​ക​ളി​ൽ നി​ന്നും ടാ​ങ്ക​റു​ക​ൾ വാ​ട​ക​യ്ക്ക് എ​ടു​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.

ബി​ജെ​പി​യു​ടേ​ത് ത​ട്ടി​ക്കൂ​ട്ട് ബ​ജ​റ്റ്: എ​ൽ​ഡി​എ​ഫ്

തി​രു​വ​ന​ന്ത​പു​രം: സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ വേ​ണ്ടി ത​ട്ടി​ക്കൂ​ട്ടി​യ ബ​ജ​റ്റാ​ണ് ബി​ജെ​പി അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വ് എ​സ്.​പി. ദീ​പ​ക്. കാ​ര്യ​ക്ഷ​മ​മാ​യ യാ​തൊ​രു പ്ര​ഖ്യാ​പ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ഡ​ൽ​ഹി യാ​ത്ര ന​ട​ത്തി​യി​ട്ടg വ​ൻ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തു​മെ​ന്ന് നാ​ട്ടി​ലാ​കെ പ്ര​ച​രി​പ്പി​ച്ചു. എ​ന്നാ​ൽ, യാ​തൊ​രു പു​തി​യ പ​ദ്ധ​തി​യും ഉ​ണ്ടാ​യി​ട്ടി​ല്ല.

ആ​ദ്യം ഇ​ൻ​ഡോ​ർ മാ​തൃ​ക കൊ​ണ്ടു​വ​രു​മെ​ന്നു പ​റ​ഞ്ഞു. അ​വി​ടെ​യെ​ല്ലാം പൊ​ട്ടി​പ്പൊ​ളി​ഞ്ഞെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ അ​ത് ഗു​ജ​റാ​ത്ത് മാ​തൃ​ക​യാ​ക്കിമാ​റ്റി. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​മാ​യി​ട്ടു​ള്ള കു​ടി​വെ​ള്ള പ്ര​ശ് നം പോ​ലും പ​രി​ഹ​രി​ക്കാ​നു​ള്ള ഫ​ല​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ളി​ല്ല. തെ​രു​വു​നാ​യ പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന പ​റ​ഞ്ഞെ​ങ്കി​ലും അ​തി​ലും കാ​ര്യ​മാ​യൊ​രു പ​ദ്ധ​തി​യി​ല്ല. ഷെ​ൽ​ട്ട​ർ ഹോം ​തു​ട​ങ്ങു​മെ​ന്നു​ള്ള ഒ​രു​വ​രി പ്ര​ഖ്യാ​പ​നം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. പ​ഴ​യ കാ​ല​ത്തെ പ​ദ്ധ​തി​ക​ൾ പേ​രു​മാ​റ്റി അ​വ​ത​രി​പ്പി​ക്കു​ക മാ​ത്ര​മാ​ണ് ബി​ജെ​പി ഭ​ര​ണ​സ​മി​തി ചെ​യ്തി​രി​ക്കു​ന്ന​തെ​ന്നും ദീ​പ​ക് പ്ര​തി​ക​രി​ച്ചു.

Latest News

Up