തിരുവനന്തപുരം: ആരോഗ്യ, വികസന മേഖലകൾക്ക് ഉൗന്നൽ നൽകി ബിജെപി ഭരണസമിതിയുടെ കന്നി നഗരസഭാ ബജറ്റ്. കോർപറേഷന്റെ സ്വന്തം ഭവനപദ്ധതിയിലൂടെ നഗരത്തിലെ രണ്ടായിരം കുടുംബങ്ങൾക്ക് വീടുവച്ചു നൽകുമെന്നതുൾപ്പെടെ വന്പൻ പദ്ധതികളാണ് ഡപ്യൂട്ടി മേയർ ആശാനാഥ് ബജറ്റിൽ പ്രഖ്യാപിച്ചത്. മുൻ ഭരണസമിതിയുടെ പ്രവർത്തനശൈലിയെ വിമർശിച്ചുകൊണ്ടായിരുന്നു ബജറ്റ് പ്രസംഗം.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതമില്ലാതെ കോർപറേഷൻ സ്വന്തംനിലയിൽ വീടൊരുക്കുന്ന പദ്ധതിക്കു പ്രധാനമന്ത്രി ഭവന യോജന എന്നാണ് പേരിട്ടിരിക്കുന്നത്. പദ്ധതിക്കായി ആദ്യഘട്ടത്തിൽ 20 കോടി രൂപ വകയിരുത്തി. കേന്ദ്ര പദ്ധതിയായ പിഎം ആവാസ് യോജനയുടെ രണ്ടാംഘട്ടത്തിൽ സംസ്ഥാന സർക്കാർ ഒപ്പുവയ്ക്കാത്തതിനാൽ പ്രതിന്ധിയിലായ ആളുകളെ രക്ഷിക്കാനാണ് പദ്ധതിയെന്ന് ഡപ്യൂട്ടി മേയർ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിലെ വൻകിട കന്പനികളുടെ സിഎസ്ആർ ഫണ്ടുകൾ സ്വരൂപിച്ച് വീട് നിർമിക്കാനായി ഒരു കുടുംബത്തിനു 4.5 ലക്ഷം രൂപ നൽകാനാണ് ഭരണസമിതിയുടെ തീരുമാനം. അടുത്തിടെ തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്സിലർമാർ നടത്തിയ ഡൽഹി സന്ദർശനത്തിൽ ബിജെപിയുടെ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഇത്തരമൊരാശയം ഉരുത്തിരിഞ്ഞതെന്നും മേയർ വി.വി രാജേഷ് ആമുഖ പ്രസംഗത്തിൽ വ്യക്തമാക്കി.
50 ശതമാനം നിരക്കിൽ മരുന്നുകൾ ലഭ്യമാക്കുന്ന അമൃത് ഫാർമസികൾ നഗരത്തിലെ 101 വാർഡുകളിലും സ്ഥാപിക്കുമെന്നതാണ് മറ്റൊരു വന്പൻ പ്രഖ്യാപനം. കേന്ദ്രസർക്കാർ സ്ഥാപനമായ ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി ഒന്നരക്കോടി രൂപ വകയിരുത്തി. 40 ശതമാനം വരെ കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുന്ന പ്രൈംഹെൽത്ത് ലാബുകൾ രണ്ട് വാർഡിന് ഒന്നെന്ന കണക്കിൽ സ്ഥാപിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്.
ഇതിനായി ഒന്നരക്കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. 50 ശതമാനം നിരക്കിൽ സ്കാനിംഗ് നടത്തുന്ന കോംപ്രിഹെൻസീവ് ഡയഗനോസ്റ്റിക് സെന്റർ സ്ഥാപിക്കുന്നതിനായി ഒന്നരക്കോടി രൂപയും പേട്ടയിലെ നഗരസഭയുടെ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കാൻ രണ്ടു കോടി രൂപയും വകയിരുത്തി. നഗരസഭയ്ക്ക് പുതിയ കെട്ടിടം നിർമിക്കാൻ 15 കോടി രൂപയും നീക്കിവെച്ചു.
തലസ്ഥാന നഗരത്തെ സമാധാന നഗരമെന്ന (സിറ്റി ഓഫ് പീസ്) നിലയിൽ പ്രസിദ്ധപ്പെടുത്താനുള്ള പ്രവർത്തനങ്ങൾക്കായി രണ്ടു കോടി രൂപ നീക്കിവെച്ചു. ഇതിന്റെ ഭാഗമായി അർബൻ പീസ് ലാബ് സ്ഥാപിക്കും. നഗരത്തിന്റെ ദൈനംദിന ഭരണത്തിലേക്ക് സമാധാന പരിഗണനകൾ ഉൾക്കൊള്ളിക്കുന്നതിനും, സാമൂഹിക ഐക്യവും മാനസിക ക്ഷേമവും ശക്തിപ്പെടുത്തുന്നതിനായുള്ള പദ്ധതികൾ രൂപപ്പെടുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. പ്രവാസികൾക്കായും ആഗോളതലത്തിൽ ഇടപെടൽ നടത്തുന്നതിനും ആഗോളസമ്മേളനങ്ങൾ സംഘടിപ്പിക്കാനും തുക മാറ്റിയിട്ടുണ്ട്.
ബിജെപിയുടെ കന്നി ബജറ്റ് അവതരിപ്പിച്ച് ആശാനാഥ്;
ഗാലറിയിലിരുന്ന് വീക്ഷിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണസമിയുടെ കന്നി ബജറ്റ് അവതരണത്തിനു സാക്ഷിയായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സോമൻ എന്നിവർക്കൊപ്പമാണ് രാജീവ് നഗരസഭയിലെത്തി യത്. ബജറ്റ് അവതരണവേളയിൽ മുഴുവൻ സമയവും ഗാലറിയിൽ തുടർന്ന സംസ്ഥാന അധ്യക്ഷൻ ബജറ്റ് അവതരണത്തിനുശേഷം കൗണ്സിലർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണു മടങ്ങിയത്.
കേവല രാഷ്ട്രീയ പ്രസംഗമെന്ന് കെ.എസ് ശബരീനാഥൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന്റെ 2026-27 സാന്പത്തിക വർഷത്തെ ബജറ്റ് നിരാശജനകമെന്നു യുഡിഎഫ്. നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനോ, ഭാവി വികസനത്തിനോ ഉള്ള യാതൊരു പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല.
കേന്ദ്ര പദ്ധതികളുടെ പേരുകൾ കുത്തി നിറച്ചതല്ലാതെ പുതുതായി ഒന്നും തന്നെ ബജറ്റിലില്ല. നഗരം നേരിടുന്ന രൂക്ഷമായ ശുദ്ധജലക്ഷാമത്തിന് പരിഹാരം കാണാനുള്ള ശാശ്വത പദ്ധതികളോ, രേഖകളോ പ്രഖ്യാപിച്ചിട്ടില്ല. മാലിന്യ സംസ്കരണത്തിനായി വ്യക്തമായ പദ്ധതികളൊന്നും ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ചക്കളത്തിപ്പോരു കാരണം ഭവന നിർമാണ പദ്ധതികളുമായി ബന്ധപ്പെട്ടു ജനങ്ങൾക്കു ലഭിക്കേണ്ട ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. തീരദേശ മേഖലയ്ക്ക് ഒരു പരിഗണനയും നൽകാത്ത ബജറ്റാണ് പ്രഖ്യാപിച്ചത്. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങൾക്കു പരിഹാരം നൽകാത്ത ബജറ്റാണിത്.
തൊഴിലില്ലായ്മ പരിഹരിക്കുന്നതിനോ, വരുമാനം വർധിപ്പിക്കുന്നതിനോ വേണ്ടിയുള്ള പദ്ധതികൾ ഒന്നും തന്നെയില്ല. തിരുവനന്തപുരത്തെ സുന്ദര നഗരമാക്കി മാറ്റാനുള്ള പുത്തൻ വികസന കാഴ്ചപ്പാടുകൾ ഒന്നുമില്ലാത്ത ബജറ്റ് ബിജെപിയുടെ കേവല രാഷ്ട്രീയ പ്രസംഗമായി മാറിയെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് കെ.എസ് ശബരീനാഥൻ പറഞ്ഞു
പ്രതിപക്ഷം പോലും കൈയടിച്ച ബജറ്റ്: മേയർ
തിരുവനന്തപുരം: പ്രതിപക്ഷം പോലും കൈയടിച്ച ബജറ്റാണ് ബിജെപി ഭരണസമിതി അവതരിപ്പിച്ചതെന്നു മേയർ വി.വി രാജേഷ്. നഗരസഭയിലെ നൂറ്റിയൊന്ന് വാർഡുകളെയും ഒരു പോലെ കണ്ടുകൊണ്ടാണ് പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ളതെന്നും നാടിന്റെ സ്വപ്നമാണ് ബജറ്റിൽ പ്രതിഫലിക്കുന്നതെന്നും മേയർ വി.വി. രാ ജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു. കണക്കുകൾ പ്രകാരം ഭൂമിയുള്ള 2000 ഭവനരഹിതർ തിരുവനന്തപുരം നഗരപരിധിയിലുണ്ട്. കേന്ദ്രസർക്കാരിന്റെ പിഎംഎവൈ പദ്ധതിയുടെ രണ്ടാംഘട്ട കരാർ സംസ്ഥാന സർക്കാർ ഒപ്പിടാത്തതു കൊണ്ടാണ് അവർക്കു വീടു കിട്ടാത്തത്.
സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ പിടിവാശി കാരണം സംസ്ഥാനത്തെ ലക്ഷക്കണിക്ക് ആളുകൾക്കാണ് വീടുകൾ ലഭിക്കാത്ത സ്ഥിതിയുള്ളത്. ഇനി സംസ്ഥാന സർക്കാർ പദ്ധതിയിൽ ഒപ്പിട്ടില്ലെങ്കിലും തിരുവനന്തപുരം നഗരസഭ രണ്ടായിരം പേർക്കു വീട് നൽകാൻ തീരുമാനിച്ചു. ചരിത്രത്തിലാദ്യമായാണ് ഒരു കോർപറേഷൻ ഇത്തരത്തിൽ ഒരു തീരുമാനമെടുക്കുന്നത്. പ്രധാനമന്ത്രി ഭവൻ യോജന എന്നു പേരിട്ടിരിക്കുന്ന പദ്ധതി കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഫണ്ടു കിട്ടിയാലും ഇല്ലെങ്കിലും കോർപറേഷൻ ആ ഉത്തരവാദിത്തം ഏറ്റെടുത്തു നടപ്പിലാക്കും.
101 വാർഡുകളിലും 50 ശതമാനം വിലകുറച്ച് മരുന്നുകൾ ലഭ്യമാക്കുന്ന അമൃത് മെഡിക്കൽ സ്റ്റോർ, 50 ശതമാനം നിരക്കിൽ ടെസ്റ്റുകൾ ചെയ്തു നൽകുന്ന 50 ലാബുകൾ, പകുതി നിരക്കിൽ സേവനം ലഭ്യമാക്കുന്ന സ്കാനിംഗ് സെന്ററുകൾ തുടങ്ങിയവയാണ് ബജറ്റിൽ ആരോഗ്യമേഖലയിൽ ഭരണസമിതി പ്രഖ്യാപിച്ചിട്ടുള്ള ജനകീയ പദ്ധതികൾ.
ഇതിനു പുറമെ നഗരസഭയ്ക്ക് പുതിയ കെട്ടിടം നിർമിക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സർവകക്ഷിയോഗം ചേർന്നു. വെള്ളമെത്തിക്കാൻ ആവശ്യമായ ടാങ്കറുകൾ കോർപറേഷൻ വാടകയ്ക്ക് എടുക്കും. പൊങ്കാല ദിവസങ്ങളിൽ കൂടുതൽ വെള്ളമെത്തിച്ചു വിതരണം ചെയ്യും. ആവശ്യമെങ്കിൽ സമീപ ജില്ലകളിൽ നിന്നും ടാങ്കറുകൾ വാടകയ്ക്ക് എടുക്കുമെന്നും മേയർ അറിയിച്ചു.
ബിജെപിയുടേത് തട്ടിക്കൂട്ട് ബജറ്റ്: എൽഡിഎഫ്
തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ വേണ്ടി തട്ടിക്കൂട്ടിയ ബജറ്റാണ് ബിജെപി അവതരിപ്പിച്ചതെന്ന് എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്. കാര്യക്ഷമമായ യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല. ഡൽഹി യാത്ര നടത്തിയിട്ടg വൻ പ്രഖ്യാപനങ്ങൾ നടത്തുമെന്ന് നാട്ടിലാകെ പ്രചരിപ്പിച്ചു. എന്നാൽ, യാതൊരു പുതിയ പദ്ധതിയും ഉണ്ടായിട്ടില്ല.
ആദ്യം ഇൻഡോർ മാതൃക കൊണ്ടുവരുമെന്നു പറഞ്ഞു. അവിടെയെല്ലാം പൊട്ടിപ്പൊളിഞ്ഞെന്ന് അറിഞ്ഞപ്പോൾ അത് ഗുജറാത്ത് മാതൃകയാക്കിമാറ്റി. ജനങ്ങളുടെ അടിസ്ഥാന പ്രശ്നമായിട്ടുള്ള കുടിവെള്ള പ്രശ് നം പോലും പരിഹരിക്കാനുള്ള ഫലപ്രദമായ പദ്ധതികളില്ല. തെരുവുനായ പ്രശ്നം പരിഹരിക്കുമെന്ന പറഞ്ഞെങ്കിലും അതിലും കാര്യമായൊരു പദ്ധതിയില്ല. ഷെൽട്ടർ ഹോം തുടങ്ങുമെന്നുള്ള ഒരുവരി പ്രഖ്യാപനം മാത്രമാണ് ഉണ്ടായത്. പഴയ കാലത്തെ പദ്ധതികൾ പേരുമാറ്റി അവതരിപ്പിക്കുക മാത്രമാണ് ബിജെപി ഭരണസമിതി ചെയ്തിരിക്കുന്നതെന്നും ദീപക് പ്രതികരിച്ചു.
Tags : nattu vishesham BJP's first budget health and development