Kerala
തിരുവനന്തപുരം: രാത്രിയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്തിയില്ലെന്ന പരാതിയിൽ കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് പുറത്താക്കി. വെള്ളിയാഴ്ച രാത്രിയിൽ തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിലെ കണ്ടക്ടർക്കെതിരെ പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥിനികളാണ് പരാതി നൽകിയത്.
അങ്കമാലിക്കും മുരിങ്ങൂരിനും ഇടയ്ക്കുള്ള പൊങ്ങം എന്ന സ്ഥലത്താണ് വിദ്യാർഥിനികൾ ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ ഇവരെ ഈ സ്റ്റോപ്പിൽ ഇറക്കാതെ ചാലക്കുടി ബസ് സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു. മാനുഷിക പരിഗണന കണക്കിലെടുത്ത് പൊങ്ങത്തു ബസ് നിർത്തി നൽകണമെന്ന് മറ്റ് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും കണ്ടക്ടർ സമ്മതിച്ചില്ലെന്നും പരാതിയിൽ പറയുന്നു.
തുടർന്ന് യാത്രക്കാർ കൊരട്ടി പോലീസിൽ വിവരം അറിയിച്ചു. ഇതിനിടെ മുരിങ്ങൂരിൽ എത്തിയപ്പോൾ ബസ് നിർത്താമെന്ന് കണ്ടക്ടർ അറിയിച്ചു. എന്നാൽ ഇവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി പരിചയമില്ലെന്ന് ഇവർ അറിയിച്ചു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറക്കുകയായിരുന്നു.
സംഭവത്തിൽ കെഎസ്ആർടിസി വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കണ്ടക്ടർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.
Kerala
ഇരിട്ടി: കെഎസ്ആർടിസി ബസ് വാഹനത്തിൽ ഇടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചു കാറിൽ സഞ്ചരിച്ച യാത്രക്കാർ ബസിനെ പിന്തുടർന്നെത്തി ഡ്രൈവറെ മർദിച്ചു. മർദനത്തിൽ പരിക്കേറ്റ ഡ്രൈവർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി ആശുപത്രിയിൽ ചികിത്സ തേടിയതോടെ യാത്രക്കാർ പെരുവഴിയിൽ. ഇരിട്ടിയിലാണ് സംഭവം. ഇന്നലെ രാത്രി ഏഴോടെ കാസർഗോഡുനിന്നു കണ്ണൂർ-ഇരിട്ടി വഴി മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ മാനന്തവാടി സ്വദേശി പി.ജെ. ബാബുവിനെയാണ് കാറിൽ പിന്തുടർന്നെത്തിയവർ ഇരിട്ടി ടൗണിൽ മർദിച്ചത്.
പയഞ്ചേരി മുക്കിനു സമീപത്തു വച്ച് ബസ് കാറിൽ ഇടിക്കാൻ ശ്രമിച്ചതെന്ന് ആരോപിച്ചായിരുന്നു മർദനം. ഡ്രൈവറെ മർദിച്ചതോടെ ബസ് ഇരിട്ടിയിൽ യാത്ര അവസാനിപ്പിച്ചു. തുടർന്ന് ഡ്രൈവർ ഇരിട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഇരിട്ടി ബസ് സ്റ്റാൻഡിനു സമീപം കാർ മുന്നിലിട്ട് തടയാൻ ശ്രമിച്ചെന്നും മാറ്റാൻ പറഞ്ഞപ്പോൾ കാറിലുണ്ടായിരുന്നവർ ചീത്ത വിളിച്ചെത്തും ബസ് സ്റ്റാൻഡിലെത്തിയപ്പോൾ പിന്നാലെയെത്തി ചീത്തവിളിച്ചു മർദിച്ചെന്നുമാണ് ഡ്രൈവർ ബാബു പറയുന്നത്. ഡ്രൈവർ കൈയേറ്റം ചെയ്തെന്നു കാണിച്ചു കാറിൽ ഉണ്ടായിരുന്നവരും പോലീസിൽ പരാതി നൽകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തതായാണ് ലഭിക്കുന്ന വിവരം. രണ്ടു കൂട്ടരുടെയും പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ കെഎസ്ആർടിസി ബസിനുള്ളിൽ കുഴഞ്ഞുവീണ യുവതിക്ക് രക്ഷകരായി കണ്ടക്ടറും ഡ്രൈവറും. കുളത്തൂപ്പുഴയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബസിൽ കയറിയ പിരപ്പൻകോട് സ്വദേശിനി അനന്തലക്ഷ്മിയാണ് (23) കുഴഞ്ഞുവീണത്.
യുവതിയും അമ്മയും തുടർചികിത്സയ്ക്കായി ആയുർവേദ കോളജിലേക്ക് പോകുകയായിരുന്നു. മണ്ണന്തല ഭാഗത്തുവച്ച് കുഴഞ്ഞുവീണ യുവതിയെ കണ്ടക്ടർ ഫൈസലും ഡ്രൈവർ മുകുന്ദനുണ്ണിയും ചേർന്ന് ആശുപത്രിയിലെത്തിച്ചു.
മറ്റു വാഹനങ്ങളോ ആംബുലൻസ് സൗകര്യമോ ലഭ്യമല്ലാത്തതിനാൽ യാത്രക്കാരെ സമീപത്തുള്ള ബസ് സ്റ്റോപ്പിൽ ഇറക്കിവിട്ടശേഷം യുവതിയെ ബസിൽത്തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കുശേഷം യുവതി ആശുപത്രി വിട്ടതായി അധികൃതർ അറിയിച്ചു.
Kerala
ചാത്തന്നൂർ: കെഎസ്ആർടിസി ബസുകളിൽ ഭിന്ന ശേഷിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഉറപ്പാക്കണം. ഉത്തരവാദിത്വം കണ്ടക്ടർമാർക്കാണ്. അത് കർശനമായി പാലിക്കണമെന്ന് ഉത്തരവിറങ്ങി.
കെഎസ്ആർടിസിയുടെ ഓർഡിനറി, സിറ്റി സർവീസ്, ഫാസ്റ്റ് പാസഞ്ചറുകൾ എന്നീ ബസുകളിൽ ഭിന്നശേഷിക്കാർക്കുള്ള സീറ്റുകൾ എഴുതിവയ്ക്കണം. ഭിന്നശേഷിക്കാർ കയറിയാൽ അവർക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റ് ഉറപ്പാക്കണം.
ലോ ഫ്ലോർ ബസുകളിൽ ഇതുവരെ സംവരണ സീറ്റുകൾ എഴുതിവയ്ക്കുകയോ സീറ്റുകൾ സംവരണം ചെയ്യുകയോ ഉണ്ടായിട്ടില്ല. ഇനി ലോ ഫ്ലോർ ബസുകളിലും ഭിന്നശേഷിക്കാർക്കുള്ള സീറ്റുകൾ സംവരണം ചെയ്യുകയും അത് എഴുതിവയ്ക്കുകയും വേണം.
District News
മലപ്പുറം : മലപ്പുറം കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾക്ക് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി. ഉബൈദുള്ള എംഎൽഎ അറിയിച്ചു. നാലു നിലകളിലെയും സിവിൽ ആൻഡ് ഇലക്ട്രിക്കൽ പ്രവൃത്തികൾ, ഫയർ ആൻഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട പ്രവൃത്തികൾ, സ്വീവറേജ് ട്രീറ്റ്മെന്റ് പ്ലാന്റ്,
ചുറ്റുമതിൽ എന്നിവയാണ് രണ്ടാംഘട്ടത്തിൽ പൂർത്തീകരിക്കുന്നത്. നിയമസഭയിൽ എംഎൽഎയുടെ ഇടപെടലുകളുടെ ഫലമായി 2024-25 വർഷത്തെ ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിൽ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. സാങ്കേതിക അനുമതി ലഭ്യമാക്കി രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്ന് എംഎൽഎ അറിയിച്ചു.
District News
ഫോർട്ടുകൊച്ചി: ഏതാനും വര്‍ഷം മുമ്പ് ഫോര്‍ട്ട്കൊച്ചിയില്‍നിന്ന് നെടുമ്പാശേരിയിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആർടിസിയുടെ ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം. കെഎസ്ആർടിസിയുടെ എസി ലോഫ്ളോര്‍ ബസാണ് സര്‍വീസ് നടത്തിയിരുന്നത്.
ഇത് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും ആലുവ ഉള്‍പെടെ നഗരത്തില്‍ പോകുന്നവര്‍ക്കും ഏറെ പ്രയോജന പ്രദമായിരുന്നു. എന്നാല്‍ ഈ സര്‍വീസ് മുന്നറിയിപ്പില്ലാതെ അധികൃതര്‍ നിര്‍ത്തലാക്കുകയായിരുന്നു. ഈ ബസുകള്‍ മറ്റിടങ്ങളിലേക്ക് മാറ്റിയതായാണ് വിവരം.
ഈ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൊച്ചി സൗത്ത് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഹൈബി ഈഡന് എംപി മുഖേന ഡിവിഷണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്കി.
Kerala
അതിരപ്പള്ളി: കെഎസ്ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം. ഇന്നലെ രാത്രി മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്. അതിരപ്പള്ളി: കെഎസ്ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം. ഇന്നലെ രാത്രി മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്.
ആനയുടെ ആക്രമണത്തിൽ ബസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാർക്ക് പരിക്കില്ല. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ആനയെ റോഡിൽനിന്ന് നീക്കി.
തുടർച്ചയായ മൂന്നാം ദിവസമാണ് അതിരപ്പള്ളിയിൽ കബാലിയുടെ പരാക്രമം ഉണ്ടാവുന്നത്. ആനയുടെ ആക്രമണം രൂക്ഷമായതോടെ വനംവകുപ്പ് ഇടപെടൽ കർശനമാക്കണമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
Kerala
കൊല്ലം: കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പി സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ ഗതാഗത വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ.
നടപടി നേരിട്ട ഡ്രൈവർക്കു പിന്നിൽ യുഡിഎഫ് ആണെന്നും ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനെ വയ്ക്കാൻ പണം നൽകിയത് യുഡിഎഫ് യൂണിയനാണെന്നും അദ്ദേഹം ആരോപിച്ചു. കെഎസ്ആർടിസി നന്നാവരുത് എന്നാണ് ഇവരുടെ ആഗ്രഹം. കെഎസ്ആര്‍ടിസി നശിക്കാൻ ആഗ്രഹിക്കുന്ന യൂണിയന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പരിഹസിച്ചു.
ഡ്രൈവറുടെ സ്ഥലം മാറ്റം റദ്ദാക്കിയ കോടതി ഉത്തരവ് അംഗീകരിക്കുന്നു. എന്നാൽ, വകുപ്പുതല നടപടി സ്വീകരിക്കുന്നതിന് തടസമില്ലെന്നും ഗണേഷ്കുമാര് പറഞ്ഞു.
സ്ഥലംമാറ്റം ചോദ്യം ചെയ്തു കെഎസ്ആര്‍ടിസി ഡ്രൈവര്‍ ജയ്മോന് ജോസഫ് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. വെള്ളക്കുപ്പി ബസില്‍ സൂക്ഷിച്ചതിന്റെ പേരില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ സ്ഥലം മാറ്റിയത് ഉചിതമാണോയെന്നും ജീവനക്കാരുടെ തൊഴില്‍ സംസ്കാരമാണു മാറേണ്ടതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
സ്ഥലം മാറ്റുന്നതില്‍ തെറ്റില്ല. എന്നാല്‍, മതിയായ കാരണം വേണം. ഹര്ജിക്കാരന് ബസില്‍ സൂക്ഷിച്ചതു മദ്യക്കുപ്പിയല്ലല്ലോ. ഇത്തരം കാര്യങ്ങളല്ല, ജീവനക്കാരുടെ തൊഴില്‍സംസ്കാരം മാറ്റുന്നതിനുള്ള നടപടികളാണു സ്വീകരിക്കേണ്ടതെന്നും ജസ്റ്റീസ് എന്‍. നഗരേഷ് പറഞ്ഞു.
ബസിന്റെ മുന്‍വശത്തെ ചില്ലിനോടു ചേര്‍ന്ന് രണ്ട് കുടിവെള്ളക്കുപ്പികള്‍ വച്ചിരിക്കുന്നതു യാത്രയ്ക്കിടെ നേരിട്ടു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗതാഗത മന്ത്രി ഇടപെട്ട് നടപടിയെടുത്തത്.
Kerala
കോട്ടയം: കെഎസ്ആർടിസി ബസിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം ഏന്തയാർ ജോസ് (68) ആണ് മരിച്ചത്.
കാസർഗോഡ് സുള്ള്യയിൽ നിന്ന് കൊട്ടാരക്കരയിലേയ്ക്ക് പോവുകയായിരുന്ന ബസിലാണ് യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ബസ് കോട്ടയം സ്റ്റാന്‍ഡിൽ എത്തിയപ്പോഴാണ് ജോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നൽകും. പോസ്റ്റ്മോര്ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.