പാലക്കാട്: ജില്ലയിൽ 2026ലെ പ്രത്യേക തീവ്രവോട്ടർപട്ടിക പുതുക്കൽ പ്രക്രിയ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി ഡിസംബർ 23 ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ലഭിച്ച ആക്ഷേപങ്ങളും അവകാശവാദങ്ങളും പരിഹരിച്ചാണ് ഇപ്പോൾ അന്തിമപട്ടിക തയാറാക്കിയിരിക്കുന്നത്.
അന്തിമപട്ടിക പ്രകാരം ജില്ലയിൽ ആകെ 22,53,073 വോട്ടർമാരാണുള്ളത്. ഇതിൽ 11,05,398 പുരുഷന്മാരും 11,47,655 സ്ത്രീകളും 20 ഭിന്നലിംഗക്കാരുമാണ് ഉൾപ്പെടുന്നത്. കരടുപട്ടികയുമായി താരതമ്യം ചെയ്യുന്പോൾ വോട്ടർമാരുടെ എണ്ണത്തിൽ 1,11,797 പേരുടെ വർധന ഉണ്ടായിട്ടുണ്ട്.
ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലം പട്ടാന്പിയാണ്.
2,10,000 വോട്ടർമാരാണ് ഇവിടെയുള്ളത്. ഏറ്റവും കുറവ് വോട്ടർമാരുള്ളത് തരൂർ മണ്ഡലത്തിലാണ്. 1,63,524 പേരാണ് ഇവിടെ പട്ടികയിലുള്ളത്. സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ ഒറ്റപ്പാലം മണ്ഡലമാണ് മുന്നിൽ നിൽക്കുന്നത്.
1,07,272 വനിതാ വോട്ടർമാരാണ് ഒറ്റപ്പാലത്തുള്ളത്. ഏറ്റവും കുറവ് സ്ത്രീ വോട്ടർമാരുള്ളത് തരൂർ മണ്ഡലത്തിലാണ്. 83,059 വനിതാ വോട്ടർമാരാണ് ഇവിടെയുള്ളത്. പുരുഷ വോട്ടർമാരുടെ എണ്ണത്തിൽ പട്ടാന്പി മണ്ഡലം (1,04,047 പേർ) ആണ് മുന്നിൽ. തരൂർ മണ്ഡലം ആണ് ഏറ്റവും പിന്നിൽ.
80,465 പേർ. ജില്ലയിലാകെ 20 ഭിന്നലിംഗവോട്ടർമാരാണുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ പേർ മലന്പുഴ മണ്ഡലത്തിലാണ്. അഞ്ച് പേർ.
ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം ഇപ്രകാരമാണ്: തൃത്താല 2,02,694, ഷൊർണൂർ 1,98,327, ഒറ്റപ്പാലം 2,08,444, കോങ്ങാട് 1,81,790, മണ്ണാർക്കാട് 2,05,816, മലന്പുഴ 1,93,416, പാലക്കാട് 1,74,179, ചിറ്റൂർ 1,70,101, നെന്മാറ 1,80,531, ആലത്തൂർ 1,64,251.
യുവ വോട്ടർമാരുടെ എണ്ണത്തിലും വർധനവുണ്ട് . കരട് പട്ടികയിൽ 18-19 പ്രായപരിധിയിലുള്ള 4,479 പേർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ അന്തിമ പട്ടികയിൽ ഈ എണ്ണം 34,281 ആയി ഉയർന്നു.പ്രവാസി വോട്ടർമാരുടെ എണ്ണത്തിലും വലിയ മാറ്റമുണ്ട്. കരട് പട്ടികയിൽ 1,754 പേർ മാത്രമായിരുന്ന വിദേശ ഇന്ത്യൻ വോട്ടർമാരുടെ എണ്ണം അന്തിമ പട്ടികയിൽ 8,300 ആയി വർധിച്ചിട്ടുണ്ട്.
പ്രത്യേക ദുർബല ഗോത്രവർഗക്കാരിൽ ഉൾപ്പെട്ട ജില്ലയിലെ കുറുംബ, കാട്ടുനായ്ക്കർ, കാടർ എന്നീ മൂന്ന് വിഭാഗങ്ങളിൽപ്പെട്ട അർഹരായ മുഴുവൻ പേരെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വിഭാഗങ്ങളിൽ നിന്നുള്ള 18 വയസിന് മുകളിലുള്ള 3,252 പേരെയും വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അന്തിമപട്ടിക പ്രസിദ്ധീകരിച്ചുവെങ്കിലും വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള അവസരം അവസാനിച്ചിട്ടില്ലെന്നും കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള അവസാനതിയതി വരെ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതും കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്താവുന്നതുമാണെന്നും ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അറിയിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ഈ അന്തിമപട്ടികയും ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന സപ്ലിമെന്ററി പട്ടികയും ചേർത്തായിരിക്കും ഉപയോഗിക്കുകയെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി അന്തിമ വോട്ടർപട്ടിക പ്രകാശനം ചെയ്തു. പാലക്കാട്, കോങ്ങാട് മണ്ഡലങ്ങളുടെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറായ ആർ.ഡി.ഒ കെ. മണികണ്ഠൻ കളക്ടറിൽനിന്ന് പട്ടിക ഏറ്റുവാങ്ങി