Kerala
തിരുവനന്തപുരം: ബിജെപി പറയേണ്ട കാര്യങ്ങൾ സിപിഎം പറയുകയാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ജമാഅത്ത് ഇസ്ലാമിയുടെ കൈയിലായിരിക്കും എന്ന എ.കെ. ബാലന്റെ പരാമർശം വർഗീയമായ ചേരിതിരിവുണ്ടാക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ബിജെപിയുടെ സ്വരവും ഭാഷയുമാണ് ബാലന്.
കേരളത്തിൽ ഇതിനുമുന്‍പും യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയിട്ടുണ്ട്. അപ്പോൾ എടുത്തിട്ടുള്ള നിലപാടുകളും സമീപനങ്ങളും കേരളത്തിലെ ജനങ്ങൾക്ക് അറിയാവുന്നതാണ്. ഇപ്പോൾ ഈ പ്രചാരണം നടത്തുന്നത് ബിജെപിക്കു വേണ്ടിയാണ്. ഇത് ഇടതുമുന്നണിയുടെ നയമാണോയെന്ന് വ്യക്തമാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എസ്ഐടിക്ക് മൊഴിനൽകി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈഞ്ചയ്ക്കല്‍ ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല മൊഴി നല്‍കിയത്.
ശബരിമലയിൽ നിന്ന് കടത്തിയ സ്വർണപ്പാളികൾ പുരാവസ്തുവായി വിറ്റുവെന്നും 500 കോടിയുടെ മൂല്യം അതിനുണ്ടെന്നും മുൻപ് അദ്ദേഹം ആരോപിച്ചിരുന്നു. ഇതേപ്പറ്റി അറിവുള്ളയാൾ തന്നോട് പറഞ്ഞുവെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടിരുന്നു.
നേരത്തെ മൊഴിനൽകാനെത്തുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചിരുന്നുവെങ്കിലും അന്വേഷണ സംഘത്തിന്റെ അസൗകര്യം മൂലം മാറ്റുകയായിരുന്നു. തനിക്ക് ലഭിച്ച വിവരങ്ങള്‍ എസ്ഐടിക്ക് മുന്നില്‍ പറഞ്ഞു. അവർ അന്വേഷിക്കട്ടെയെന്നും മൊഴി നല്കിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞു.
വിവരങ്ങള്‍ സത്യമാണോ അല്ലയോ എന്ന കാര്യം എസ്ഐടി തീരുമാനിക്കട്ടെ. അത് സത്യമാണെന്നാണ് തന്റെ വിശ്വാസം. കൈമാറിയത് തെളിവുകളല്ല വിവരങ്ങളാണ്. തന്റെ ഉത്തരവാദിത്വമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
കോഴിക്കോട്: കാനത്തിൽ ജമീല എംഎൽഎയുടെ നിര്യാണത്തിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു. മികച്ച ജനനേതാവും നിയമസഭാ സാമാജികയുമായിരുന്നു.
കാനത്തിൽ ജമീലയുടെ നിര്യാണം കേരള രാഷ്ട്രീയത്തിന് തീരാനഷ്ടമാണ്. തലക്കൊളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അർബുദ ബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ശനിയാഴ്ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ രാത്രി 8.40 ഓടെയായിരുന്നു അന്ത്യം.
Kerala
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷന് കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തരമായി പുറത്തുവിടണമെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചെലവായതിന്റെ ലോജിക്ക് പിടികിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണം. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എ്ട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മീഷനാണ്. ഇത് അടിമുടി കമ്മീഷന് സര്‍ക്കാരാണെന്നും ചെന്നിത്തല ആരോപിച്ചു.
അയ്യപ്പസംഗമത്തിന്റെ ചെലവ് സ്പോണ്സര്മാരില് നിന്നു കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ സ്പോണ്സര്മാരില് നിന്ന് എത്ര തുക കിട്ടി എന്നും ഏതൊക്കെ സ്പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും വ്യക്തമാക്കണം. ഇതുവരെ നാലു കോടിയോളം രൂപ പദ്ധതിനടത്തിപ്പിന്റെ ബില്‍ ഇനത്തില്‍ മാറിയതായി മനസിലാക്കാന്‍ കഴിഞ്ഞു.
ഇതെല്ലാം പോയിരിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ വര്‍ക്കിങ് ഫണ്ടില്‍ നിന്നാണ്. സ്പോണ്‍സര്‍മാര്‍ തുക നല്കുന്നുണ്ടെങ്കില് പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് ഈ തുക ചിലവാക്കിയിരിക്കുന്നത്. ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്കുന്ന സ്പോണ്‍സര്‍മാര്‍?
കോട്ടയത്തെയും കുമരകത്തെയും നക്ഷത്രഹോട്ടലുകള്‍ക്ക് ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അഡ്വാന്‍സ് നല്‍കിയത് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരുന്നു. ആരൊക്കെയാണ് ഈ നക്ഷത്രഹോട്ടലുകളില്‍ താമസിച്ച വിവിഐപി അതിഥികള്‍? അവരുടെ പേരുവിവരങ്ങളും പുറത്തു വിടണം.
വിദേശത്തു നിന്നും വന്‍തോതില്‍ പ്രതിനിധികള്‍ എത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ അവിടെ നിന്നും കാര്യമായി ആരും എത്തിയില്ല. നാലായാരം അതിഥികള്‍ക്കുണ്ടാക്കിയ ഭക്ഷണം വെട്ടിമൂടേണ്ടി വന്നു.
കാര്യമായി ആരും പങ്കെടുക്കാതെ ഒഴിഞ്ഞ കസേരയ്ക്കു മുന്നില്‍ നടത്തിയ ഈ ഒറ്റ ദിവസത്തെ പരിപാടിക്ക് എങ്ങനെയാണ് എട്ടുകോടി രൂപയുടെ ചിലവ് വന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയേ പറ്റു. ഇതില്‍ കമ്മിഷന് പറ്റിയവരുടെ വിശദാംശങ്ങള്‍ പുറത്തു വിടണം.
ദേവസ്വം ബോര്‍ഡ് കറവപ്പശുവല്ല. വിശ്വാസികളുടെ കാണിക്കയാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനം. അതിന്റെ എല്ലാ ഫണ്ടിലും കയ്യിട്ടു വാരാന്‍ കേരളത്തിലെ വിശ്വാസി സമൂഹം അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൈവിട്ട് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും. രാഹുലിനോട് രാജി ആവശ്യപ്പെടാൻ ചെന്നിത്തല എഐസിസി നേതൃത്വത്തെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും അറിയിച്ചു.
ശനിയാഴ്ച പുറത്തുവന്ന രാഹുലിന്റെ ശബ്ദരേഖ ഗുരുതരമെന്ന് ചെന്നിത്തല പറഞ്ഞു. ഇനിയും രാഹുലിനെ സംരക്ഷിച്ചാൽ തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്. വി.ഡി. സതീശന് ഉള്‍പ്പെടെയുള്ളവരുമായി ഇക്കാര്യത്തില്‍ ചര്‍ച്ചനടത്തിയിട്ടുണ്ടെന്നാണ് വിവരം.
രാഹുലിനെതിരേ ഇനിയും പരാതികള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും രാജിവയ്ക്കാത്ത പക്ഷം, വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ അത് ദോഷകരമായി ബാധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Kerala
പത്തനംതിട്ട: യൂത്ത് കോൺഗ്രസിനെതിരേ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം പി.ജെ.കുര്യന് നടത്തിയ വിമര്‍ശനങ്ങളെ ന്യായീകരിച്ച് രമേശ് ചെന്നിത്തല. പി.ജെ.കുര്യന്റെ വാക്കുകള്‍ മുതിര്‍ന്ന നേതാവിന്റെ ഉപദേശമായി കണ്ടാല്‍ മതിയെന്ന് ചെന്നിത്തല പ്രതികരിച്ചു.
പി.ജെ.കുര്യന്റെ പരാമര്‍ശങ്ങള്‍ കുറ്റപ്പെടുത്തലല്ല, കോണ്‍ഗ്രസ് കൂടുതല്‍ സജീവമാകേണ്ടതുണ്ട് എന്ന ഓര്‍മ്മപ്പെടുത്തലാണ്. സദുദ്ദേശ്യപരമായ വാക്കുകളായാണ് അതിനെ കാണുന്നത്.
അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കും. തെറ്റുണ്ടെങ്കില്‍ തിരുത്തും. കേരളത്തില്‍ ഭരണ സംവിധാനം തകര്‍ന്ന അവസ്ഥയാണ്. ഇതിന് എതിരെ എത്ര സമരം ചെയ്താലും പോരെന്ന് തോന്നും ഇക്കാര്യമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്ന് ചെന്നിത്തല പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിമര്‍ശനത്തിന് പിന്നാലെ പി.ജെ.കുര്യന് എതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ സൈബര്‍ ആക്രമണത്തെ കാര്യമാക്കേണ്ടതില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയുമുള്ള പി.ജെ.കുര്യന്റെ പരാമർശം. സർവകലാശാല സമരങ്ങളിൽ ഉൾപ്പെടെ എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നുവെന്ന് കുര്യൻ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാമെന്നും ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ലെന്നും കുര്യൻ വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെ ഉൾപ്പെടെ വേദിയിലിരുത്തിയായിരുന്നു വിമർശനം.
District News
തിരുവനന്തപുരം: പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. അത്രമാത്രം വെറുപ്പു സന്പാദിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം. കേരളം രാഷ്ട്രീയ മാറ്റത്തിനു തയാറെടുക്കുകയാണെന്നും കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ വജ്ര ജൂബിലി ആഘോഷത്തിനു തുടക്കം കുറിച്ചുള്ള പരിപാടികളുടെ ഭാഗമായുള്ള സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യവേ രമേശ് ചെന്നിത്തല പറഞ്ഞു.
ഇടതുഭരണത്തിന് 10 മാസത്തിനകം അന്ത്യമാകും. ചരിത്രത്തിലെ കൊടിയ അഴിമതിയുടെയും കൊള്ളയുടെയും കഥകളാണ് ഭരണത്തിൽ പുറത്തു വരുന്നത്. എന്ത് വൃത്തികേടും കാണിക്കാമെന്ന ധാർഷ്ട്യമാണ് സർക്കാരിന്. തുടർ ഭരണത്തിന്റെ കെടുതികളും പീഡനങ്ങളും ജീവനക്കാർ ഏറ്റുവാങ്ങുന്നു.
ശന്പള പരിഷ്കരണ സമയം കഴിഞ്ഞിട്ട് ഒരു കൊല്ലമായി. എന്നിട്ടും ശന്പള കമ്മീഷനെ നിയമിക്കുന്നില്ല. ഇടതുമുന്നണി ആയതു കൊണ്ട് ശന്പള പരിഷ്കരണം നടത്തുമെന്ന് ഉറപ്പുണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജീവനക്കാർക്ക് ഉറപ്പില്ല. എന്ന് കമ്മീഷനെ വയ്ക്കുമെന്ന നിയമസഭയിൽ ചോദിച്ചതിനു മന്ത്രിക്ക് മറുപടിയില്ല. പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് പറയുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. ഇർഷാദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി മര്യാപുരം ശ്രീകുമാർ, കെ.പി. പുരുഷോത്തമൻ, കെ.എം അനിൽ കുമാർ, എ. സുധീർ, എൻ. സുരേഷ്കുമാർ, എൻ.റീജ, സ്മിത അലക്സ്, എം. റിയാസ്, ജി.എസ്. കീർത്തിനാഥ്, എം.ജി. രാജേഷ്, ജി. രാജേഷ് കുമാർ, വി.എസ് അജയകുമാർ, മീര സുരേഷ്, ജ്യോതികൃഷ്ണ, സുനിത എസ്. ജോർജ്, സുശിൽകുമാരി എന്നിവർ പ്രസംഗിച്ചു.