തിരുവനന്തപുരം: പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നടത്തിയ തുഗ്ലക്ക് പരാമർശത്തെ പരിഹസിച്ച് മന്ത്രി വി.ശിവൻകുട്ടി. രാഷ്ട്രീയമായ വിയോജിപ്പുകളും വിമർശനങ്ങളും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്.
എന്നാൽ ആ വിമർശനത്തിന് ഉപയോഗിക്കുന്ന പ്രയോഗങ്ങളിൽ പോലും ബോധപൂർവം ചില പേരുകൾ തിരുകിക്കയറ്റുന്നത് നിർഭാഗ്യകരമാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ദീർഘവീക്ഷണമില്ലാത്ത ഭരണാധികാരി എന്ന അർഥത്തിലാണ് തുഗ്ലക്ക് എന്ന പേര് അദ്ദേഹം ഉപയോഗിച്ചതെങ്കിൽ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുന്നത് നന്നായിരിക്കും.
സമീപകാല ചരിത്രത്തിൽ തന്നെ ദീർഘവീക്ഷണമില്ലാത്ത തീരുമാനങ്ങൾ എടുത്ത ഭരണാധികാരികൾ നിരവധിയാണ്. പരാജയപ്പെട്ട തീരുമാനങ്ങൾ എടുത്തവരിൽ കോൺഗ്രസ്, ബിജെപി പ്രധാനമന്ത്രിമാർ അടക്കം പലരുമുണ്ടായിട്ടും മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ പേര് മാത്രം കോൺഗ്രസ് നേതാക്കൾ ആവർത്തിക്കുന്നതിലെ രാഷ്ട്രീയം കേരളത്തിലെ പ്രബുദ്ധരായ ജനം തിരിച്ചറിയുന്നുണ്ട്.
ഇതിനെ വെറുമൊരു ശൈലിയായി കണ്ട് സാമാന്യവൽക്കരിക്കാൻ കഴിയില്ല. യഥാർത്ഥ മതേതരത്വമെന്നത് വാക്കുകളിലും പ്രയോഗങ്ങളിലും പുലർത്തേണ്ട സൂക്ഷ്മത കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
Tags : V.Sivankutty Ramesh Chennithala congress