എരുമേലി: അമ്പലപ്പുഴ സംഘത്തിന് ആകാശത്ത് കൃഷ്ണ പരുന്ത് പറന്നെത്തുമെന്ന വിശ്വാസവും ആലങ്ങാട്ട് സംഘത്തിന് മുന്നിൽ ഉച്ചവെയിലിൽ നക്ഷത്രം മാനത്ത് പ്രത്യക്ഷപ്പെടുമെന്ന വിശ്വാസവും തെറ്റിയില്ല. ഒപ്പം ഇന്നലെ എരുമേലി നൈനാർ ജുമാ മസ്ജിദിൽ മുഴങ്ങിയ ഉച്ച നമസ്കാരത്തിന്റെ തക്ബീർ ധ്വനികൾക്കാകട്ടെ ശ്രീ അയ്യപ്പ ഐതിഹ്യമായ സ്വാമിശരണം വിളിയുടെ അകമ്പടികൾ.
ഭക്തർക്ക് ദർശനപുണ്യമായി മാറി ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ, ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടതുള്ളൽ. മുൻ വർഷങ്ങളെക്കാൾ ഇത്തവണ വൻ ജനക്കൂട്ടമാണ് ഇരു സംഘങ്ങളുടെയും പേട്ടതുള്ളൽ കാണാൻ ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെയും എരുമേലി ടൗണിൽ തിങ്ങിനിറഞ്ഞത്. ടൗൺ റോഡ് പൂർണമായും വാഹന വിമുക്തമാക്കി നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് പേട്ടതുള്ളലിന് സൗകര്യം ഒരുക്കിയത്. റോഡ് നിറഞ്ഞും കെട്ടിടങ്ങളുടെ മുകളിലും വെയിൽ ചൂടിനെ വകവയ്ക്കാതെ സ്ത്രീകളും കുട്ടികളും അടക്കം പതിനായിരക്കണക്കിന് ആളുകൾ നഗരം കൈയടക്കിയ പ്രതീതിയിലായിരുന്നു പേട്ടതുള്ളൽ.
ശബരിമലയിലേക്ക് പോയ ശ്രീ അയ്യപ്പനെ തേടി ഉറഞ്ഞുതുള്ളി കാടിളക്കിയായിരുന്നു അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം പിന്നാലെ ശാന്തഭാവത്തിന്റെ ലാസ്യതയോടെ ആലങ്ങാട്ട് സംഘം ഇളകിയാടി. ഇരുസംഘങ്ങങ്ങൾക്കും മുല്ലപ്പൂക്കൾ വാരി വിതറി മുസ്ലിം ജമാഅത്ത് സ്നേഹം ചൊരിഞ്ഞു. അയ്യപ്പ ചരിത്രത്തിന്റെ ഐതിഹ്യത്തിനൊപ്പം ഭക്തിയും മതമൈത്രിയും നിറഞ്ഞ പേട്ടതുള്ളൽ കാണാൻ എരുമേലിയിൽ തിങ്ങി നിറഞ്ഞത് ആയിരങ്ങൾ. ആകാശത്ത് പൊട്ട് പോലെ അമ്പലപ്പുഴക്ക് വേണ്ടി പറന്നെത്തിയ കൃഷ്ണപ്പരുന്ത് വിശ്വാസികളെ ഭക്തിയുടെ പാരമ്യതയിലാക്കി. മാനത്ത് വെട്ടിത്തിളങ്ങിയ വെള്ളിനക്ഷത്രം ആലങ്ങാടിന്റെ ഭക്തിക്ക് ലഭിച്ച വരപ്രസാദമായി.
രാവിലെ പതിനൊന്നോടെയാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിച്ചത്. കൊച്ചമ്പലത്തിൽ പൂജകൾക്ക് ശേഷം തൊഴുകൈകളുമായി ശരണം വിളിച്ചുനിന്ന സംഘത്തിന് മുകളിൽ പേട്ടതുള്ളലിന് അനുമതിയായി കൃഷ്ണപ്പരുന്ത് വട്ടമിട്ടുപറന്നു. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സ്വർണത്തിടമ്പ് ആനപ്പുറത്ത് എഴുന്നെള്ളിച്ച് നൈനാർ പള്ളിയിലേക്ക് അമ്പലപ്പുഴ സംഘം പ്രവേശിച്ചപ്പോൾ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ പൂക്കൾ വാരിവിതറി. ഗജവീരനുമായി പള്ളിയെ വലം വച്ചെത്തിയതോടെ സംഘത്തെ ജമാഅത്ത് ഭാരവാഹികൾ, ആന്റോ ആന്റണി എംപി, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജമാഅത്ത് പ്രസിഡന്റ് നാസർ പനച്ചി, മിഥുലാജ് എന്നിവരുടെ നേതൃത്വത്തിൽ ഹാരാർപ്പണം ചെയ്തു. അമ്പലപ്പുഴ സംഘത്തിന്റെ സമൂഹപെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ളയെ എംഎൽഎ ആദരിച്ചു.
സമൂഹപെരിയോനെയും പേട്ടതുള്ളൽ സംഘത്തിന്റെ ഭാരവാഹികളെയും ജമാഅത്ത് ഭാരവാഹികൾ ഷാൾ അണിയിച്ചാണ് സ്വീകരിച്ചത്.
വലിയമ്പലത്തിലെത്തി അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ സമാപിക്കുമ്പോൾ മണിക്കൂറുകൾ പിന്നിട്ടു. വർണങ്ങൾ ശരീരമാസകലം പൂശി കാടിളക്കി രൗദ്രഭാവത്തിലായിരുന്നു പേട്ടതുള്ളൽ. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ആലങ്ങാട്ട് സംഘം ആകാശത്ത് നക്ഷത്രത്തെ കണ്ട് പേട്ടതുള്ളൽ ആരംഭിച്ചത്. അമ്പലപ്പുഴക്കൊപ്പം വാവർ പോയെന്ന വിശ്വാസത്തിൽ സംഘം നൈനാർ പള്ളിയിൽ കയറിയില്ല.
പള്ളിയുടെ മുന്നിലെത്തി ആദരവറിയിച്ച സംഘത്തെ പൂക്കൾ വിതറി ജമാഅത്ത് സ്നേഹം പ്രകടിപ്പിച്ചു.
സ്വർണഗോളക കൊടികൾ, വെളിച്ചപ്പാടുകൾ, കൊട്ടക്കാവടികൾ, ചേങ്കിലത്താളങ്ങൾ, എടുപ്പ് കാഴ്ചകൾ എന്നിവയുമായി ശാന്തമായ നൃത്തമായിരുന്നു ആലങ്ങാടിന്റെ പേട്ടതുള്ളൽ. വെള്ള വസ്ത്രങ്ങളണിഞ്ഞ് ഭസ്മം പൂശി തോളിലെ ഉത്തരീയം വീശി ലാസ്യഭാവത്തോടെയാണ് സംഘം പേട്ടതുള്ളിയത്. ആലങ്ങാടിന്റെ രണ്ട് സംഘങ്ങളാണ് പേട്ടതുള്ളൽ നടത്തിയത്.