കത്തോലിക്കാ സഭയുടെ രണ്ടു സഹസ്രാബ്ദം നീണ്ട ചരിത്രത്തിലെ സുപ്രധാനമായ ഒരേടായിരുന്നു 1962 മുതൽ 1965 വരെ രണ്ടായിരത്തിലധികം മെത്രാന്മാർ ഒരുമിച്ചു ചേർന്നു നടത്തിയ രണ്ടാം വത്തിക്കാൻ കൗൺസിൽ. ഈ കൗൺസിൽ കൈവരിച്ച പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ് അക്രൈസ്തവമതങ്ങളെക്കുറിച്ചുള്ള പ്രമാണരേഖയായ ‘നോസ്ത്ര ഏത്താത്തെ’ (നമ്മുടെ കാലത്ത്). മറ്റുമതങ്ങളുടെ നന്മകളെയും പ്രകാശത്തെയുംകുറിച്ചു സംസാരിക്കുന്ന സഭയുടെ ചരിത്രത്തിലെ ആദ്യ സാർവത്രിക സൂനഹദോസനന്തര പ്രമാണരേഖയാണ് ഇത്. 1965 ഒക്ടോബർ 28നു പുറത്തിറങ്ങിയ ഈ രേഖ വത്തിക്കാൻ കൗൺസിലിന്റെ ഏറ്റവും ചെറിയ പ്രമാണരേഖകൂടിയാണ്.
കത്തോലിക്കാ സഭയ്ക്ക് ഹിന്ദു, മുസ്ലിം, ജൂത മതങ്ങളുമായുള്ള ബന്ധത്തെക്കുറിച്ചും നീതിക്കും സമാധാനത്തിനും വേണ്ടിയുള്ള പരിശ്രമത്തിൽ തോളോടുതോൾ ചേർന്നു പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ രേഖ നമ്മെ പഠിപ്പിക്കുന്നു. “മറ്റു മതങ്ങളിലെ പ്രവർത്തനരീതികളും ജീവിതമുറകളും പ്രമാണങ്ങളും സിദ്ധാന്തങ്ങളും, തിരുസഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവയിൽനിന്നു പലതുകൊണ്ടും വ്യത്യസ്തങ്ങളാണ്. എങ്കിലും തിരുസഭ അവയെയെല്ലാം ആത്മാർഥമായ ബഹുമാനത്തോടെയാണ് നിരീക്ഷിക്കുന്നത്. കാരണം, സർവമനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ സത്യത്തിന്റെ രശ്മി അവയിലെല്ലാം പ്രതിബിംബിക്കുന്നുണ്ട്” (NA 2) എന്ന ബോധ്യം ബഹുസ്വരസമൂഹത്തിലെ ഭാഗഭാക്കുകളായ നമുക്ക് അവശ്യം ഉണ്ടാവേണ്ടതാണ്. ഈ മതവിഭാഗത്തിൽപ്പെട്ടവർ ഒരുമിച്ചു വസിക്കുന്ന ഭാരതീയ ചുറ്റുപാടിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പ്രമാണരേഖയാണ് നോസ്ത്ര ഏത്താത്തെ.
എല്ലാ മതങ്ങളിലും നന്മയുണ്ട് എന്നതു തിരിച്ചറിയണം
ദൈവവിശ്വാസവും മതങ്ങളും മനുഷ്യനു പകരുന്നത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമാണ്. മനുഷ്യരെല്ലാം ഒരേ സ്രഷ്ടാവിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണെന്നും ഇഹലോകജീവിതശേഷം അതേ സ്രഷ്ടാവിലേക്ക് തിരികെപ്പോകുന്നവരാണെന്നും നാം വിശ്വസിക്കുന്നു. ഒരേ പിതാവിന്റെ മക്കളെന്ന നിലയിൽ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും നാം കടപ്പെട്ടവരാണ്. എല്ലാ മതങ്ങളും സ്നേഹംതന്നെയായ ദൈവത്തെ അറിയാനും അനുഭവിക്കാനും പരിശ്രമിക്കുകയും അതിനുള്ള മാർഗങ്ങൾ വിശ്വാസികൾക്ക് നിർദേശിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മതഗ്രന്ഥങ്ങളും പാരമ്പര്യങ്ങളും പരസ്പരം സ്നേഹിക്കണമെന്ന പാഠമാണ് നൽകുന്നത്. വിശ്വസിക്കുന്ന മനുഷ്യരെ പ്രകാശിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ഇത്തരത്തിലുള്ള പ്രബോധനങ്ങളും അനുഷ്ഠാനങ്ങളും നന്മയിലേക്ക് അവരെ നയിക്കുന്നു. മറ്റു മതങ്ങളിലുള്ള സത്യവും വിശുദ്ധവുമായ എല്ലാ കാര്യങ്ങളെയും തിരുസഭ തിരസ്കരിക്കുന്നില്ലെന്നു മാത്രമല്ല, വിലമതിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു. സത്യത്തിന്റെ കിരണങ്ങൾ ഈ പ്രബോധനങ്ങളിൽ പ്രശോഭിക്കുന്നുവെന്നത് സഭ തിരിച്ചറിയുന്നു (NA 2).
സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല (1 യോഹ 4,8) എന്നാണ് യോഹന്നാൻ ശ്ലീഹാ പഠിപ്പിക്കുന്നത്. എല്ലാവരുടെയും പിതാവായ ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട സഹജരെ സഹോദരരായി കാണാൻ സാധിക്കാതെ നമുക്കെങ്ങനെയാണ് ദൈവത്തെ പിതാവേ എന്നു വിളിക്കാൻ സാധിക്കുക? വ്യക്തികൾക്കിടയിലും സമുദായങ്ങൾക്കിടയിലും സമൂഹങ്ങൾക്കിടയിലും വിദ്വേഷത്തിന്റെ മതിലുകൾ പണിയുന്നതും വിവേചനം കാണിക്കുന്നതും ക്രിസ്തീയമായ കാഴ്ചപ്പാടല്ല. മതത്തിന്റെ പേരിൽ മനുഷ്യൻ മനുഷ്യനെ അന്യനായി കാണുന്നത് യഥാർഥത്തിൽ ഈശ്വരവിശ്വാസമില്ലായ്മയുടെ തെളിവാണ്.
മതമൗലികവാദ നിലപാടുകൾ അപകടകരം
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം മനുഷ്യവ്യക്തിയുടെ അടിസ്ഥാന അവകാശമാണ്. ഭാരതീയ സംസ്കാരവും രാഷ്ട്രത്തിന്റെ ഭരണഘടനയും മതസ്വാതന്ത്ര്യം ഉറപ്പുതരുന്നുണ്ട്.
“ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സർവരും
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനമാണിത്” എന്ന ശ്രീ നാരായണഗുരുവിന്റെ വാക്കുകൾ സർവധർമ സമഭാവനയെന്ന ആർഷഭാരത സംസ്കാരത്തിന്റെ പ്രതിഫലനമാണ്. ‘നാനാത്വത്തിൽ ഏകത്വം’എന്ന തത്വത്തിൽ അഭിമാനം കൊണ്ടിരുന്ന നാം ലോകത്തിനു മുന്നിൽ മതസൗഹാർദത്തിന്റെ മാതൃകയായിരുന്നു. മതത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും വ്യത്യാസങ്ങൾക്കപ്പുറം ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണുന്ന ‘വസുധൈവ കുടുംബകം’ എന്ന ചിന്തയാണ് നമ്മുടെ പാരമ്പര്യം.
എന്നാൽ, സമീപകാലത്തായി സങ്കുചിത ചിന്തകൾ വളർന്നുവരുന്നതും മതമൗലികവാദ നിലപാടുകൾ പെരുകുന്നതും കാണാൻ സാധിക്കും. പരസ്പര ബഹുമാനത്തിനുപകരം പരസ്പരം സംശയിക്കുന്നതിനും, പരസ്പരം സഹകരിക്കുന്നതിനുപകരം കലഹിക്കുന്നതിനും, പരസ്പരം സ്നേഹിക്കുന്നതിനുപകരം പോരടിക്കുന്നതിനും ഈ കാലഘട്ടം സാക്ഷിയാണ്. ദൈനംദിന ജീവിതത്തിൽ സാധാരണമായി ഉണ്ടാകാവുന്ന പ്രശ്നങ്ങൾപോലും ഊതിപ്പെരുപ്പിച്ചു ഗൗരവമായ പ്രശ്നമാക്കുന്നതും അവയ്ക്കെല്ലാം മതപശ്ചാത്തലങ്ങളുടെ നിറങ്ങൾ പകർന്ന് മതങ്ങൾക്കിടയിലെ പ്രശ്നങ്ങളായി അവതരിപ്പിക്കുന്നതും ഒരു ആത്മീയസമൂഹത്തിനു ഭൂഷണമല്ല. പ്രശ്നങ്ങളെ വൈകാരികമായി സമീപിക്കുന്നതിനു പകരം വസ്തുനിഷ്ഠമായും വിചാരത്തോടെയും സമീപിക്കുന്നില്ലെങ്കിൽ എന്തിനുമേതിനും കലഹിക്കുന്ന അപരിഷ്കൃതരായി നാം അധഃപതിക്കും. മതനേതാക്കൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടവരാണ്. മതവിഭാഗങ്ങൾക്കും സമുദായങ്ങൾക്കുമിടയിൽ ശാന്തിയും സാഹോദര്യവും പുലരുവാൻ ഉത്തരവാദിത്വമുള്ളവരാണ് നേതാക്കൾ. ലോകചരിത്രത്തിൽ വിവിധ കാലഘട്ടങ്ങളിൽ ഇത്തരത്തിലുള്ള സമയോചിത ഇടപെടലുകളിലൂടെ പൊതുനന്മ ഉറപ്പുവരുത്തിയിട്ടുള്ളവരെ നമുക്കു കാണാനാകും.
മതനേതാക്കൾ തങ്ങളുടെ സാമൂഹിക-വ്യക്തി ജീവിതതലങ്ങളിൽ സമാധാനത്തിന്റെയും അഹിംസയുടെയും വക്താക്കൾ മാത്രമല്ല, പ്രയോക്താക്കൾകൂടിയാവണം. വിശ്വാസീസമൂഹത്തിനു പരസ്പര സ്നേഹത്തിന്റെ പാത തെളിച്ചുകൊടുക്കേണ്ട ഉത്തരവാദിത്വം മതനേതാക്കൾക്കുണ്ട്. പൊതുമണ്ഡലത്തിൽ പരസ്നേഹം പ്രസംഗിക്കുകയും രഹസ്യത്തിൽ ഹിംസയുടെ സന്ദേശം പകരുകയും ചെയ്യുന്ന പാത പിന്തുടരുന്നവരുണ്ടെങ്കിൽ അത് അത്യന്തം അപകടകരവും പരസ്പര സഹകരണത്തിന്റെയും വിശ്വാസത്തിന്റെയും കണ്ണികൾ മുറിച്ചുമാറ്റുന്നതുമാണെന്ന് തിരിച്ചറിയണം. മതേതരത്വവും മതസൗഹാർദവും പറയുക മാത്രമല്ല, പ്രവർത്തിക്കുകയും ചെയ്യേണ്ടതാണ്. അല്ലെങ്കിൽ നാം പുലർത്തുന്ന ആദർശങ്ങൾ കപടമായ മുഖംമൂടിയായി താമസംവിനാ തിരിച്ചറിയപ്പെടും. ഈ സാഹചര്യത്തിൽ മതാന്തരസംവാദം അതീവ പ്രാധാന്യമർഹിക്കുന്നു. “സംവാദമെന്നത് വെറുമൊരു തന്ത്രമോ ഉപകരണമോ അല്ലെന്നും അതൊരു ജീവിതരീതിയാണെന്നും” പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ മാർപാപ്പാ പറഞ്ഞു. നോസ്ത്ര ഏത്താത്തെയുടെ അറുപതാം വാർഷികത്തിൽ ഒക്ടോബർ 28നു നൽകിയ സന്ദേശത്തിൽ “സംവാദത്തിൽ സഹകരിക്കുന്ന എല്ലാവരുടെയും - പറയുന്നവരുടെയും കേൾക്കുന്നവരുടെയും - ഹൃദയങ്ങൾ രൂപാന്തരീകരിക്കപ്പെടുന്നുവെന്ന്” പരിശുദ്ധ പിതാവ് പഠിപ്പിച്ചു.
എല്ലാ കാര്യങ്ങൾക്കും എല്ലാവരും പ്രതികരിക്കണമെന്നത് ഒഴിവാക്കാവുന്ന ഒരഭിനിവേശമാണ്. രാഷ്ട്രീയവും നിയമപരവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത് നിയമപരമായ മാർഗങ്ങളിലൂടെയും നൈയാമികതലത്തിലുമാണ്. ബഹുസ്വരസമൂഹത്തിൽ മത-രാഷ്ട്രീയ - നൈയാമിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നവർ തമ്മിലുണ്ടാകേണ്ട ബഹുമാനപരമായ അകലം കാത്തുസൂക്ഷിക്കാൻ എല്ലാവരും - പ്രത്യേകിച്ച് നേതൃനിരയിലുള്ളവർ പരിശ്രമിക്കണം. സെപ്റ്റംബർ 29ന് ഐക്യരാഷ്ട്രസഭയിൽ വത്തിക്കാന്റെ സെക്രട്ടറി ഓഫ് ദ സ്റ്റേറ്റിൽ ലോകരാഷ്ട്രങ്ങളുമായുള്ള ബന്ധത്തിന്റെ ചുമതല വഹിക്കുന്ന സെക്രട്ടറി ആർച്ച്ബിഷപ് പോൾ റിച്ചാർഡ് ഗാല്ലഗർ പറഞ്ഞു, “മതസ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ടത് രാഷ്ട്രങ്ങളുടെ ഉത്തരവാദിത്വമാണ്, എന്നാൽ മതാന്തരസംവാദം മതങ്ങളുടെ ഉത്തരവാദിത്വമാണ്.” തങ്ങളുടേതായ ദൗത്യത്തിനു പുറത്ത് ഇടപെടുന്നതും തങ്ങളുടെ ദൗത്യം നിർവഹിക്കാതിരിക്കുന്നതും സ്വാതന്ത്ര്യത്തിനു വിരുദ്ധമായ പ്രവൃത്തിയാണെന്ന് രണ്ടു കൂട്ടരും തിരിച്ചറിയണം.
പരസ്നേഹത്തിന്റെ പ്രവാചകരാകാം
വിജാതീയരുടെയിടയിലുള്ള നിങ്ങളുടെ പെരുമാറ്റം നന്നായിരിക്കട്ടെ (1 പത്രോസ് 2,12), സാധിക്കുന്നിടത്തോളം എല്ലാവരോടും സമാധാനത്തില് വര്ത്തിക്കുവിന് (റോമാ 12,18) എന്നീ തിരുവചനങ്ങൾ ഉദ്ധരിച്ചുകൊണ്ട്, അപ്രകാരം നിങ്ങള് നിങ്ങളുടെ സ്വര്ഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും (മത്തായി 5,45) എന്നു പറഞ്ഞാണ് നോസ്ത്ര ഏത്താത്തെ ഉപസംഹരിക്കപ്പെടുന്നത്.
ജൂബിലിവർഷത്തിൽ പ്രത്യാശയുടെ തീർഥാടകരായവർക്ക് തുടർന്നുള്ള ജീവിതത്തിൽ പ്രത്യാശയുടെ പ്രവാചകരാകാതിരിക്കാൻ സാധിക്കില്ല. മതമൗലികവാദത്താൽ മലയാളമണ്ണിനെ മലീമസമാക്കാൻ മുന്നിട്ടിറങ്ങുന്നവരെ മറികടക്കാൻ പ്രത്യാശ പകരുന്ന പാവനമായ പരസ്നേഹത്തിന്റെ പ്രവാചകരാകാൻ നമ്മൾ ആത്മാർഥമായി ശ്രമിക്കണം. സങ്കുചിതചിന്തകളുടെ കൽത്തുറങ്കിൽ അടിമകളായി അടയ്ക്കപ്പെട്ടവരാകാതെ സാഹോദര്യത്തിന്റെയും സമഭാവനയുടെയും വിശാല മനോഭാവമുൾക്കൊള്ളുന്നവരാകാം. മതമൗലികവാദത്താൽ മനസും മിഴികളും മൂടപ്പെട്ടവർക്ക് മുൻപിൽ നിൽക്കുന്നവരെ മനുഷ്യനായി കാണാനാവില്ല. എന്നാൽ ദൈവത്തെ പിതാവായി കാണുന്ന ഒരാൾക്ക് മനുജനെ സഹോദരനായല്ലാതെ കാണാനാവില്ല.
പ്രത്യാശയുടെ പ്രഭയും പ്രതീക്ഷയുടെ പരിമളവും പരക്കുന്ന പരസ്നേഹാധിഷ്ഠിത സമൂഹനിർമിതിക്ക് ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരും മുന്നിട്ടിറങ്ങണമെന്നതാണ് നോസ്ത്ര ഏത്താത്തെയുടെ സന്ദേശത്തിന്റെ കാതൽ. ഇതു സാധ്യമാക്കാൻ മറ്റു മതവിഭാഗങ്ങളിലുള്ളവരുമായി തുടർച്ചയായ ‘സംവാദത്തിലും സഹകരണത്തിലും’ ഏർപ്പെടാൻ നോസ്ത്ര ഏത്താത്തെ ആഹ്വാനം ചെയ്യുന്നു. ഇത് ഇന്നത്തെ പ്രത്യേകമായ സാഹചര്യത്തിൽ അവഗണിക്കാനാവാത്ത ശ്രേഷ്ഠസന്ദേശമാണ്.
സമൂഹമാധ്യമങ്ങളുടെ ആവിർഭാവം മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഈ ലക്ഷ്യം സാധൂകരിക്കാൻ ഇത്തരത്തിലുള്ള സാമൂഹികസമ്പർക്ക മാധ്യമങ്ങൾ വളരെ ഉപയുക്തവുമാണ്. എന്നാൽ, മനുഷ്യനന്മയ്ക്കായി കണ്ടെത്തിയ ഡൈനാമിറ്റ് പിന്നീട് മനുഷ്യനെ കൊല്ലുന്ന ആയുധമാക്കി മാറ്റിയതുപോലെ മനുഷ്യർക്കിടയിൽ പാലം പണിയാൻ സഹായിക്കുന്ന നവമാധ്യമങ്ങൾ അവരെ പരസ്പരം അകറ്റാനും ചിലർ ഉപയോഗിക്കുന്നുണ്ട്. നമുക്കു ചുറ്റും സംഭവിക്കുന്ന കാര്യങ്ങളെ അവധാനതയോടെ നോക്കിക്കണ്ട്, വിശകലനം ചെയ്ത്, പക്വതയോടെ പ്രതികരിക്കുന്നതിനു പകരം വെറുപ്പും വിദ്വേഷവും പരത്തുന്ന വിഷവാഹകരായി നാം മാറരുത്. ഏതു കാര്യത്തെയും വസ്തുനിഷ്ഠമായി കാണുന്നതിനുപകരം മത-രാഷ്ട്രീയ-സമുദായ കണ്ണടകൾ കൊണ്ട് നോക്കിക്കാണുന്നത് അപകടകരമായ പ്രവണതയാണ്.
കാണുന്നതും വായിക്കുന്നതുമെല്ലാം വിവേചനം കൂടാതെ വിശ്വസിക്കുന്നത് മൗഢ്യമാണ്. വ്യക്തിത്വം വെളിപ്പെടുത്താതെ ലേഖനങ്ങൾ ചമയ്ക്കുന്നവരും ദുഷ്ടലാക്കോടെ വ്യാഖ്യാനങ്ങൾ എഴുതിക്കൂട്ടുന്നവരും പെരുകിവരുന്നു. സാങ്കേതികവിദ്യയുടെ നൂതനത്വത്തിൽ എന്തും വ്യാജമായി നിർമിക്കപ്പെടാം എന്നുള്ള സവിശേഷസാഹചര്യം നാം അവഗണിക്കരുത്. നിർമിതബുദ്ധിയുടെ സഹായത്തോടെ ലിഖിതരൂപത്തിലോ ശബ്ദരേഖയായോ ചിത്രങ്ങളായോ വീഡിയോ രൂപത്തിലോ വ്യാജവാർത്തകളും സംഭവങ്ങളും അവതരിപ്പിക്കാൻ സാധിക്കുമെന്നത് കണക്കിലെടുക്കണം.
നിർമിതബുദ്ധി ഉപയോഗിക്കുന്നവർ ധാർമികബോധത്തോടെ പ്രവർത്തിക്കുകയും സമൂഹമാധ്യമങ്ങൾ പിന്തുടരുന്നവർ നിർമിതബുദ്ധിയാൽ മെനഞ്ഞെടുക്കപ്പെടുന്ന കല്പിതകഥകളെ തിരിച്ചറിയാൻ കൂർമബുദ്ധിയുള്ളവരായിരിക്കുകയും വേണം.
മതമൗലികവാദത്തിന്റെ അടിസ്ഥാനം, എന്റെ മതം മാത്രമാണ് ശരിയെന്നും മറ്റെല്ലാ മതങ്ങളും തെറ്റാണെന്നുമുള്ള വികലമായ ചിന്തയാണ്. ഒരു വ്യക്തിയുടെ ആന്തരികനന്മ അദ്ദേഹത്തിന്റെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നമുക്ക് നിശ്ചയിക്കാനാവില്ല. ഏതെങ്കിലും ഒരു മതത്തിന്റെ അനുയായി എന്ന നിലയിൽ ഒരുവൻ എല്ലാം തികഞ്ഞവനെന്നും ആ മതം പിന്തുടരാത്തയാൾ എന്ന നിലയിൽ മറ്റൊരാൾ മോശക്കാരാണെന്നുമുള്ള ചിന്ത മൗലികവാദം തന്നെയാണ്. മതത്തിന്റെ അടിസ്ഥാനത്തിലല്ല, വ്യക്തിജീവിതത്തിന്റെ അടിസ്ഥാനത്തിലാണ് ഒരാളുടെ നന്മ വെളിവാകുന്നത്. നന്മയിൽ വളരാനാണ് ഓരോ മതവും അനുയായികളെ പരിശീലിപ്പിക്കുന്നത്. അതുകൊണ്ട് മതവിശ്വാസികൾക്കിടയിൽ പരസ്പരം ബഹുമാനം പുലരുന്നില്ലെങ്കിൽ അവരെയെങ്ങനെയാണ് വിശ്വാസികളെന്ന് വിളിക്കാനാകുക? അങ്ങനെയുള്ളവരുടേത് അന്ധവിശ്വാസമാണെന്ന് പറയേണ്ടിവരും. മതസ്പർധ പരത്തുന്ന വാക്കുകളും പ്രവൃത്തികളും ഒഴിവാക്കി പരസ്പരം സ്നേഹിക്കാനും സഹകരിക്കാനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. “സ്വസന്താനങ്ങളെ സഭ ഉത്തേജിപ്പിക്കുകയാണ്, ഇതര മതാനുയായികളുമായി വിവേകത്തോടും സ്നേഹത്തോടുംകൂടി വിശ്വാസത്തിനും ക്രിസ്തീയജീവിതത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് സംഭാഷണത്തിലും സഹകരണത്തിലും ഏർപ്പെടാൻ. അവരിൽ ദൃശ്യമാകുന്ന ആധ്യാത്മികവും ധാർമികവുമായ നന്മകളും സാമൂഹ്യ-സാംസ്കാരിക മൂല്യങ്ങളും അംഗീകരിച്ചു പരിരക്ഷിക്കുകയും അഭിവൃദ്ധമാക്കുകയും ചെയ്യണമെന്നാണ് സഭയുടെ ഉദ്ബോധനം” (NA 2).
ബുദ്ധ-ഹിന്ദു മതങ്ങളിൽ അടങ്ങിയിരിക്കുന്ന തത്വശാസ്ത്രസമീപനത്തെയും സത്യാന്വേഷണങ്ങളെയും സഭ ബഹുമാനിക്കുന്നു (NA 2). അവ മിശിഹാ എന്ന സത്യത്തിലേക്ക് എത്താൻ സഹായകമാണെന്ന് സഭ കരുതുന്നു. അതുപോലെതന്നെ ഇസ്ലാം മതത്തെയും സഭ ബഹുമാനത്തോടെയാണ് കാണുന്നത്. ഏക ദൈവവിശ്വാസവും സ്രഷ്ടാവും കാരുണ്യവാനായ ദൈവസങ്കല്പവും ഏബ്രഹാമിനോടും മറിയത്തോടുമുള്ള ബഹുമാനവും ഈശോയെ പ്രവാചകനായി അംഗീകരിക്കുന്നതും അടക്കമുള്ള കാര്യങ്ങൾ ഈ പ്രമാണരേഖ എടുത്തുപറയുന്നുണ്ട് (NA 3). ഇസ്ലാം മതവിശ്വാസികളുമായുള്ള ബന്ധത്തെപ്പറ്റി സംസാരിക്കുന്ന ഭാഗത്തിന്റെ അവസാനത്തിൽ സഭാ പിതാക്കന്മാർ ഇങ്ങനെ കുറിക്കുന്നു, “കഴിഞ്ഞ പല നൂറ്റാണ്ടുകളിലും ക്രൈസ്തവരും മുഹമ്മദീയരും തമ്മിലുണ്ടായിട്ടുള്ള കലഹങ്ങളും ശത്രുതകളും കുറച്ചൊന്നുമല്ല. എങ്കിലും കഴിഞ്ഞതെല്ലാം അപ്പാടെ വിസ്മരിക്കണമെന്നാണ് പരിശുദ്ധ സൂനഹദോസിന്റെ ആഹ്വാനം. മാത്രമല്ല, പരസ്പരധാരണ സൃഷ്ടിക്കുന്നതിന് ഇരുകൂട്ടരും ആത്മാർഥമായി പരിശ്രമിക്കണമെന്നാണ് സൂനഹദോസ് എല്ലാവരെയും ഉദ്ബോധിപ്പിക്കുന്നത്. അതോടൊപ്പംതന്നെ മാനവസമുദായത്തിനുവേണ്ടി സാമൂഹ്യനീതിയും ധാർമികമൂല്യങ്ങളും സമാധാനവും സ്വാതന്ത്ര്യവുമെല്ലാം ഇരുകൂട്ടരും യോജിച്ചുനിന്ന് സംരക്ഷിക്കുകയും പ്രവൃദ്ധമാക്കുകയും വേണം” (NA 3).
ഈശോയുടെ മരണത്തിന് ഏതാനും യഹൂദർ കാരണമായി എന്നതുകൊണ്ട് ഇന്നത്തെ യഹൂദരെ അതിനു കുറ്റം വിധിക്കാൻ സാധിക്കില്ലായെന്ന് നോസ്ത്ര ഏത്താത്തെ പഠിപ്പിക്കുന്നു (NA 4). മതഭ്രാന്ത് തലയ്ക്കുപിടിച്ച ഏതാനും വ്യക്തികളുടെ ചെയ്തികൾക്ക് ഒരു രാഷ്ട്രത്തെയോ സമുദായത്തെയോ മതത്തെയോ കുറ്റം വിധിക്കുന്നത് തെറ്റാണ്. നോസ്ത്ര ഏത്താത്തെയുടെ അൻപതാം വാർഷികം ആഘോഷിച്ച അവസരത്തിൽ 2015 ഒക്ടോബർ 28നു നൽകിയ ബുധനാഴ്ച സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പാ പറഞ്ഞതുപോലെ, “നിസംഗതയിൽനിന്നും എതിർപ്പിൽനിന്നും, ഞങ്ങൾ സഹകരണത്തിലേക്കും സൗഹാർദത്തിലേക്കും തിരിഞ്ഞു. ശത്രുക്കളിൽനിന്നും അപരിചിതരിൽനിന്നും ഞങ്ങൾ സുഹൃത്തുക്കളും സഹോദരന്മാരുമായി മാറിയിരിക്കുന്നു.”
Tags : religious harmony Let us be guardians Pope Pope Leo 14th