ഏഷ്യൻ റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ ഉത്പന്നം കൂടുതൽ കരുത്തു കണ്ടെത്തുന്നു. ആഗോള റബർ ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല, വ്യവസായികൾ അല്പം പിരിമുറുക്കത്തിൽ. കേരളത്തിൽ കുരുമുളകു വിളവെടുപ്പ് മാസാന്ത്യത്തോടെ ഊർജിതമാകുമെന്ന കണക്കുകൂട്ടലിൽ യൂറോപ്പിലെ ഒരു വിഭാഗം ഇറക്കുമതിക്കാർ വിയറ്റ്നാമിൽ ചരക്ക് സംഭരണം കുറച്ചു വിപണിയുടെ അടിയൊഴുക്ക് അളക്കുന്നു. പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോ ബംപർ വിളവെടുപ്പിന് ഒരുങ്ങുന്നു, ഉത്പന്ന വില മുന്നിലുള്ള രണ്ട് മാസം ആടിയുലയാം.
റബർ ഉത്പാദനം കുറയുന്നു;വില കയറുന്നു
കാലാവസ്ഥാ വ്യതിയാനം മൂലം ആഫ്രിക്കൻ രാജ്യങ്ങളിലും ഏഷ്യയിലും റബർ ഉത്പാദനം പ്രതീക്ഷയ്ക്കൊത്തു ചുവടുവയ്ക്കുന്നില്ല. രണ്ട് ഭൂഖണ്ഡങ്ങളിലും മഴ വില്ലനായതു മൂലം റബർ ടാപ്പിംഗിന് അവസരം കണ്ടെത്താനാവാതെ ഉത്പാദകർ തോട്ടങ്ങളിൽനിന്നും പല അവസരങ്ങളിലും പിൻമാറാൻ നിർബന്ധിതരായത് ആഗോള ഉത്പാദനത്തിൽ ഇടിവ് സൃഷ്ടിക്കാം.
ഉത്പാദനത്തിലും കയറ്റുമതിയിലും മുൻനിരയിലുള്ള തായ്ലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ പിന്നിട്ട മാസങ്ങളിൽ റബർ വെട്ട് അടിക്കടി തടസപ്പെട്ടു. ആഫ്രിക്കൻ രാജ്യങ്ങളിലും പ്രതീക്ഷിച്ച തോതിൽ ഷീറ്റ് ഉത്പാദനം നടന്നില്ല. കാർഷിക മേഖലകളിലെ സ്ഥിതിഗതികൾ അത്ര സുഖകരമല്ലെന്നു മനസിലായതോടെ ടയർ വ്യവസായികൾ പുതിയ തന്ത്രം മെനയുന്നു. ഇതിനിടയിൽ അവസരം നേട്ടമാക്കാൻ ഒരു വിഭാഗം നിക്ഷേപകരും ഊഹക്കച്ചവടക്കാരും അവധി വ്യാപാരത്തിൽ ഉത്സാഹം കാണിച്ചു.
ജപ്പാൻ ഒസാക്ക എക്സ്ചേഞ്ചിൽ തുടർച്ചയായ ആറാം വാരത്തിലും റബർ മികവിലാണ്. സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ വാരാന്ത്യം കിലോ 349 യെന്നിൽ നിലകൊള്ളുന്ന മേയ് അവധി 354ലെ പ്രതിരോധം മറികടന്നാൽ 378 യെൻ വരെ കത്തിക്കയറാൻ ഇടയുണ്ട്. എന്നാൽ, ഈ കുതിപ്പിനെ തടയാൻ ആഗോള തലത്തിൽ ടയർ ലോബി തന്ത്രം മെനയുന്നു.
സംസ്ഥാനത്ത് റബർ 187 രൂപയിൽനിന്നും കിലോ 191 രൂപയായി. നിരക്ക് ഉയർന്നെങ്കിലും കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ വില്പനക്കാർ കുറവാണ്. രാത്രിയിലെ അതിശൈത്യം മരങ്ങളിൽനിന്നുള്ള യീൽഡ് ഉയർത്തുമെങ്കിലും പകൽ ഉയർന്ന താപനിലയിൽ ഇല പൊഴിച്ചിൽ വ്യാപകമായത് കർഷകരുടെ പ്രതീക്ഷകൾ തകിടം മറിക്കുന്നു.
കുരുമുളകിൽ നോട്ടമിട്ട്
കേരളത്തിൽ കുരുമുളക് വിളവെടുപ്പിന്റെ ദിനങ്ങളാണു മുന്നിലുള്ളത്. പുതിയ ചരക്ക് വരവ് ഇന്ത്യൻ മാർക്കറ്റിനെ സ്വാധീനിക്കുമെന്നു മനസിലാക്കി രാജ്യാന്തര വിപണിയിൽനിന്നും വൻകിട ഇറക്കുമതിക്കാർ വാരാന്ത്യം അല്പം പിൻവലിഞ്ഞു. ഒരു മാസകാലയളവിൽ ഇടുക്കി, വയനാട്, പത്തനംതിട്ട ഭാഗങ്ങളിലെ തോട്ടങ്ങളിൽ വിളവെടുപ്പ് വ്യാപകമാകുന്നതോടെ വില ഇടിക്കാമെന്ന കണക്കുകൂട്ടലിലാണ് ഉത്തരേന്ത്യൻ വാങ്ങലുകാർ. ആയിരക്കണക്കിനു ടൺ കുരുമുളക് ആവശ്യമുള്ള അവരെ സംബന്ധിച്ച് നിരക്ക് ഒരു രൂപ ഇടിഞ്ഞാലും ലാഭം ലക്ഷങ്ങളായി മാറും.
യൂറോപ്യൻ ബയർമാർ വിയറ്റ്നാം മുളകാണ് ഏതാനും മാസങ്ങളായി സംഭരിക്കുന്നത്. ഈസ്റ്റർ വരെയുള്ള ആവശ്യങ്ങൾ മുന്നിൽക്കണ്ടുള്ള ചരക്ക് സംഭരണം നടത്തുന്നു.
വിദേശ ഡിമാൻഡിൽ മുളക് വില കിലോ 1,52,500 ഡോംഗ് വരെ വാരമധ്യം വിയറ്റ്നാം പ്രാദേശിക വിപണികളിൽ ഉയർന്നെങ്കിലും വാരാന്ത്യം വില 1,49,000 ഡോംഗിലേക്കു പൊടുന്നനെ ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ വിയറ്റ്നാം ടണ്ണിന് 6600 ഡോളറും ബ്രസീൽ 6300 ഡോളറിനും ചരക്ക് വാഗ്ദാനം ചെയ്തു. ഇന്തോനേഷ്യൻ മുളക് വില 7000 ഡോളറും ശ്രീലങ്ക 7100 ഡോളറും രേഖപ്പെടുത്തി. നമ്മുടെ വില 8050 ഡോളർ.
ഉത്തരേന്ത്യൻ വ്യവസായികൾ നേരത്തേ കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി നടത്തിയ ചരക്ക് കേരളത്തിൽ വില്പനയ്ക്കിറക്കി. ആഭ്യന്തര വില ഇടിക്കാനുള്ള നീക്കമായി വിപണിവൃത്തങ്ങൾ ഇതിനെ വിലയിരുത്തുന്നു. കഴിഞ്ഞവാരം കൊച്ചിയിൽ 206 ടൺ മുളക് വില്പനയ്ക്കെത്തി, തൊട്ട് മുൻവാരത്തെ അപേക്ഷിച്ച് വരവ് ഉയർന്നതു വില്പന സമ്മർദമായി കാണിച്ച് വില ഇടിക്കാനുള്ള ശ്രമം. അതേസമയം, ഉത്പന്ന വില ക്വിന്റലിന് 500 രൂപ വർധിച്ച് വാരാന്ത്യം അൺ ഗാർബിൾഡ് കുരുമുളക് 69,700 രൂപയിലും ഗാർബിൾഡ് കുരുമുളക് 71,700 രൂപയിലുമാണ്.
കൊക്കോയും വിളവെടുപ്പിലേക്ക്
ചെറുകിട വിപണികളിൽ പുതിയ കൊക്കോ വില്പനയ്ക്കെത്തിത്തുടങ്ങി. അടുത്ത മാസം വരവ് ഉയരുമെന്ന പ്രതീക്ഷയിലാണു ചോക്ലേറ്റ് നിർമാതാക്കൾ. പച്ച കൊക്കോ കിലോ 140 രൂപയിലും കൊക്കോ പരിപ്പ് 400 രൂപയിലുമാണ്. ഇതിനിടയിൽ ആഗോള കൊക്കോ കർഷകരെ സമ്മർദത്തിലാക്കാനുള്ള നീക്കത്തിലാണു വ്യവസായികൾ. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വിളവെടുപ്പിനുള്ള ഒരുക്കത്തിലാണു പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങൾ. മികച്ച കാലാവസ്ഥ ഉത്പാദനം ഉയർത്തുമെന്നാണു കയറ്റുമതിയിൽ മുൻപന്തിയിലുള്ള ഐവറി കോസ്റ്റ്, ഘാന എന്നിവിടങ്ങളിൽ നിന്നുള്ള സൂചന.
കഴിഞ്ഞ ജനുവരിയിൽ ടണ്ണിന് 11,700 ഡോളർ വരെ ഉയർന്ന രാജ്യാന്തര കൊക്കോ വില നിലവിൽ 4928 ഡോളറിലാണ്. കൊക്കോ വീണ്ടും തകർച്ചയിലേക്ക് നീങ്ങുമെന്ന നിഗമനത്തിൽ ചോക്ലേറ്റ് വ്യവസായികൾ ചരക്കു സംഭരണത്തിനു കാര്യമായ ഉത്സാഹം കാണിച്ചിട്ടില്ല.
ഏലക്ക പ്രതീക്ഷയിൽ
ഏലം വിളവെടുപ്പ് അനുകൂല കാലാവസ്ഥയിൽ ഫെബ്രുവരിയിലും മുന്നേറാനാവുമെന്ന പ്രതീക്ഷയിലാണ് ഉത്പാദകർ. കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ലേല കേന്ദ്രങ്ങളിൽ സജീവം. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2489 രൂപയിലും മികച്ചയിനങ്ങൾ 2980 രൂപയിലുമാണ്.
നാളികേരത്തിന് തമിഴ്നാട്ടിൽ വില്പന ഇരട്ടിച്ചു പക്ഷേ...
നാളികേരോത്പന്ന വിപണി വാരത്തിന്റെ രണ്ടാം പകുതിയിൽ ഹോളിഡേ മൂഡിൽ. പൊങ്കലിന്റെ ഭാഗമായി തമിഴ്നാട് മാർക്കറ്റ് തുടർച്ചയായ ദിവസങ്ങളിൽ അവധിയായിരുന്നു. അതേസമയം, വാരത്തിന്റെ തുടക്കത്തിൽ തമിഴ്നാട്ടിൽ നാളികേര വില്പന പതിവിലും ഇരട്ടിച്ചു. മകര സംക്രാന്തിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിലേക്കും മറ്റ് പൂജാ ആവശ്യങ്ങൾക്കും തേങ്ങയ്ക്ക് ഡിമാൻഡ് അനുഭവപ്പെട്ടു.
വൻതോതിൽ നാളികേരം വിപണിയിലേക്ക് പ്രവഹിച്ചതു വരും ദിനങ്ങളിൽ കൊപ്ര ക്ഷാമത്തിന് ഇടയാക്കുമോയെന്ന ആശങ്കയിലാണ് ഒരു വിഭാഗം മില്ലുകാർ. കാങ്കയത്ത് കൊപ്ര 17,300 രൂപയിലും വെളിച്ചെണ്ണ 22,675 രൂപയിലുമാണ്. കൊച്ചിയിൽ വെളിച്ചെണ്ണ ക്വിന്റലിനു 30,800 രൂപയിലും കൊപ്ര 16,850 രൂപയിലുമാണ്.