ന്യൂഡൽഹി: റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൗരരുടെ എണ്ണം കൂടുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. നിലവിൽ 44 പേരാണ് റഷ്യൻ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നത്.
സമീപമാസങ്ങളിലെ റിക്രൂട്ട്മെന്റിലൂടെയാണ് ഇത്രയും പേർ റഷ്യൻ സൈന്യത്തിന്റെ ഭാഗമായിത്തീർന്നിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇന്ത്യൻ പൗരൻമാർ റഷ്യൻ സൈന്യത്തിൽ ചേരുന്നത്.
ഈ രീതി അവസാനിപ്പിക്കുന്നതിനായി റഷ്യൻ അധികൃതരുമായി വിഷയം ചർച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിലവിൽ റഷ്യൻ സൈന്യത്തിനൊപ്പം സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ പൗരന്മാരെ ഉടൻ മോചിപ്പിക്കും.
ഇതിനായി റഷ്യയുമായി ബന്ധപ്പെട്ടുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.