Sports
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീമിൽ ശുഭ്മാൻ ഗിൽ വൈസ് ക്യാപ്റ്റനാകും. മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.
അതേസമയം, യശസ്വി ജയ്സ്വാളിനെയും ശ്രേയസ് അയ്യരെയും ടീമിൽനിന്ന് ഒഴിവാക്കി. സൂര്യകുമാർ യാദവും ബിസിസിഐ സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മാന്‍ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, ശിവം ദുബെ, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്.
Sports
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ട്വന്റി-20 രണ്ടാം സീസണിൽ സഞ്ജു സാംസണ് കൊച്ചി ബ്ലൂ ടൈഗേഴ്സിനൊപ്പം. കെസിഎൽ പ്രഥമ സീസണിൽ ഇല്ലാതിരുന്ന സഞ്ജു സാംസണെ ഇത്തവണ കെസിഎലിലെ റിക്കാർഡ് തുകയായ 26.80 ലക്ഷത്തിനാണ് കൊച്ചി സ്വന്തമാക്കിയത്. ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണിത്.
മൂന്ന് ലക്ഷം അടിസ്ഥാനവിലയായിരുന്ന സഞ്ജുവിനായി തിരുവനന്തപുരം റോയല്‍സ് 20 ലക്ഷം വിളിച്ചപ്പോൾ തൃശൂര്‍ ടൈറ്റന്‍സ് 25 ലക്ഷമാക്കി ഉയർത്തി. എന്നാൽ ഒടുവിൽ. 26.80 ലക്ഷം വിളിച്ച കൊച്ചി ബ്ലൂ ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കി.
അതേസമയം, വിഷ്ണു വിനോദിനെ 12.8 ലക്ഷത്തിന് ഏരീസ് കൊല്ലം സെയ്ലേഴ്സും ഓൾറൗണ്ടർ ജലജ് സക്സേനയെ 12.40 ലക്ഷത്തിന് ആലപ്പി റിപ്പിള്‍സും പേസര്‍ ബേസില്‍ തമ്പിയെ 8.4 ലക്ഷത്തിന് തിരുവനന്തപുരം റോയല്‍സും സ്വന്തമാക്കി.
ഷോണ്‍ റോജര്‍ (4.40 ലക്ഷം), സിജോമോന്‍ ജോസഫ് (5.20 ലക്ഷം) എന്നിവരെ തൃശൂര്‍ ടൈറ്റന്‍സ് ടീമിലെത്തിച്ചപ്പോൾ വിനൂപ് മനോഹരനെ (മൂന്ന് ലക്ഷം) കൊച്ചിയും എം.എസ്. അഖിലിനെ (8.40 ലക്ഷം) കൊല്ലവും അഭിജിത് പ്രവീണിനെ (4.20 ലക്ഷം) തിരുവനന്തപുരവും സ്വന്തമാക്കി.
എ, ബി, സി കാറ്റഗറിയിലായി 155 കളിക്കാരാണ് ഇന്നത്തെ ലേലത്തിനായുള്ളത്. എ കാറ്റഗറിയിലെ താരങ്ങൾക്ക് മൂന്നുലക്ഷവും ബിയിലുള്ളവർക്ക് 1.5 ലക്ഷവും സി കാറ്റഗറിക്കാർക്ക് 75,000 രൂപയുമാണ് അടിസ്ഥാന വില. 50 ലക്ഷം രൂപയാണ് ഓരോ ടീമിനും പരമാവധി 2025 സീസണിൽ ചിലവഴിക്കാൻ സാധിക്കുക, നിലനിർത്തിയ കളിക്കാർ ഉൾപ്പെടെയാണിത്.