ചെന്നൈ: അടുത്ത ഐപിഎൽ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ ഋതുരാജ് ഗെയ്ക്വാദ് നയിക്കും. സിഎസ്കെ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായുള്ള റീട്ടന്‍ഷന്‍ ലിസ്റ്റ് പുറത്തുവിട്ടതിന് പിന്നാലെയാണ് സ്ഥിരീകരണം.
2024ൽ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായി നിയോഗിക്കപ്പെട്ട ഗെയ്ക്വാദ് കഴിഞ്ഞ സീസണിൽ പരിക്കിനെ തുടർന്ന് ക്യാപ്റ്റൻസി വീണ്ടും എം.എസ്.ധോണിക്കു കൈമാറിയിരുന്നു. രാജസ്ഥാന് റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണ് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
2021 മുതല്‍ രാജസ്ഥാന് റോയല്‍സിന്റെ ക്യാപ്റ്റനാണ് സഞ്ജു. 2022 സീസണിലാണ് ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനം ധോണി ഒഴിഞ്ഞത്. പിന്നാലെ രവീന്ദ്ര ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. എന്നാൽ ടീമിന്റെ മോശം പ്രകടനത്തെത്തുടർന്ന് സീസണിന്റെ ഇടയ്ക്കു വച്ച് ക്യാപ്റ്റൻ സ്ഥാനം ധോണിക്കു തിരികെ നൽകേണ്ടി വന്നു.
തുടർന്ന് 2023ലും ടീമിനെ നയിച്ച ധോണി ചെന്നൈയ്ക്ക് അഞ്ചാം കിരീടവും നേടിക്കൊടുത്തു. തുടർന്നാണ് 2024ൽ യുവതാരം ഗെയ്ക്വാദ് ക്യാപ്റ്റനാകുന്നത്.
Tags : ipl csk ruturaj gaikwad captain sanju samson