ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ പലപ്പോഴായി തെറ്റായ തീരുമാനത്തിലൂടെ പുറത്താക്കിയതിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ കണ്ണിലെ കരടായി മാറിയ അന്പയറാണ് ജമൈക്കക്കാരനായ സ്റ്റീവ് ബക്നർ.
ഇപ്പോഴിതാ 22 വർഷങ്ങൾക്കുശേഷം സച്ചിനെതിരായ ഒരു തെറ്റായ തീരുമാനത്തിൽ ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് ബക്നർ. 2003-04ലെ ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ബ്രിസ്ബേൻ ടെസ്റ്റിൽ സച്ചിൻ തെണ്ടുൽക്കറുടെ എൽബിഡബ്ല്യു വിളിച്ച തീരുമാനം തെറ്റായിരുന്നുവെന്നാണ് ബക്നർ സമ്മതിച്ചത്.
അന്പയറിംഗിൽ നിന്ന് വിരമിച്ച ബക്നർ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് അന്പയേഴ്സ് അസോസിയേഷന് നൽകിയ അഭിമുഖത്തിലാണ് ക്രിക്കറ്റ് ലോകത്ത് ഏറെക്കാലം ചർച്ചയായ ആ വിവാദ പുറത്താക്കലിൽ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ചത്.
പുറത്താകൽ ഇങ്ങനെ: ഓഫ് സ്റ്റംപിന് പുറത്തേക്ക് പോയ ജേസണ്‍ ഗില്ലെസ്പിയുടെ പന്ത് സച്ചിൻ ബാറ്റുയർത്തി ലീവ് ചെയ്തെങ്കിലും പാഡിൽ തട്ടിയിരുന്നു. ഓസീസ് താരങ്ങൾ എൽബിഡബ്ല്യുവിനായി അപ്പീൽ നടത്തിയതിന് പിന്നാലെ ബക്നർ വിരലുയർത്തി. ബക്നറുടെ തീരുമാനം സച്ചിനു വിശ്വസിക്കാനായില്ല. വെറും മൂന്ന് റണ്‍സ് എടുത്തായിരുന്നു സച്ചിൻ ബക്നറുടെ തെറ്റായ തീരുമാനത്തിലൂടെ പുറത്തായത്.
79 വയസുകാരനായ ബക്നർ 120ലധികം ടെസ്റ്റുകൾ നിയന്ത്രിച്ചിട്ടുണ്ട്. ഒന്നിലധികം ലോകകപ്പുകളിലെ അന്പയറിംഗ് പാനലിലും ഉണ്ടായിരുന്നു.
Tags : Sachin Tendulkar wrong decision Steve Bucknor cricket legend