തദ്ദേശതെരഞ്ഞെടുപ്പിലൂടെ കന്നിവോട്ട് രേഖപ്പെടുത്തി പ്രാർഥന ഇന്ദ്രജിത്ത്. ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മൂത്ത മകളാണ് പ്രാർഥന. കന്നി വോട്ട് ചെയ്തതിന്റെ സന്തോഷം താരം തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.
അച്ഛൻ ഇന്ദ്രജിത്തിനും അമ്മ പൂർണിമ ഇന്ദ്രജിത്തിനും ഒപ്പമാണ് പ്രാർഥന വോട്ട് രേഖപ്പെടുത്താൻ പോയത്. ആദ്യമായി വോട്ട് രേഖപ്പെടുത്തി എന്ന കുറിപ്പോടെയാണ് പ്രാർഥന അച്ഛനും അമ്മയ്ക്കുമൊപ്പം ചിത്രം സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചത്.
ചെറിയ പ്രായത്തിൽ തന്നെ ചലച്ചിത്ര പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച താരപുത്രിയാണ് പ്രാർഥന. 2018ൽ പുറത്തിറങ്ങിയ ‘മോഹൻലാൽ’ എന്ന ചിത്രത്തിലെ ‘ലാലേട്ടാ’ എന്ന ഗാനത്തിലൂടെയാണ് പ്രാർഥന ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് കുട്ടൻപിള്ളയുടെ ശിവരാത്രി, ഹെലൻ, ഓ ബേബി എന്നീ ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങൾ ആലപിച്ചു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ തീം സോംഗ് ആലപിച്ചതും പ്രാർഥനയാണ്. നിയോൺ റെയിൻ എന്ന പേരിൽ പുറത്തിറക്കിയ ട്രാക്കും ഏറെ ആരാധകശ്രദ്ധ നേടിയിരുന്നു.