തൃശൂർ: തൃശൂർ, ചാലക്കുടി, ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളുടെ നവീകരണത്തിന് ഉത്തരവിറങ്ങി. തൃശൂർ സ്റ്റാൻഡ് നവീകരണത്തിന് ഏഴുകോടി, ഇരിങ്ങാലക്കുട ഓപ്പറേറ്റിംഗ് യൂണിറ്റിൽ പുതിയ ബസ് ബേയും മുകളിൽ ഓഡിറ്റോറിയവും നിർമിക്കാൻ മൂന്നു കോടി, ചാലക്കുടി കെഎസ്ആർടിസി ടെർമിനൽ നിർമാണത്തിന് നാലുകോടി രൂപ എന്നിങ്ങനെ വകയിരുത്തിയാണ് ഉത്തരവ്.
തൃശൂരിൽ രണ്ടരക്കോടിയുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിർമാണത്തിനുള്ള ഉത്തരവും ഉടൻ ഇറങ്ങുമെന്നാണു വിവരം. നവകേരള സദസിലെ ചർച്ചകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കുന്ന വികസനപദ്ധതികളുടെ ഭാഗമായാണു തുക അനുവദിക്കുന്നതെന്നു സർക്കാർ ഉത്തരവിൽ പറയുന്നു. തൃശൂർ സ്റ്റാൻഡിന്റെ നവീകരണത്തിനുള്ള തറക്കല്ലിടൽ ഈമാസം അവസാനം നടത്തിയേക്കും.
കഴിഞ്ഞ നവംബറിൽ ആരംഭിച്ച സ്റ്റാൻഡ് പൊളിക്കൽ എഴുപതു ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. നവീകരണത്തിനുള്ള രൂപരേഖ നേരത്തേ പുറത്തുവിട്ടെങ്കിലും ജീവനക്കാർക്കു വിശ്രമിക്കാനുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് അടക്കം പിന്നീടു കൂട്ടിച്ചേർത്തു. തിരുവനന്തപുരം, പാലക്കാട് ഭാഗത്തുനിന്നുവരുന്ന ബസുകൾക്ക് ഒരുവശത്തും കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന ബസുകൾ മറുവശത്തും പ്രവേശനകവാടം ഒരുക്കും. പൈതൃകം വിളിച്ചോതുന്ന രീതിയിലാവും നിർമാണം.
ചാലക്കുടി ബസ് ടെർമിനലിൽ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, താമസസൗകര്യം, കടമുറികൾ, ക്ലോക്ക് റൂം, കാന്റീൻ, ഫീഡിംഗ് റൂം, ശുചിമുറികൾ എന്നിവ അടക്കമുള്ള ബഹുനില ബസ് ടെർമിനൽ സജ്ജമാക്കാനാണു പദ്ധതി. 14,000 ചതുരശ്ര അടിയായിരിക്കും വിസ്തീർണം.
അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ ഉൾപ്പെടെ വിനോദസഞ്ചാരമേഖലയിലേക്കുള്ള യാത്രക്കാർക്ക് ഇവിടെ താമസസൗകര്യം ഒരുക്കാനും പദ്ധതി നിർദേശമുണ്ട്. മൂന്നു പദ്ധതികളുടെയും ഉടമസ്ഥാവകാശം കെഎസ്ആർടിസിക്കാണെങ്കിലും നിർമാണ-അറ്റകുറ്റപ്പണികളുടെ ചുമതല പൊതുമരാമത്ത് വകുപ്പിനാണ്.