കൊച്ചി: സ്വപ്നമാണോ യാഥാര്‍ഥ്യമാണോ എന്നു സംശയിച്ച സന്ധ്യയോട് നടന് മമ്മൂട്ടിയുടെ സ്നേഹാന്വേഷണം.. “ഇപ്പോള്‍ എങ്ങനെയുണ്ട്?” മണ്ണിടിച്ചിലിന്റെ നീറുന്ന ഓര്‍മകള്‍ അല്പനേരത്തേക്കെങ്കിലും മറന്ന് കൃത്രിമക്കാലില്‍ എഴുന്നേറ്റുനിന്ന് സന്ധ്യ പറഞ്ഞു: “നടന്നുതുടങ്ങി’’.
പിന്നെ അദ്ദേഹം സന്ധ്യയുടെ കൈപിടിച്ച് ആ മനസിലെ നീറ്റല്‍ തിരിച്ചറിഞ്ഞ് പറഞ്ഞു- “ഇനി വീടിന്റെയും സ്ഥലത്തിന്റെയും കാര്യമല്ലേ... അതും നടക്കും...ഉറപ്പ്...’’- സന്ധ്യയുടെ മുഖത്ത് ആശ്വാസത്തിന്റെ തെളിച്ചം.
കഴിഞ്ഞ ഒക്ടോബര്‍ 25ന് അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് കാല് നഷ്ടപ്പെട്ട സന്ധ്യക്ക് ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സ ഏര്‍പ്പാടാക്കിയതും കൃത്രിമ കാല് വയ്ക്കുന്നതിനു വേണ്ട സഹായം ചെയ്തതും നടന് മമ്മൂട്ടിയായിരുന്നു.
ചികിത്സയ്ക്കും കൃത്രിമക്കാലിനുമായി 20 ലക്ഷം രൂപയോളം വേണ്ടിവന്നു. മമ്മൂട്ടിയുടെ ജീവകാരുണ്യപ്രസ്ഥാനമായ കെയര്‍ ആന്‍ഡ് ഷെയറും രാജഗിരി ആശുപത്രിയും ചേര്‍ന്ന് പൂര്‍ണമായും സൗജന്യമായാണു ചികിത്സയും കൃത്രിമക്കാലും നൽകിയത്.
കൃത്രിമക്കാല്‍ വച്ചതിനുശേഷം ആദ്യമായി ഡോക്ടറെ കാണാന്‍ രാജഗിരിയില്‍ എത്തിയ സന്ധ്യക്ക് മമ്മൂട്ടിയെ നേരില്‍ കണ്ടു നന്ദി പറയണമെന്ന ആഗ്രഹം ആശുപത്രി അധികൃതരാണു കെയര്‍ ആന്‍ഡ് ഷെയര്‍ ഭാരവാഹികളെ അറിയിച്ചത്.
ഷൂട്ടിംഗ് ആവശ്യത്തിനു കൊച്ചിയിലായിരുന്ന മമ്മൂട്ടി തിരക്കുകള്‍ മാറ്റിവച്ച് സന്ധ്യയെ കാണാനെത്തി. സന്ധ്യക്ക് സ്ഥലവും വീടും നൽകുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ഉറപ്പുനൽകി. രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജി കുരുട്ടുകുളം, ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ് വൈസ് പ്രസിഡന്റ് ജോസ് പോള്‍, കെയര്‍ ആന്‍ഡ് ഷെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന് മരോട്ടിപ്പുഴ, ഡയറക്ടര്‍മാരായ ജോര്‍ജ് സെബാസ്റ്റ്യന്‍, റോബര്‍ട്ട് കുര്യാക്കോസ്, സന്ധ്യയുടെ സഹോദരന് സന്ദീപ് എന്നിവരും കൂടെയുണ്ടായിരുന്നു.
മണ്ണിടിച്ചിലില്‍ സന്ധ്യയുടെ ഭര്‍ത്താവ് ബിജു മരിച്ചിരുന്നു. കാന്‍സര്‍ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മകനും മരിച്ചതിനാല്‍ നഴ്സിംഗ് വിദ്യാര്‍ഥിനിയായ മകള്‍ മാത്രമാണ് സന്ധ്യക്ക് ഇനി തുണ.