കീവ്: യുക്രെയ്ൻ പ്രസിഡന്റ് സെലസൻസ്കിയുടെ വിശ്വസ്തനും ചീഫ് ഓഫ് സ്റ്റാഫുമായ ആന്ദ്രെയ് യെർമാക് അഴിമതിക്കേസുമായി ബന്ധപ്പെട്ട് രാജിവച്ചു. അഴിമതിവിരുദ്ധ ഏജൻസി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ കീവിലെ വസതിയിൽ റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് രാജി.
അണുശക്തി വകുപ്പിന്റെ കരാറുകളിൽ സർക്കാർ ഉദ്യോഗസ്ഥർ വൻതോതിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം ആഴ്ചകളായി യുക്രെയ്നിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നൂറു കോടി ഡോളറിന്റെ അഴിമതി നടന്നെന്ന ആരോപണത്തിൽ യെർമാക്കിനു നേരിട്ടു പങ്കില്ലെങ്കിലും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ചിലർക്കു പങ്കുണ്ട്.
യുക്രെയ്ൻ രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള യെർമാക്കിന്റെ രാജി പ്രസിഡന്റ് സെസലൻസ്കിക്കു വലിയ തിരിച്ചടിയാണ്. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുമായി അടുത്തിടെ നടന്ന ചർച്ചകൾക്ക് നേതൃത്വം നല്കിയത് യെർമാക് ആയിരുന്നു. തുടർ ചർച്ചകൾക്കായി യുഎസ് ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ യുക്രെയ്നും റഷ്യയും സന്ദർശിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി.
യുക്രെയ്ൻ യുദ്ധത്തിലുടനീളം സെലൻസ്കിയുടെ വലംകയ്യായി പ്രവർത്തിച്ച യെർമാർക്കിനെ ലക്ഷ്യമിട്ടായിരുന്നു അഴിമതിവിരുദ്ധ ഏജൻസികളുടെ അന്വേഷണമെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു. അഴിമതിവിരുദ്ധ ഏജൻസികളുടെ അധികാരം വെട്ടാൻ സെലൻസി ശ്രമിച്ചെങ്കിലും വിവാദമായതിനെത്തുടർന്ന് പിൻവാങ്ങിയിരുന്നു.
യെർമാക് രാജിവയ്ക്കുന്ന കാര്യം രാജ്യത്തെ അറിയിച്ചത് സെലൻസ്കിയാണ്. യുക്രെയ്ന് എല്ലാം നഷ്ടപ്പെടാൻ സാധ്യതയുള്ള വേളയിൽ രാജ്യം ഒരുമിച്ചു നിൽക്കണമെന്ന് സെലൻസ്കി അഭ്യർഥിച്ചു.
യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക തയാറാക്കിയ കരാർ റഷ്യക്കു വലിയതോതിൽ ഗുണം ചെയ്യുന്നതാണ്. യുക്രെയ്ൻ റഷ്യക്കു ഭൂമി വിട്ടുകൊടുക്കണമെന്ന നിർദേശം കരാറിലുണ്ട്.