ന്യൂഡൽഹി: ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഇന്നു ഡൽഹിയിലെത്തും. അദ്ദേഹത്തെ വിമാനത്താവളത്തിൽ ആരാണു സ്വീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ഇനിയും വ്യക്തമാക്കിയിട്ടില്ല.
പ്രോട്ടോകോൾ പ്രകാരം കേന്ദ്രമന്ത്രിമാരാണു സ്വീകരിക്കേണ്ടതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിക്കാനാണു സാധ്യത. പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിൽ ലോക് കല്യാണ് മാർഗിലെ ഔദ്യോഗിക വസതിയിൽ പുടിന് ഇന്ന് അത്താഴവിരുന്ന് ഒരുക്കും.
നാളെ രാവിലെ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗിക സ്വീകരണമൊരുക്കും. രാഷ്ട്രപതി ഭവനു പുറത്ത് മൂന്ന് സായുധ സേനയുടെയും ഗാർഡ് ഓഫ് ഓണർ ഉണ്ടാകും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളിലെയും വ്യവസായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നാളെ നടക്കും. ഭാരത് മണ്ഡപത്തിലാണ് ഈ കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്.
വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച തൊഴിലാളികളുടെ കൈമാറ്റത്തിന് ഇന്ത്യയും റഷ്യയും തമ്മിൽ ഉടൻ ധാരണാപത്രം ഒപ്പിടുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനുപുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര- സാന്പത്തിക ബന്ധത്തിന്റെ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രതിരോധ ബന്ധം മെച്ചപ്പെടുത്താനും റഷ്യൻ സൈന്യത്തിൽ ചേർന്നിട്ടുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്.2021ലാണ് അവസാനമായി പുടിൻ ഇന്ത്യയിലെത്തിയത്.