അഹമ്മദാബാദ്: ഒന്നാം ഡിവിഷന് ക്ലബ് ഫുട്ബോള്‍ നിര്‍ജീവം, ദേശീയ സീനിയര്‍ ടീമിന് എഎഫ്സി ഏഷ്യന്‍ കപ്പ് യോഗ്യത നേടാനായില്ല... ഇന്ത്യന്‍ ഫുട്ബോളിന്റെ ഈ ദൈന്യതകള്ക്കിടെ കൗമാരക്കാരുടെ മധുരം. 2026 അണ്ടര്‍ 17 എഎഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യത ഇന്ത്യയുടെ കൗമാരക്കാര്‍ സ്വന്തമാക്കി.
അഹമ്മദാബാദില്‍ നടന്ന യോഗ്യതാ റൗണ്ടില്‍ 2-1ന് ഇറാനെ കീഴടക്കിയാണ് ഇന്ത്യ എഎഫ്സി ഏഷ്യന്‍ കപ്പ് അണ്ടര്‍ 17 ടിക്കറ്റ് കരസ്ഥമാക്കിയത്.
ഗ്രൂപ്പ് ഡിയില്‍ ഇറാന്, ലെബനന്, പലസ്തീന്, ചൈനീസ് തായ്പേയി ടീമുകള്‍ക്കൊപ്പമായിരുന്നു ഇന്ത്യ. ഗ്രൂപ്പിലെ നാലു മത്സരങ്ങളില്‍ രണ്ട് ജയം, ഒരു സമനില, ഒരു തോല്‍വി എന്നിങ്ങനെ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഇന്ത്യ യോഗ്യത സ്വന്തമാക്കിയത്.
ഇറാനും ഏഴ് പോയിന്റ് ഉണ്ടെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ഇന്ത്യക്കു പിന്നിലാണ്.