National
ചെന്നൈ: ചെന്നൈയിൽ മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർഥിയായ ഇയാൾ പാർട്ട് ടൈം ജീവനക്കാരനാണ്.
ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിലാണ് സംഭവം. മുറിയിലെ ഫോൺ നന്നാക്കാൻ എത്തിയപ്പോൾ ആദ്യം സെൽഫി ആവശ്യപ്പെട്ടു. പിന്നാലെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. നടി ബഹളം വച്ചതിനെ തുടർന്നു യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടി.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവാവ് ആരോപണം നിഷേധിച്ചു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം തിരുവായൂരില്‍ യുവതിക്കു നേരെ സദാചാര ആക്രമണം. ഓഫീസില്‍നിന്നു പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ കൊല്ലം സ്വദേശിനിയെയാണ് ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഒൻപതു പേര്‍ക്കെതിരെ പുത്തന്‍കുരിശ് പോലീസ് കേസ് എടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലി കഴിഞ്ഞു നടന്നു വരികയായിരുന്ന യുവതിയെയും ഒപ്പമുള്ള ആണ്‍സുഹൃത്തിനെയും ഒരു സംഘം ആക്രമിച്ചത്. യുവതിയെ മർദിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ആണ്‍സുഹൃത്തിനെയും ക്രൂരമായി മർദിച്ചു. ഇരുവരും ചികിത്സയിലാണ്. അതേസമയം, യുവതിയും സുഹൃത്തും ചേര്‍ന്നു മര്‍ദിച്ചെന്ന പരാതി പ്രതികളും നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നഗരൂർ എസ്ഐയെ ആക്രമിച്ച കേസിൽ സിപിഒയ്ക്ക് സസ്പെൻഷൻ. പള്ളിക്കൽ സ്റ്റേഷനിലെ ചന്തുവിനെതിരെയാണ് നടപടിയെടുത്തത്. വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.
ഗാനമേളയ്ക്കിടെ നാട്ടുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇവരിൽ പള്ളിക്കൽ സ്റ്റേഷനിലെ സിപിഒ ചന്തുവും ഉൾപ്പെട്ടിരുന്നു. തുടർന്ന് നഗരൂർ എസ്ഐ അൻസാറും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രശ്നമുണ്ടാക്കിയവരെ പിരിച്ചുവിട്ടത്.
ഗാനമേളയ്ക്ക് ശേഷം പോലീസുകാർ മടങ്ങിപോകുന്നതിനിടെ ചന്തുവും സഹോദരനും മറ്റ് ചിലരും ചേർന്ന് എസ്ഐയെ മർദിക്കുകയും ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നുതന്നെ ചന്തുവിനെയും സഹോദരനെയും മറ്റുചിലരെയും പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
റൂറൽ ജില്ലാ പോലീസ് മേധാവിയാണ് ചന്തുവിനെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലയേൽപ്പിച്ചിട്ടുണ്ട്.
Kerala
കോട്ടയം: നടൻ കൃഷ്ണപ്രസാദിനും ബിജെപി കൗൺസിലറായ സഹോദരൻ കൃഷ്ണകുമാറിനുമെതിരെ കേസ്.
മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മർദിച്ചെന്ന അയൽവാസിയായ ഡോക്ടറുടെ പരാതിയിൽ ചങ്ങാനാശേരി പോലീസാണ് കേസെടുത്തത്. കോട്ടയം ഭാരത് ആശുപത്രിയിലെ ഡോ. ശ്രീകുമാറിനാണ് മർദനമേറ്റത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഡോക്ടർ ശ്രീകുമാര്‍ പുറത്തു വിട്ടു. അതേസമയം, മർദിച്ചിട്ടില്ലെന്നും നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് നടൻ കൃഷ്ണപ്രസാദിന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് പോലീസ് നോട്ടീസ് നൽകും. ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവയും ആവശ്യപ്പെടും.
തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയിട്ടുണ്ട്. ഐഎഫ്എഫ്കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പി.ടി. കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയത്.
ഇങ്ങിനെയൊരു പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് അക്കാദമി ഉപാധ്യക്ഷയായ കുക്കു പരമേശ്വരൻ നേരത്തെ പറഞ്ഞിരുന്നു. എപ്പോഴാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ആറിന് ഐഎഫ്എഫ്കെ സിനിമാ സെലക്ഷന് വേണ്ടി എത്തിയ പരാതിക്കാരി, അക്കാദമി എടുത്തു നൽകിയ ഹോട്ടലിലാണ് താമസിച്ചത്. അന്ന് മറ്റ് ജൂറി അംഗങ്ങളും ഇതേ ഹോട്ടലിൽ താമസിച്ചിരുന്നു.
സിനിമാ സ്ക്രീനിംഗിന് ശേഷം ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് അക്കാദമിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി പോലീസിന് മോഴി കൊടുത്തു . എന്നിട്ട് അക്കാദമി എന്തുനടപടിയെടുത്തു എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് അക്കാദമിക്ക് പോലീസ് നോട്ടീസ് നൽകിയത്.
Editorial
ഉത്തരേന്ത്യയിലെ ആൾക്കൂട്ട ആക്രമണം കേരളത്തിൽ സർക്കാർ വകുപ്പുകൾ ഏറ്റെടുക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തല്ലിക്കൊല്ലുന്നില്ലെങ്കിലും നിരപരാധികളെ സംശയത്തിന്റെ പേരിൽ ജയിലിലിട്ടു പീഡിപ്പിക്കുന്നത് പതിവായിട്ടുണ്ട്.
വ്യാജ എൽഎസ്ഡി സ്റ്റാന്പ്, കൽക്കണ്ട എംഡിഎംഎ, മ്ലാവ് ഇറച്ചി, പേരൂർക്കട വ്യാജമോഷണം തുടങ്ങിയ കേസുകളിലെല്ലാം ഇരകൾ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു. പക്ഷേ, ആ നിരപരാധികളുടെ ജയിൽവാസത്തിനും സഹിച്ച അപമാനത്തിനും ഉത്തരവാദികൾ ഇല്ല! അക്രമത്തിനുശേഷം ആൾക്കൂട്ടം പിരിഞ്ഞുപോകുന്നതുപോലെ ഉത്തരവാദികൾ രക്ഷപ്പെടുകയാണ്. സർക്കാരും കണ്ണടയ്ക്കുന്നതോടെ സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു.
ഏറ്റവുമൊടുവിൽ നിരപരാധികളെ ജയിലിലടച്ചത്, വന്യജീവി ആക്രമണങ്ങൾ ചെറുക്കുന്നതിൽ പരാജയപ്പെട്ടും കള്ളക്കേസെടുത്തും കർഷകഭൂമിയിൽ അവകാശമുന്നയിച്ചുമൊക്കെ സമാന്തരഭരണം നടത്തുന്ന വനംവകുപ്പാണ്. തൃശൂർ ചാലക്കുടി പേരാന്പ്ര സ്വദേശി ജോബി, മേച്ചിറ സ്വദേശി സുജേഷ് എന്നിവർക്കെതിരേയാണ് കഴിഞ്ഞ സെപ്റ്റംബറിൽ കേസെടുത്തത്.
ഡാൻസാഫ് (മയക്കുമരുന്നു വിരുദ്ധ പ്രത്യേക സേന) ജോബിയുടെ വീട്ടിൽ പരിശോധന നടത്തിയതാണ് തുടക്കം. മയക്കുമരുന്ന് കിട്ടിയില്ലെങ്കിലും ഫ്രിഡ്ജിലിരുന്ന ഇറച്ചി കിട്ടി. ഡാൻസാഫ് അത് വനംവകുപ്പിനെ അറിയിക്കുകയും വനംവകുപ്പ് വീട്ടിലെത്തി ഇറച്ചി മ്ലാവിന്റേതാണെന്നു തീരുമാനിച്ചു കേസെടുക്കുകയും ചെയ്തു. ഇറച്ചി സുജേഷ് തന്നതാണെന്ന് ജോബി പറഞ്ഞെന്നു പറഞ്ഞ് സുജേഷിനെതിരേയും കേസെടുത്തു.
35 ദിവസത്തോളം ഇവർ റിമാൻഡിൽ ജയിലിലായിരുന്നു. തുടർന്ന് കോടതി ജാമ്യം കൊടുത്തു. വീണ്ടും ആറുമാസത്തിനുശേഷം മ്ലാവിറച്ചിയല്ല പോത്തിറച്ചിയാണെന്നു പരിശോധനാഫലം വന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ കേസെടുത്തതെന്നാണു വനംവകുപ്പ് പറയുന്നത്.
യുവാക്കളെ മർദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് അവരുടെ വക്കീൽ ആരോപിച്ചു. കുറ്റാരോപിതർ പറയുന്നതുപോലെ മർദിച്ചു പറയിപ്പിച്ചതാണെങ്കിൽ ആ ഉദ്യോഗസ്ഥർ സർവീസിൽ തുടരരുത്. ജയിലിൽ പോകാനുള്ള ആഗ്രഹംകൊണ്ട് വീട്ടിലിരുന്ന പോത്തിറച്ചി മ്ലാവിന്റേതാണെന്നു സമ്മതിച്ചതാണെങ്കിൽ ജോബിയുടെയും സുജേഷിന്റെയും മാനസികനില പരിശോധിക്കണം.
തങ്ങൾക്കു വീഴ്ച പറ്റിയിട്ടില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞതുകൊണ്ടു കാര്യമില്ല. കോഴിക്കോട്ട് രണ്ടു യുവാക്കൾക്കെതിരേ ചുമത്തിയ വ്യാജ മയക്കുമരുന്നു കേസിൽ തങ്ങൾക്കു വീഴ്ചയില്ലെന്ന് പോലീസ് കണ്ടെത്തിയത് ഉദാഹരണം. കഴിഞ്ഞ നവംബറിലാണ് ഡാൻസാഫ് സംഘം കോഴിക്കോടുനിന്ന് ബിജു മാത്യു, മണികണ്ഠൻ എന്നീ യുവാക്കളെ എംഡിഎംഎ ആണെന്നു പറഞ്ഞു കൽക്കണ്ടവുമായി അറസ്റ്റ് ചെയ്തത്.
പിന്നീട് രാസപരിശോധനയിൽ അതു കൽക്കണ്ടമാണെന്നു തെളിയുകയും ഏപ്രിലിൽ യുവാക്കളെ കോടതി വെറുതെവിടുകയും ചെയ്തു. പക്ഷേ, 151 ദിവസം ജയിലിൽ കിടന്നു. മ്ലാവ് ഇറച്ചിക്കേസിൽ വനംവകുപ്പ് പറഞ്ഞതുപോലെ ഇവിടെയും പോലീസ് പറഞ്ഞത്, പ്രതികൾ കുറ്റം സമ്മതിച്ചെന്നാണ്.
വീട്ടിലേക്കു വാങ്ങിയ കൽക്കണ്ടമാണെന്ന് ആവർത്തിച്ചു പറഞ്ഞതാണെന്നു യുവാക്കളും പറഞ്ഞു. മുഖ്യമന്ത്രിക്കു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് പോലീസിനു വീഴ്ചയില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. കൽക്കണ്ടമാണെന്നു യുവാക്കൾ പറഞ്ഞില്ലത്രേ. അവർ മ്ലാവിറച്ചിയാണെന്നു സമ്മതിച്ചതുപോലെ, ഇവർ കൽക്കണ്ടം എംഡിഎംഎയാണെന്നും സമ്മതിച്ചു! ഉദ്യോഗസ്ഥരൊക്കെ ഇപ്പോഴും സർവീസിലുണ്ട്.
2023 ഫെബ്രുവരിയിലാണു ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി മയക്കുമരുന്നു കേസിൽ അറസ്റ്റിലായത്. മരുമകളുടെ സഹോദരി ലിവിയ ജോസ് എൽഎസ്ഡി സ്റ്റാന്പ് ഷീലയുടെ ബാഗിൽ വച്ച് കുടുക്കുകയായിരുന്നെന്നു പിന്നീട് തെളിഞ്ഞു. ഈ കേസിൽ അറസ്റ്റുണ്ടായി. തന്നെ കുടുക്കിയതിൽ പങ്കുണ്ടെന്ന് ഷീല ആരോപിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും ലിവിയ അറസ്റ്റിലായി.
കഴിഞ്ഞ മാസമാണ് തിരുവനന്തപുരം പേരൂർക്കടയിൽ മാല മോഷ്ടിച്ചെന്നു പറഞ്ഞ് ബിന്ദു എന്ന ദളിത് യുവതിയെ കുടിവെള്ളംപോലും കൊടുക്കാതെ 20 മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ നിർത്തിയത്. ഒടുവിൽ പരാതിക്കാരിയുടെ, അതായത് യുവതി ജോലിക്കുനിന്ന, വീട്ടിൽനിന്നുതന്നെ മാല കണ്ടെടുത്തു. എന്നിട്ടും ബിന്ദുവിനെതിരേ എടുത്ത എഫ്ഐആർ റദ്ദാക്കാതിരുന്നതും വിവാദമായി. രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു; അത്രതന്നെ. പാവങ്ങൾക്കും നിരപരാധികൾക്കും ഭീഷണിയായി ഇത്തരക്കാർ നാളെയും സർവീസിൽ ഉണ്ടായിരിക്കും എന്നതാണു ചരിത്രം.
ഇഡി റെയ്ഡുകളിൽ മാത്രമല്ല ഭരണകൂട ഭീകരത. സംസ്ഥാന വകുപ്പുകളുടെ ഇത്തരം ഉദ്യോഗസ്ഥക്കൂട്ട ആക്രമണങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതും ഭരണകൂട ഭീകരതയാണ്. സംശയമുണ്ടെങ്കിൽ ഇത്തരം സംഭവങ്ങൾക്കു മുന്‍പും ശേഷവും മേൽപ്പറഞ്ഞ ഇരകളുടെ വ്യക്തിജീവിതവും അവരുടെ കുടുംബങ്ങളിലെ അവസ്ഥയും എന്താണെന്ന് അന്വേഷിച്ചാൽ മതി.
ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം ചില അപരാധികൾ അട്ടിമറിക്കുന്നത് നീതിന്യായ സംവിധാനങ്ങളെങ്കിലും തിരിച്ചറിയണം. ‘അകത്താക്കുന്നവർ’ പുറത്തിങ്ങനെ വിലസരുത്.