കഞ്ചിക്കോട്: പാലക്കാട് ഐഐടി ക്യാമ്പസിനുള്ളിൽ തിങ്കളാഴ്ച രാത്രി തമിഴ്നാട് സേലം സ്വദേശിയായ 21-കാരിക്ക് നേരെ ക്രൂരമായ ആക്രമണം. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ക്യാമ്പസിൽ വൻ പ്രക്ഷോഭം നടത്തി. തിങ്കളാഴ്ച രാത്രി 7.45-ഓടെയാണ് സംഭവം. കഞ്ചിക്കോട് ക്യാമ്പസിലെ എപിജെ ബ്ലോക്കിൽ നിന്ന് ഹോസ്റ്റലിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥിനിയെ അലുമ്നി പാർക്കിന് സമീപം ഒരാൾ ആക്രമിക്കുകയായിരുന്നു.
മരത്തടി കൊണ്ട് തലയ്ക്കടിയേറ്റ വിദ്യാർഥിനിക്ക് നെറ്റിയിൽ ഗുരുതരമായി പരിക്കേറ്റു. നിലവിളി കേട്ടെത്തിയ മറ്റ് വിദ്യാർഥികളാണ് പെൺകുട്ടിയെ ആദ്യം പാലക്കാട്ടെ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.
പെൺകുട്ടി നിലവിൽ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില അപകടനില തരണം ചെയ്തതായി ഐഐടി അധികൃതർ അറിയിച്ചു. കാമ്പസിനുള്ളിലെ സുരക്ഷാ വീഴ്ച ആരോപിച്ച് തിങ്കളാഴ്ച അർദ്ധരാത്രിയോടെ നൂറുകണക്കിന് വിദ്യാർഥികൾ ഐഐടിയുടെ മെയിൻ ഗേറ്റിൽ ഒത്തുകൂടി പ്രതിഷേധിച്ചു. ഐഐടി ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് കാമ്പസിലെ സുരക്ഷ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Tags : IIT Palakkad campus Assault