അസീസി: ലെയോ പതിനാലാമൻ മാർപാപ്പ അസീസി നഗരം സന്ദർശിച്ചു. ഇന്നലെ രാവിലെ പ്രാദേശികസമയം 8.30ന് വത്തിക്കാനിൽനിന്ന് ഹെലികോപ്റ്ററിൽ എത്തിയ മാർപാപ്പ, കാർമാർഗം അസീസി നഗരത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടം സ്ഥിതിചെയ്യുന്ന സെന്റ് ഫ്രാൻസിസ് അസീസി ബസിലിക്കയിലെത്തി.
ബസിലിക്കയിൽ വിശുദ്ധന്റെ കബറിടത്തിനുമുന്നിൽ പ്രാർഥന നടത്തിയ മാർപാപ്പ ഹ്രസ്വ സന്ദേശം നൽകി. ഈ പുണ്യസ്ഥലത്തേക്കു വരാനായത് അനുഗ്രഹമാണെന്നു പറഞ്ഞ മാർപാപ്പ, വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം ചരമവാർഷികം നമ്മൾ ആചരിക്കാനിരിക്കെ ലോകം പ്രതീക്ഷയുടെ അടയാളങ്ങൾക്കായി തിരയുന്ന ഈ സമയത്ത് മഹാനും എളിമയുള്ളവനും ദരിദ്രനുമായ ഈ വിശുദ്ധനെ ഓർമിക്കാൻ നമുക്ക് അവസരം ലഭിക്കുകയാണെന്നും പറഞ്ഞു. തുടർന്ന് ഇറ്റാലിയൻ ബിഷപ്സ് കോൺഫറൻസിനെ അഭിസംബോധന ചെയ്തശേഷമാണു മാർപാപ്പ മടങ്ങിയത്.
വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടം 2026 ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 22 വരെ അസീസി ബസിലിക്കയില്‍ പൊതുവണക്കത്തിനായി വയ്ക്കും. വിശുദ്ധന്റെ മരണത്തിന്റെ 800-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് എട്ട് നൂറ്റാണ്ടുകള്‍ക്കുശേഷം ആദ്യമായി ഭൗതികാവശിഷ്ടങ്ങളുടെ പൊതുവണക്കം നടക്കുന്നത്.
ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നുമായി ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന തിരുശേഷിപ്പ് വണക്കത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.