തലശേരി: ജോത്സ്യനെ മുറിയില്‍ അതിക്രമിച്ച് കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. പിണറായി പാറപ്രം കോളാട്ടെ ശിവാലയത്തില്‍ കുഞ്ഞിരാമന് ഗുരുക്കളെ (72) ജോത്സ്യരുടെ പ്രവചന മുറിയിൽവച്ച് കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ എരഞ്ഞോളി കൂളിബാറിലെ കേളോത്ത് സി.കെ. റമീസിനെയാണ് (48) തലശേരി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജി ഫിലിപ്പ് തോമസ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസംകൂടി തടവ് അനുഭവിക്കണം.
2012 ഫെബ്രുവരി നാലിന് വൈകുന്നേരമാണ് കേസിനാധാരമായ സംഭവം. ജോത്സ്യനെ കാണാനെ ത്തിയ പ്രതി മുറി തുറന്ന് അകത്തുകടന്ന് കുത്തുകയായിരുന്നു. ജോത്സ്യന്റെ നിലവിളി കേട്ട് ഓടിയെത്തിയ മകനും മറ്റും ചേര്‍ന്ന് തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സക്കിടയില്‍ ഫെബ്രുവരി 26ന് മരിച്ചു. പൂര്വവിരോധമാണ് കൊലയ്ക്ക് കാരണമായി ആരോപിക്കുന്നത്.
മരിച്ച കുഞ്ഞിരാമന്റെ മകന് നല്കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. പ്രോസിക്യൂഷന് വേണ്ടി അഡീ.ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ ഇ. ജയറാംദാസ് ഹാജരായി.